Flash News

ജീവിക്കുന്നവരെ ചിന്തിക്കൂ, ഇതാണാ നിമിഷം… (ഒരു പുതുവത്സര സന്ദേശം)

December 31, 2014 , സുധീര്‍ പണിക്കവീട്ടില്‍

puthuvalsaraഎന്നാണു്‌ പുതുവര്‍ഷം എന്ന സംശയം ആര്‍ക്കുമില്ല. എന്നാല്‍ ഇന്നത്തെപോലെ വര്‍ഷാരംഭം ജനുവരി ഒന്നിനു ആരംഭിക്കുന്നതിനുമുമ്പ്‌ അതാഘോഷിച്ചിരുന്നത്‌ മാര്‍ച്ച് ഒന്നിനായിരുന്നു. അന്നു ഒരു വര്‍ഷത്തിനു പത്ത്‌ മാസങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. അതനുസരിച്ചായിരുന്നു മാസങ്ങളുടെ പേരുകള്‍. ഏഴാമതായി വന്ന മാസത്തിനു അവര്‍ സെപ്‌റ്റെംബര്‍ എന്ന്‌വിളിച്ചു. ( സെപ്‌റ്റെം ലാറ്റിന്‍ ഭാഷയില്‍ ഏഴ്‌, അതേപോലെ ഓക്‌റ്റോബര്‍ (ഒക്‌റ്റൊ = 8, നൊവെം =9, ഡിസെം =10) ആദ്യമായി പുതുവത്സരം ആഘോഷിച്ചത്‌ കൃസ്തുവിനു മുമ്പ്‌ രണ്ടായിരത്തിലാണെന്നു രേഖപ്പെപ്പെടുത്തിയിരിക്കുന്നു. ചില രേഖകളില്‍ കൃസ്തുവിനു നാലായിരം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, ദിനരാത്രങ്ങള്‍ തുല്യമായി വരുന്നദിവസം പുതുവര്‍ഷമായി ബാബിലോണിയക്കാര്‍ ആഘോഷിച്ചതായി കാണുന്നുണ്ട്‌. കൃസ്തുവിനു 700 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ റോമിലെ രാജാവാണു്‌ (Numa Pontilius) വര്‍ഷത്തെ പന്ത്രണ്ട്‌ മാസങ്ങളായി തിരിച്ചത്. അദ്ദേഹം ജനുവരിയും ഫെബ്രുവരിയും കൂട്ടിച്ചേര്‍ക്കുകയും ജനുവരി ആദ്യത്തെ മാസമായി കരുതുകയും ചെയ്തു. മുന്നോട്ടും പുറകോട്ടും മുഖങ്ങളുള്ള ജാനസ്‌ എന്ന റോമാക്കാരുടെ ദൈവത്തിനോടുള്ള ആദരസൂചനയായിട്ടായിരുന്നു ആദ്യത്തെ മാസത്തിനു ജനുവരി എന്ന പേരുനല്‍കിയത്‌. അദ്ദേഹമാണു്‌ വര്‍ഷത്തെ പന്ത്രണ്ട്‌ മാസങ്ങളായി തിരിച്ചത്. അദ്ദേഹം ജനുവരിയും ഫെബ്രുവരിയും കൂട്ടിച്ചേര്‍ത്തു. ജനുവരിയെ ആദ്യത്തെ മാസമായി തീരുമാനിച്ചത് ജൂലിയ്‌സ്‌ സീസറാണു്‌. ജനുവരി ഒന്നിനുള്ള ആഘോഷം മദ്ധ്യകാലഘട്ടത്തില്‍ ജനങ്ങള്‍ ഒഴിവാക്കിയിരുന്നു. അത്‌ അന്യദൈവങ്ങളില്‍ വിശ്വസിക്കുന്ന അവിശ്വാസികളുടെ ആഘോഷമായി അവര്‍ കണക്കാക്കി.

പുതുവര്‍ഷം ലോകത്തിന്റെ നാനാഭഗത്തും ജനുവരി ഒന്നിനു ആഘോഷിക്കുന്നെങ്കിലും പല രാജ്യക്കാര്‍ക്കും അവരുടേതായ നവവത്സര ദിനങ്ങള്‍ ഉണ്ട്‌. ഈജ്‌പ്‌റ്റുകാര്‍ സീരയസ്‌ (Sirius)എന്ന നക്ഷത്രത്തിന്റെ ഉദയം നോക്കി അവരുടെ പുതുവര്‍ഷം നിശ്ചയിച്ചു. നൈല്‍ നദി വെള്ളപ്പൊക്കം കൊണ്ട്‌ നിറയുന്ന സമയവും നവവത്സരാരംഭമായി ഈജിപ്‌റ്റ്‌കാര്‍ കരുതിയിരുന്നു. പുരാതന ഗ്രീക്കുകാര്‍ സീരിയസ്‌ എന്ന നക്ഷത്ര ദര്‍ശനം വരാന്‍ പോകുന്ന ചൂടും വരള്‍ച്ചയുമുള്ള ദിവസങ്ങളുടെ സൂചനയാണെന്ന്‌ ധരിച്ചിരുന്നു. സസ്യലതാദികളെ അതിന്റെ ചൂട്‌ വാട്ടുമെന്നും, പുരുഷന്മാരെ ബലഹീനരാക്കുമെന്നും സ്ത്രീകളെ ഉത്തേജിപ്പിക്കുമെന്നും അവര്‍ ഭയപ്പെട്ടിരുന്നു. ഭാരതം സൂര്യന്റെ അയനങ്ങളെ ആസ്‌പ്‌ദമാക്കി പുതുവര്‍ഷാരംഭം കുറിച്ചു. കേരളത്തിലെ വിഷു ദിവസം വര്‍ഷാരംഭമായി കണക്കാക്കുന്നു. അതേസമയം മലയാള പഞ്ചാംഗപ്രകാരം ചിങ്ങമാസം വര്‍ഷത്തിലെ ആദ്യ മാസമായി കരുതുന്നു. ഗുജറാത്തില്‍ ദീപാവലി (അശ്വനിമാസത്തില്‍ – ഒക്‌റ്റോബര്‍) ആഘോഷങ്ങള്‍ക്കൊപ്പം അവരുടെ പുതുവര്‍ഷം കൊണ്ടാടുന്നു. നനാത്വത്തില്‍ ഏകത്വമുള്ള ഭാരതത്തില്‍ ഓരോ ഭാഷ സംസാരിക്കുന്നവര്‍ക്കും അവരുടേതായപുതുവര്‍ഷ ദിനങ്ങള്‍.

പുതുവര്‍ഷപുലരിക്ക്‌ മറ്റ്‌ ദിവസങ്ങളേക്കാള്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന്‌ പ്രത്യക്ഷത്തില്‍ കാണുന്നില്ലെങ്കിലും ജ്യോതിശാസ്ത്രം അതിനെ ഗണിച്ച് കണക്കാക്കുന്നു. പുലരാന്‍ പോകുന്ന വര്‍ഷം മനുഷ്യരാശിക്ക്‌ എങ്ങനെയായിരിക്കുമെന്ന്‌ നക്ഷത്രങ്ങളുടെ നില നോക്കി ആ വിഷയത്തില്‍ അറിവുള്ളവര്‍ പ്രവചിക്കുന്നു. ഒരു ദിവസത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍ അതിന്റെ സ്വാധീനം മനുഷ്യരില്‍ ഉണ്ടാകും. അതുകൊണ്ടാണു പലരും ഈ വര്‍ഷം മുതല്‍ ഞാന്‍ ഒരു പുതിയ മനുഷ്യനാകും, എന്തെങ്കിലും തിന്മയുണ്ടെങ്കില്‍ അതിനെ ഒഴിവാക്കി നന്മയുടെ വശം ചേരുമെന്നൊക്കെ തീരുമാനങ്ങള്‍ എടുക്കുന്നത്‌. ഒരാളുടെ ജീവിതത്തില്‍ അങ്ങനെ അനവധി പുതുവര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ അവര്‍ക്ക്‌ ജീവിതത്തെ ശുദ്ധീകരിച്ച് എടുക്കാം.

ജീവിതത്തിലെ ഓരോ നിമിഷവും, ഓരോ ദിവസവും, ഓരോ വര്‍ഷവും ഒരു പരിധിവരെ നമുക്ക്‌ നിയന്ത്രിക്കാവുന്നതാണു്‌. എബ്രാഹം ലിങ്കണ്‍ പറഞ്ഞു: ഭാവിയുടെ ഗുണം അത്‌ ഓരോ ദിവസമായിവരുന്നുവെന്നാണു്‌. ശരിയാണു എല്ലാവരും ഭയപ്പെടുന്ന ഭാവി ഒരു ദിവസം മല പോലെ നമ്മുടെ മേല്‍മറിഞ്ഞ്‌ വീഴുന്നില്ല. ഓരോ ദിവസമായി വരുന്നു.നാം അതിനൊരുങ്ങാതിരിക്കുമ്പോള്‍, അതെപ്പറ്റി അറിയാതിരിക്കുമ്പോള്‍ ആണ് ഒരുദിവസം നമ്മെ അമ്പരിപ്പിച്ചുകൊണ്ട്‌ ഭാവി പ്രത്യക്ഷപ്പെടുന്നത്‌. അതുകൊണ്ട്‌ ഇതേപോലെ പുതുവര്‍ഷങ്ങള്‍ വരുമ്പോള്‍, പോകുമ്പോള്‍ നമ്മുടെ ജീവിതത്തെപ്പറ്റി നമുക്ക്‌ കൂടുതല്‍ ബോധവാന്മാരാകാം. ചിലര്‍ക്കൊക്കെ നാളെ വളരെ അടുത്തു എന്നു മനസ്സിലാക്കാം. ചിലര്‍ക്ക്‌ അതിനു ദൂരമുണ്ടെന്ന്‌ മനസ്സിലാക്കാം. അതനുസരിച്ച് അവരുടെ സഞ്ചാരവേഗത കൂട്ടാം. അപ്പോള്‍ നമ്മള്‍ കാലത്തിനു പിന്നിലാകുന്നില്ല. കാലത്തിനു പിന്നിലാകുന്നതത്രെ ഏറ്റവും ദുസ്സഹമായ അവസ്‌ഥ. ഒരു വര്‍ഷം നമുക്ക്‌ നഷ്‌ടപ്പെട്ടു, ഒരു പുതുവര്‍ഷം കിട്ടി. അതിനെ പൂര്‍ണ്ണമായി വിനിയോഗിക്കുക. ഒരു ഹിന്ദി സിനിമയിലെ ഗാനം ഓര്‍മ്മ വരുന്നു. അതില്‍ പറയുന്നു, ഇന്നലെ എന്തായിരുന്നു എന്ന്‌ നിനക്കറിയില്ല, നാളെ എന്താണെന്നും അറിയില്ല. എന്തെങ്കിലും അറിയുന്നുണ്ടെങ്കില്‍ അത്‌ ഈ നിമിഷമാണു്‌. ജീവിച്ചിരിക്കുന്നവരെ ചിന്തിക്കൂ, ഇതാണാ നിമിഷം. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുക. അതായത് നിങ്ങള്‍ക്ക്‌ അറിയുന്ന ഈ നിമിഷം അതിനെ തിരിച്ചറിഞ്ഞ്‌ അത്‌ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കുക. ഭൂതകാലം ഒരുപക്ഷെ നിറച്ച് തന്ന വിഷാദത്തിന്റെ പാനപാത്രം കമഴ്‌ത്തികളഞ്ഞ്‌, ഭാവി പ്രലോഭിപ്പിച്ചുകൊണ്ട് നീട്ടുന്ന മായാചഷകം എത്തിപിടിക്കാതെ, സ്വന്തം കൈകുമ്പിളിലെ പാനപാത്രം ആസ്വദിക്കുക.

Aage Bhi Jaane Na Tu, Peechhe Bhi Jaane Na Tu
Jo Bhi Hai, Bas Yahi Ek Pal Hai
Aage Bhi Jaane Na Tu

Anjaane Saayo Ka Raaho Mein Dera Hai
Andekhi Baaho Ne Ham Sabko Ghera Hai
Ye Pal Ujaala Hai Baaqi Andhera Hai
Ye Pal Gawaana Na Ye Pal Hi Tera Hai
Jeene Waale Soch Le Yahi Waqt Hai Kar Le Puri Aarzoo
Aage Bhi …

ജീവിതത്തില്‍ വിജയം നേടാനായുള്ള ശ്രമം തുടര്‍ന്നു കൊണ്ടേയിരിക്കുക. “ആശാവാദി (Optimist)അര്‍ദ്ധരാത്രിവരെ ഉണര്‍ന്നിരിക്കുന്നത്‌ പുതുവര്‍ഷത്തെ എതിരേല്‍ക്കാനാണ്‌, എന്നാല്‍ നിരാശാവാദി (Pessimist) അര്‍ദ്ധരാത്രിവരെ ഉറക്കമൊഴിക്കുന്നത്‌ പഴയ വര്‍ഷം കഴിഞ്ഞ്‌ കിട്ടാനാണു്‌.” എല്ലാ മനുഷ്യരും ഒരു പോലെ ചിന്തിക്കുന്നില്ല. എല്ലാവര്‍ക്കും അവരുടേതായ ന്യായങ്ങളും, അഭിപ്രായങ്ങളുമുണ്ടായിരിക്കും. അതനുസരിച്ച് അവര്‍ ജീവിക്കുമ്പോള്‍ അതിന്റെ പ്രതിഫലനം സമൂഹത്തില്‍ ഉണ്ടാകുന്നു. നല്ല വ്യക്തികള്‍ നിറഞ്ഞ സമൂഹം നന്മയാല്‍ സമൃദ്ധമാകും. എല്ലാവരും നന്മയുടെ വഴി സ്വീകരിക്കുമ്പോള്‍ സമൂഹം നന്നാകുന്നു. ലോകം നന്നാകുന്നു.

എല്ലാവര്‍ക്കും അനുഗ്രഹപ്രദമായ പുതുവര്‍ഷം നേരുന്നു.

അനുബന്ധം

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക്‌ എടുക്കാവുന്ന ചില പുതുവത്സരതീരുമാനങ്ങള്‍ (വെറുതെ ചിരിക്കാനും ആനന്ദിക്കാനും വേണ്ടി മാത്രം തയ്യാറാക്കിയത്‌. പുതുവര്‍ഷത്തെ ചിരിച്ചുകൊണ്ട് എതിരേല്‍ക്കുക)

 • ധാരാളം വായിക്കണം, അത്‌ അവനവന്‍ എഴുതിയതായാല്‍ ഉത്തമം.
 • വായിക്കാന്‍ ആളില്ലെങ്കിലും എഴുതികൊണ്ടേയിരിക്കണം.
 • അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍, കിട്ടാന്‍ അര്‍ഹതയുണ്ടെങ്കില്‍ പുറത്ത്‌ പറയാതിരിക്കണം. കാരണം അത്‌ കാശ്‌ കൊടുത്ത്‌ വാങ്ങിയതാണന്നേ ജനം പറയൂ. പ്രത്യേകിച്ച് സമ്പന്നനായ അമേരിക്കന്‍ മലയാളി എഴുത്തുകാരന്റേതാകുമ്പോള്‍.
 • അക്‌ബര്‍ കക്കട്ടില്‍ പറഞ്ഞപോലെ എഴുതാന്‍ ശ്രമിക്കണം.
 • യൗവന കാലത്തെ പടങ്ങള്‍ രചനക്കൊപ്പം കൊടുക്കണം.
 • എഴുതുന്നത്‌ എല്ലാ പ്രസിദ്ധീകരണങ്ങള്‍ക്കും അയക്കണം.
 • സ്വയം എഴുതാന്‍ അറിയില്ലെങ്കില്‍ ആരെങ്കിലും എഴുതുന്നത്‌ നോക്കി ആ ശൈലിയില്‍ എഴുതണം. ഇത്‌കൊണ്ട്‌ ഒരു ഗുണമുള്ളത്‌ മൗലികമായി എഴുതുന്ന (കോപ്പി അടിക്കപ്പെടുന്ന) ഒരാളുടെ വഴിമുടക്കാമെന്നാണു്‌. അനുകരിക്കാന്‍ ഏറ്റവും എളുപ്പമായി നിരൂപണത്തെ കാണണം. അതിനു വായനക്കാരില്ലാത്തത്‌ കൊണ്ട്‌ പിടിക്കപ്പെടില്ലെന്ന ഉറപ്പില്‍ വിശ്വസിക്കണം.
 • കഴിയുന്നതും വായനകാര്‍ക്ക്‌ മനസ്സിലാകാത്തത്‌ എഴുതണം. മനസ്സിലാകാത്തതൊക്കെ മഹത്വരമാണെന്ന്‌ പാമരന്മാര്‍ കരുതുന്നു.
 • അവാര്‍ഡുകളല്ലാതെ പ്രതിഫലമായി പണം ഒരിക്കലും പ്രതീക്ഷിക്കാത്ത എഴുത്തുകാര്‍ എന്ന്‌ ചരിത്രം രേഖപ്പെടുത്തുന്ന എഴുത്തുകാരായി ഇഹലോകവാസം വെടിയണം.
 • വിദ്യാധരന്‍ ആരാണെന്ന്‌ അന്വേഷിച്ച് സമയം കളയാതെ അദ്ദേഹം എഴുതുന്നത്‌ എന്താണെന്ന്‌ ശ്രദ്ധിക്കണം.
 • ഏതെങ്കിലും എഴുത്തുകാരന്‍ ഒരു പുതിയ ശൈലിയോ, രചനയോ നടത്തിയാല്‍ അത്‌ ഞങ്ങള്‍ക്കും സാധിക്കുമെന്ന്‌ പറഞ്ഞ്‌ അതേപോലെ ഉടനെ എഴുതണം. അങ്ങനെ അനുകരണം നടത്തി അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ മൂല്യം കുറയ്ക്കണം.
 • ഒരാളുടെ രചന നന്നായാല്‍ അയാളെ അഭിനന്ദിക്കുന്നതിനുപകരം അത്‌ കാശ്‌കൊടുത്ത്‌ എഴുതിച്ചതാണെന്ന്‌ പറഞ്ഞ്‌ ആത്മനിര്‍വുര്‍തിയടയണം.
 • എഴുത്തുകാരി സുന്ദരിയും ചെറുപ്പക്കാരിയും (ചെറുപ്പം പടത്തില്‍ കണ്ടാല്‍ മതി, വയസ്സ്‌ എത്രതന്നെയായികൊള്ളട്ടെ) ആണെങ്കില്‍ അവരുടെ രചന നന്നായാലും മോശമായാലും മൂരിക്കുട്ടന്മാരെപോലെ മുക്രയിട്ട്‌ ഓടി ചെല്ലണം.
 • ആരുടേയും കാല്‍ വന്ദിക്കാതെ സ്വന്തം വ്യക്തിത്വം രചനകളിലും ജീവിതത്തിലും പുലര്‍ത്തുന്നുവരെ പരദൂഷണം പറഞ്ഞ്‌ ഒതുക്കാന്‍ ശ്രമിക്കണം. അതിനുപറ്റിയ ഒരു പരദൂഷണവീരനെ അന്വേഷിച്ച് കണ്ടെത്തി അയാളെപൂജിച്ചുകൊശ്ചണ്ടിരിക്കണം.
 • മതപരമായോ, വ്യക്തിപരമായോ കാരണങ്ങളാല്‍ കുറേ പേര്‍ ഇഷ്‌ടപ്പെടുന്നു എന്ന യോഗ്യത കണക്കിലെടുത്ത്‌ ആരെയെങ്കിലും സര്‍‌വ്വജ്‌ഞപീഠത്തില്‍ കയറ്റിയിരുത്തി അവര്‍ പറയുന്നത്‌, പ്രത്യേകിച്ച് സാഹിത്യപരമായ കാര്യങ്ങള്‍, വേദവാക്യമായി കരുതി അവരെ പൂജിക്കണം.
 • നാട്ടിലെ പ്രസിദ്ധീകരണങ്ങള്‍ക്ക്‌ രചനകള്‍ അയച്ചുകൊടുക്കണം.
 • എല്ലാ എഴുത്തുകാരും ഒരു കുടക്കീഴില്‍നിന്നാല്‍ നനഞ്ഞ്‌ പോകുമെന്നും അതിനേക്കാള്‍ നല്ലത്‌ എഴുത്തുകാര്‍ക്കൊക്കെ കൂടി ഒരു കുടക്കമ്പനി തുടങ്ങുകയാണെന്നും അഭിപ്രായം പറയണം. കുടകള്‍ നന്നാക്കാന്‍ കാരൂര്‍ നീലകണ്‌ഠപിള്ളയെ ഓര്‍ക്കുന്നത്‌ പഴയ മലയാള ക്രുതികള്‍ പുതിയ തലമുറക്ക്‌ പരിചയപ്പെടുത്താന്‍ ഉപകരിക്കുമെന്നും അറിയിക്കാന്‍ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. ഒരു കുടയും കുഞ്ഞുപെങ്ങളുമായി എഴുത്തുകാര്‍ പോകുന്നത്‌ സങ്കല്‍പ്പിക്കണം. ഒന്നില്‍ കൂടുതല്‍ പെങ്ങള്‍മാര്‍ ഉള്ളവര്‍ ഒപ്പോളും, കുട്ട്യേടത്തിയും ഒക്കെയുള്ള നാലുകെട്ടും, പണിതീരാത്തവീടും, മയിലാടുംകുന്നും, ഏണിപ്പടികളും, മഞ്ഞും, വേരുകളും, അയല്‍ക്കാരും, അന്വേഷിച്ച് കണ്ടെത്താന്‍പോകണം.
 • ഇവിടെ എഴുത്തുകാര്‍ ഇല്ലെന്നും, അങ്ങനെ അറിയപ്പെടുന്നവര്‍ എഴുതുന്നതൊന്നും സാഹിത്യമേന്മയില്ലാത്തതാണെന്നും വേദികളില്‍ പ്രസംഗിച്ചും, പത്രങ്ങളില്‍ എഴുതിയും സ്വയം വലിയവനാണെന്ന ബോധം ആളുകളില്‍ ഉണ്ടാക്കണം.പിന്നീട്‌ മൂന്നാംകിട സാഹിത്യരചനകള്‍ നടത്തി വിവരമില്ലാത്തവരുടെ കൈയ്യടി നേടണം.
 • മറ്റ്‌ എഴുത്തുകാരുമായി പരമാവുധി സ്‌പര്‍ദ്ധ പുലര്‍ത്തണം. എന്നാല്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അവരെ സ്‌നേഹം കൊണ്ട്‌ പൊതിയണം. സ്‌പര്‍ദ്ധമനസ്സ്‌ കവിഞ്ഞ്‌ പുറത്ത്‌ ചാടുമ്പോള്‍ അവരെ കൊല്ലുമെന്ന്‌ ഭീഷണി മുഴക്കണം.

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top