കേരളത്തിലെ 1.77 കോടി ഗുണഭോക്താക്കള്‍ റേഷന്‍ ആനുകൂല്യത്തില്‍ നിന്ന് പുറത്താകും

03096_466644തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുമ്പോള്‍ റേഷന്‍ ആനുകൂല്യം ഇപ്പോള്‍ ലഭിച്ചുവരുന്ന കേരളത്തിലെ 1.77 കോടി ഗുണഭോക്താക്കള്‍ പുറത്താകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. നിലവിലുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം നിലനിര്‍ത്തണമെങ്കില്‍ അതിനാവശ്യമായിവരുന്ന ബാധ്യത സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ 1.54 കോടി ആളുകള്‍ക്കാണ് ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് കീഴില്‍ മൂന്നുരൂപക്ക് അരിയും രണ്ടുരൂപക്ക് ഗോതമ്പും ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഇതനുസരിച്ച് നഗരമേഖലയിലെ 39.5 ശതമാനം പേരും ഗ്രാമീണമേഖലയിലെ 52.63 ശതമാനം പേരും പദ്ധതിക്ക് കീഴില്‍ വരും. ശേഷിക്കുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്‍കാന്‍ കേന്ദ്രം തയാറാണ്. എന്നാല്‍, അതിന്‍െറ ബാധ്യത സംസ്ഥാനം ഏറ്റെടുക്കണം. പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 11 സംസ്ഥാനങ്ങളില്‍ ഇതിനകം നടപ്പാക്കി. ഏപ്രിലോടെ എല്ലാ സംസ്ഥാനങ്ങളെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും.

വിഴിഞ്ഞം, കൊല്ലം, കോഴിക്കോട്, അഴീക്കല്‍ തുറമുഖങ്ങള്‍ വഴിയും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന കാര്യം പരിഗണനയിലാണെന്ന് എഫ്.സി.ഐ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചക്കുശേഷം പാസ്വാന്‍ അറിയിച്ചു. തീവണ്ടിമാര്‍ഗം എത്തിക്കുന്നത് എഫ്.സി.ഐക്ക് കടുത്ത സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതിനാലാണ് കപ്പല്‍മാര്‍ഗത്തിന്‍െറ സാധ്യത ആരായുന്നത്. ധാന്യങ്ങള്‍ എത്തിച്ചാല്‍ ഒമ്പത് മണിക്കൂറിനകം ഇറക്കണമെന്നാണ് റെയില്‍വേയുമായുള്ള കരാര്‍. തൊഴിലാളിപ്രശ്നം കാരണം ഇത് പാലിക്കാനാകാതെ വരുമ്പോള്‍ കോര്‍പറേഷന്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുന്നു.

മലപ്പുറം അങ്ങാടിപ്പുറത്തും പാണക്കാടിനടുത്ത് ഊരകത്തും പുതിയ സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതോടെ കേരളത്തില്‍ നാലുമാസത്തേക്ക് പൊതുവിതരണത്തിന് ആവശ്യമായ ധാന്യം ശേഖരിക്കാനാകും. ഗോഡൗണുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ ചരക്ക് നീക്കം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നും മന്ത്രി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment