ഐഡഹോ: 4 കുട്ടികളുമായി 29 വയസ്സുള്ള മാതാവ് ഡിസംബര്‍ 30 ചൊവ്വാഴ്ച രാവിലെ ഐഡഹോ വാള്‍മാര്‍ട്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. ഷോപ്പിംഗ് കാര്‍ട്ടില്‍ ഇരുന്നിരുന്ന കുട്ടി അവിടെ വെച്ചിരുന്ന അമ്മയുടെ ബാഗ് തുറന്നു. കയ്യില്‍ കിട്ടിയത് തോക്കായിരുന്നു. തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബന്ധത്തില്‍ തോക്കില്‍ നിന്നും പാഞ്ഞ വെടിയുണ്ട മാതാവിന്റെ ജീവന് അപഹരിച്ചു.
കൗണ്ടി ഷെറിഫ് ഓഫീസില്‍ നിന്നും പുറത്തിറക്കിയ പ്രസ്താവനയില്‍ 29-കാരിയായ മാതാവിന് കണ്‍സീല്‍ഡ് ഗണ്‍ സൂക്ഷിക്കുന്നതിനുള്ള ലൈസെന്‍സ് ഉണ്ടായിരുന്നതായി പറയുന്നു. വാള്‍മാര്‍ട്ടിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തില്‍ വെച്ചായിരുന്നു സംഭവം.
വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഇതിനെ ഒരു ആക്സിഡന്റായിട്ടാണ് കണക്കാക്കുന്നത്. മരിച്ച സ്ത്രീയും കുട്ടികളും ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. മരിച്ച സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
ഇതിനു സമാനമായ ഒരു സംഭവം കഴിഞ്ഞ മാസം ഒക്കലഹോമയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൊച്ചുകുട്ടിയുടെ വസ്ത്രം മാറ്റുന്നതിനിടെ 3 വയസ്സുള്ള കുട്ടി മാതാവിന്റെ ബാഗില്‍ നിന്നും തോക്കെടുത്ത് കളിക്കുകയും അബന്ധത്തില്‍ വെടി പൊട്ടി മാതാവ് മരിക്കുകയും ചെയ്തിരുന്നു.