Flash News

ഉത്തരേന്ത്യയില്‍ ശൈത്യം രൂക്ഷം; ഡല്‍ഹിയില്‍ നിരവധി വിമാന സര്‍‌വ്വീസുകള്‍ റദ്ദാക്കി

December 28, 2014 , സ്വന്തം ലേഖകന്‍

north-India-Cന്യൂഡല്‍ഹി (ഡിസംബര്‍ 29) : കൊടുംതണുപ്പില്‍ വിറയ്ക്കുകയാണ് ഉത്തരേന്ത്യ. ഡല്‍ഹിയില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായിരുന്നു ഇന്നലെ രാവിലെ- 2.6 ഡിഗ്രി സെല്‍ഷ്യസ്. പരമാവധി ഉയര്‍ന്നത് 19.2 ഡിഗ്രി സെല്‍ഷ്യസ് വരെ. കടുത്ത മൂടല്‍ മഞ്ഞില്‍ റോഡ്, റെയ്ല്‍, വിമാന ഗതാഗതം തടസപ്പെട്ടു. ഡല്‍ഹി വിമാനത്താവളത്തില്‍ 55 ഫ്ളൈറ്റുകള്‍ വൈകി. മൂന്ന് അന്താരാഷ്ട്ര ഫ്ളൈറ്റുകള്‍ വഴിതിരിച്ചുവിട്ടു. ഈ മേഖലയിലെ എണ്‍പതോളം ട്രെയ്നുകള്‍ വൈകിയോടുന്നു. നാലു ട്രെയ്നുകള്‍ റദ്ദാക്കി.

അടുത്ത കാലത്തൊന്നും ഇത്രയും തണുപ്പ് ഉണ്ടായിട്ടില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. എന്നാല്‍, അഞ്ചു വര്‍ഷത്തിനിടയിലെ കണക്കേ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്നുള്ളൂ. 1945 ഡിസംബര്‍ 26ന് രേഖപ്പെടുത്തിയ 1.1 ആണ് ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില. ഝാര്‍ഖണ്ഡില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കു പോകാനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ന്യൂഡല്‍ഹിയിലെ കടുത്ത മൂടല്‍ മഞ്ഞു മൂലം യാത്ര ഒഴിവാക്കി.

ജമ്മു കശ്മീരില്‍ അതിശൈത്യം തുടരുകയാണ്. ശ്രീനഗറില്‍ ഇന്നലെ 4.7 രേഖപ്പെടുത്തി. ലേയില്‍ സീസണിലെ ഏറ്റവും തണുപ്പുള്ള രാത്രിയായിരുന്നു കഴിഞ്ഞ ദിവസം- മൈനസ് 17 ഡിഗ്രി സെല്‍ഷ്യസ്. അതിനു മുന്‍ ദിവസം മൈനസ് 16.4 ആയിരുന്നു. കാര്‍ഗിലില്‍ മൈനസ് 15.2. കഴിഞ്ഞ ദിവസം രാത്രി ശ്രീനഗറില്‍ മൈനസ് 5.6 ഡിഗ്രി സെല്‍ഷ്യസ് വന്നിരുന്നു. ദാല്‍ തടാകത്തില്‍ അടക്കം വെള്ളം തണുത്തുറഞ്ഞു.

പഞ്ചാബിലും ഹരിയാനയിലും കൊടുംതണുപ്പാണ്. ചണ്ഡിഗഡില്‍ കഴിഞ്ഞദിവസം രാത്രിയിലെ താപനില 2.3. ഹരിയാനയിലെ ഹിസാറില്‍ 3.1. അംബാലയില്‍ 3.5. പഞ്ചാബിലെ അമൃത്സറിലും ലൂധിയാനയിലും പട്യാലയിലും യഥാക്രമം 3.6, 3.7, 3.6 ഡിഗ്രി സെല്‍ഷ്യസ് വീതം. ഉത്തര്‍പ്രദേശിലെ വാരാണസി, ഗൊരഖ്പുര്‍, അലഹാബാദ്, കാണ്‍പുര്‍, ബറേലി, മൊറാദാബാദ്, ആഗ്ര, ഫൈസാബാദ്, ലക്നൗ, ഝാന്‍സി മേഖലകളില്‍ താപനില തീരെ കുറഞ്ഞു. മധുരയില്‍ മിനിമം താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ തണുപ്പുള്ളത് ചുര്‍ക്കില്‍- 0.5 ഡിഗ്രി സെല്‍ഷ്യസ്. രാജസ്ഥാനിലെ ചുരുവില്‍ 1.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ശ്രീഗംഗനഗറില്‍ 2.4. പിലാനിയില്‍ 4.3. ദാബോക്കില്‍ 4.4. ജയ്പുരില്‍ 6.5.

നെടുമ്പാശേരിയിലും വിമാനം വൈകി
നെടുമ്പാശ്ശേരി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞും അതിശൈത്യവും മൂലം, നെടുമ്പാശ്ശേരിയിലെത്തി സര്‍വീസ് നടത്തേണ്ട ആദ്യ വിമാനസര്‍വീസുകള്‍ വൈകി. യാത്രക്കാരും സ്വീകരിക്കാനെത്തിയവരും യാത്ര അയയ്ക്കാന്‍ എത്തിയവരും വലഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് ആറ് വിമാനങ്ങളാണ് വൈകിയത്. ഇന്നലെ രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലെത്തേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിട്ട് 3.45നാണ് എത്തിയത്. ഈ വിമാനം രാവിലെ 10.20ന് ഷാര്‍ജയ്ക്ക് സര്‍വീസ് നടത്തേണ്ടതായിരുന്നു. ഷാര്‍ജ സര്‍വീസ് വൈകിയത് വിമാനത്താവളത്തില്‍ യാത്രക്കാരെ പ്രകോപിതരാക്കി. പിന്നീട് എയര്‍ ഇന്ത്യ വിമാനം എട്ടര മണിക്കൂറോളം വൈകി 5.15ന് ഷാര്‍ജയിലേക്ക് പറന്നു.

ഉച്ചയ്ക്ക് 12.15 ന് നെടുമ്പാശ്ശേരിയിലെത്തേണ്ട ഇന്‍ഡിഗോയുടെ ഡല്‍ഹി-ഹൈദരാബാദ്-കൊച്ചി വിമാനം വൈകിട്ട് അഞ്ചിനും, ഉച്ചയ്ക്ക് 1.30ന് എത്തേണ്ട സ്പൈസ് ജെറ്റിന്‍റെ ഡല്‍ഹി-പൂനെ-കൊച്ചി വിമാനം വൈകിട്ട് 5.30നും, വൈകിട്ട് 3.30ന് വരേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ഡല്‍ഹി-മുംബൈ-കൊച്ചി വിമാനം 6.30നും, നാലിന് എത്തേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ഡല്‍ഹി-കൊച്ചി വിമാനം ആറിനും വൈകിട്ട് അഞ്ചിന് എത്തേണ്ട എയര്‍ ഇന്ത്യയുടെ ഡല്‍ഹി- കൊച്ചി വിമാനം രാത്രി 8.30നുമാണ് എത്തിയത്. ഈ വിമാനങ്ങളുടെ തുടര്‍ സര്‍വീസുകളും വൈകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top