ബോണ്‍ നതാലെ ഗിന്നസ് ബുക്കില്‍

bourn1

തൃശൂര്‍: 18,112 ക്രിസ്മസ് പാപ്പമാരുമായി ശക്തന്‍ തമ്പുരാന്‍ മൈതാനം ഗിന്നസ്ബുക്കില്‍ ഇടം നേടി. 2007-ല്‍ ഗില്‍ഡ്ഹാള്‍ സ്ക്വയറില്‍ 13,000 പാപ്പമാര്‍ അണിനിരന്ന ആഘോഷമായിരുന്നു ഇതുവരെയുള്ള ഗിന്നസ് റെക്കോര്‍ഡ്.

തൃശൂര്‍ അതിരൂപതയും പൗരാവലിയും ചേര്‍ന്നാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബോണ്‍ നത്താലെ ക്രിസ്മസ് ഘോഷയാത്ര സംഘടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം 5000 ക്രിസ്മസ് പാപ്പമാരെ പങ്കെടുപ്പിച്ചായിരുന്നു ക്രിസ്മസ് ഘോഷയാത്ര.

മുഖം മറയ്ക്കാത്ത വെളുത്ത താടിയും തൊപ്പിയും കറുത്ത ബെല്‍റ്റും ബൂട്ട് കവറും വെള്ളക്കരയുള്ള ചുവന്ന പാന്‍റ്സും ജാക്കറ്റുമായിരുന്നു പാപ്പമാരുടെ വേഷം. ഗിന്നസ് റെക്കോഡ് അധികൃതരുടെ സാന്നിധ്യത്തില്‍ ബാര്‍കോഡ് പരിശോധനയും എണ്ണലും നടത്തിയ ശേഷമാണ് ഘോഷയാത്ര തുടങ്ങിയത്.

ശനിയാഴ്ച വൈകീട്ട് 3.30ഓടെ ക്രിസ്മസ് പാപ്പമാര്‍ ശക്തന്‍ നഗറില്‍ പ്രവേശിച്ചു. തുടര്‍ന്ന് ആദ്യഘട്ടത്തിലുള്ള എണ്ണല്‍ പൂര്‍ത്തിയാക്കി. നാലരയോടെ എല്ലാവരും മൈതാനിയില്‍ പ്രവേശിച്ചെന്ന് ഉറപ്പു വരുത്തിയതോടെ അഞ്ച് മിനിറ്റ് നേരം ഇവര്‍ ഒരുമിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഒളിമ്പ്യന്‍ ലിജോ ഡേവീസ് തോട്ടാനും ലിന്‍സി ഫിലിപ്പും ചേര്‍ന്ന് സമയം വിലയിരുത്തി. അഞ്ച് മിനിറ്റിന് ശേഷം ഗിന്നസ് ബുക്ക് റെക്കോഡ് പ്രതിനിധി ലൂസിയ ബോണ്‍ നത്താലെ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനം പിടിച്ചതായി പ്രഖ്യാപിച്ചു. അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മേയര്‍ രാജന്‍ ജെ.പല്ലന്‍, കലക്ടര്‍ എം.എസ്.ജയ എന്നിവര്‍ ചേര്‍ന്ന് ഗിന്നസ് റെക്കോഡ് സാക്ഷ്യപത്രം ഏറ്റുവാങ്ങി.

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, മേയര്‍ രാജന്‍ പല്ലന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ സമാധാന സന്ദേശവുമായി പ്രാവുകളെ പറത്തി. ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. റോമിലെ പൊന്തിഫിക്കല്‍ ലാറ്ററല്‍ സര്‍വകലാശാല മേജര്‍ റെക്ടര്‍ ആര്‍ച് ബിഷപ് എന്‍റികോ ഡാല്‍ കൊവാളോ, സ്വാമി ശിവാനന്ദ സ്വരൂപ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് 25,000ലേറെ പാപ്പമാര്‍ അണിനിരന്ന ബോണ്‍ നത്താലെ ഘോഷയാത്ര ആരംഭിച്ചു.

കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷ് തയാറാക്കിയ 20 ഫ്ലോട്ടുകള്‍ക്ക് പിന്നില്‍ സാന്താക്ലോസുകള്‍ അണിനിരന്നു. ഘോഷയാത്രക്കുശേഷം പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment