Flash News

P K The Movie Review: “അപ്രിയ സത്യങ്ങള്‍ പറയാത്ത പി. കെ”

January 3, 2015 , കൃഷ്ണരാജ്, ന്യൂയോര്‍ക്ക്‌

apriya2

photoഒരു കലാസൃഷ്ടി കലാകാരന്‍റെ യുക്തിയിലാണ് ജന്മമെടുക്കുന്നത് അതിനെ മറ്റൊരാളുടെ കണ്ണിലൂടെ കാണുമ്പോള്‍ മറ്റു പല അര്‍ത്ഥങ്ങളും കണ്ടെത്തിയെന്നു വരാം അതു ശരിയാകാം തെറ്റാകാം. ഏതായാലും ഒരു പ്രേഷകനെന്ന രീതിയില്‍ എനിക്ക് തോന്നിയത് താഴെ കുറിക്കുന്നു…

അന്ധ വിശ്വാസങ്ങളില്‍ നിന്നും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്‌ നല്ലതു തന്നെ..വിശാലമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്ന ഈ വിഷയം അമ്പലത്തിനും, വിഗ്രഹാരാധനയ്ക്കും ഒരു കപട സ്വാമിക്കും ചുറ്റും മാത്രമായി ഒതുങ്ങുന്നു കാഴ്ച.. ചുരുങ്ങിയ വാക്കുകളില്‍ ഇതാണ്‌ പി കെ. വളരെ മൃദുവായി മറ്റു വിശ്വാസങ്ങളെ സ്പര്‍ശിക്കുന്നില്ല എന്നു പറയുന്നില്ല പക്ഷെ പ്രധാന വിമര്‍ശനങ്ങളും ചോദ്യങ്ങളും സംശയനിവാരണവുമെല്ലാം ഹിന്ദു വിശ്വാസങ്ങള്‍ക്കെതിരെ മാത്രം.

പി കെ കണ്ടപ്പോള്‍ എനിക്ക് തോന്നിയത് ഗുളിക അകത്തു വച്ചൊരു പഴം തിന്ന പോലെയാണ് … കുറച്ചു കഴിച്ചിട്ട് വിഴുങ്ങിയാലും രുചി പഴത്തിന്‍റെ തന്നെ..ദഹിക്കുമ്പോള്‍ ഗുളികയുടെ വീര്യമുണ്ടാകും എന്ന് മാത്രം. മുഴുവനും കടിച്ച് കഴിക്കാത്തവര്‍ ഒരിക്കലും അറിയുകയുമില്ല. ഗുളിക കഴിപ്പിക്കലാണോ പഴം തീറ്റിക്കലാണോ ഉദ്ദേശം എന്നതിലേക്ക് തല്‍ക്കാലം ഞാന്‍ കടക്കുന്നില്ല..

മനുഷ്യനും ദൈവത്തിനുമിടയില്‍ ഒരു ഇടനിലക്കാരനെ ആവശ്യമില്ല എന്നതാണ് ഈ ചിത്രം നല്‍കുന്ന ഒരു സന്ദേശം. ഇത് സ്ഥാപിച്ചെടുക്കാനായി ഇങ്ങനെ ഒന്ന് നിഷ്കര്‍ഷിക്കാത്ത ഹിന്ദു സംസ്കാരത്തെ തന്നെ, ഒരു കപട സ്വാമിയുടെ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തില്‍ പ്രതികൂട്ടില്‍ നിര്‍ത്തിയത് കുറച്ച് അന്യായമായിപ്പോയി. ഇടനിലക്കാരനില്ലാതെ ജനനം മുതല്‍ മരണം വരെയുള്ള ആചാരനുഷ്ടാനങ്ങള്‍ ഒന്നും നടത്താന്‍ നിര്‍വാഹമില്ലാത്ത മറ്റു മതവിശ്വാസങ്ങള്‍ക്കും അവരുടെ ഇടനിലക്കാര്‍ക്കും എതിരെ നേരിട്ടുള്ള സംവാദങ്ങളും, ചോദ്യങ്ങളും, വിമര്‍ശനങ്ങളും എല്ലാം സൗകര്യപൂര്‍വ്വം ഒഴിവാക്കുകയും ചെയ്തു എന്നതാണ് സത്യം .

മനുഷ്യന്‍റെ ദുരിതങ്ങള്‍ മാറാനായി ദൂരെയുള്ള ക്ഷേത്രത്തില്‍ പോകുന്നതിനെ വിമര്‍ശിക്കുമ്പോള്‍, കഞ്ജന്‍ജുന്‍ഗയ്ക്കടുത്തുള്ള അമ്പലമാണോ ഉത്തമ ഉദാഹരണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിലും പതിന്മടങ്ങ്‌ ദൂരത്തുള്ള ആരാധനാലയങ്ങളിലേക്ക് സര്‍ക്കാര്‍ സഹായത്തോടെയും, ഉള്ളതെല്ലാം വിറ്റു പെറുക്കിയും മറ്റും നടത്തുന്ന തീര്‍ത്ഥയാത്രകളും വിമര്‍ശിക്കപ്പെടേണ്ടതാണല്ലോ. ഹിന്ദുക്കളുടേതല്ല എന്ന കാരണത്താല്‍ മറ്റു പല അന്ധ വിശ്വാസങ്ങള്‍ക്ക് നേരെ ഈ ചിത്രം കണ്ണടയ്ക്കുന്നതു പോലെ തോന്നുന്നു.

ഭഗവാനെ അന്വേഷിക്കുന്ന പി. കെ, ഈശ്വരന്‍ പലതുണ്ട് എന്നു മനസ്സിലാക്കിയിട്ടും ഹിന്ദു ദൈവങ്ങളുടെ മാത്രം പോസ്റ്റര്‍ പതിച്ചാണ് പ്രധാന അന്വേഷണം നടത്തുന്നത് ? മറ്റു ദൈവങ്ങള്‍ക്കു മുന്‍പില്‍ പ്രാര്‍ത്ഥിക്കുന്ന പി കെ എല്ലാ ദൈവങ്ങളേയും ഒരേ പോലെ അന്വേഷിക്കേണ്ടതല്ലേ ? മുഖത്ത് അടി കിട്ടാതിരിക്കാനായി ഉപയോഗിക്കുന്നതും ഹിന്ദു ദൈവങ്ങളെ മാത്രം.. വഴിയില്‍ കണ്ടുമുട്ടുന്ന ശിവ വേഷധാരിയുടെ പുറകേ ചെന്ന് തടയുന്നത് സ്വാഭാവികമാണെന്നു കരുതാം..

ഭഗവാനിലെത്താത്ത റോങ്ങ്‌ നമ്പര്‍ ഫോണ്‍ വിളികളാണ് ഈശ്വര പ്രീതിക്കായി നാം ചെയുന്ന പലതും എന്ന് സ്ഥാപിക്കാനായി “പശുവിനു പുല്ലു കൊടുത്താല്‍ ജോലി കിട്ടുന്നതെങ്ങനെ” എന്ന് ഒരു സാധാരണക്കാരന്‍ ചോദിക്കുന്നുണ്ട്. ജോലി കിട്ടിയാലും ഇല്ലെങ്കിലും ഇത് റോങ്ങ്‌ നമ്പര്‍ ആയി കണക്കാക്കാന്‍ വയ്യ. മോഹന വാഗ്ദാനങ്ങള്‍ നല്കി മതം മാറ്റുന്നതും, ആകാശത്തു നിന്ന് സ്വര്‍ണമെടുക്കുന്നതും എല്ലാം റോങ്ങ്‌ നമ്പറിന്‍റെ ഉദാഹരണമാകുമ്പോള്‍ മതത്തിന്‍റെ പേരില്‍ ഒരു രാജ്യത്തെ തന്നെ ആക്രമിച്ച് കഴുത്തില്‍ കത്തി വച്ചു നടത്തുന്ന മത പരിവര്‍ത്തനം ചിത്രം കണ്ടില്ലെന്നു നടിക്കുന്നു എന്ന് മാത്രമല്ല മതതീവ്രവാദത്തെ പറ്റി പരോക്ഷമായി പോലും ഒന്നും പരാമര്‍ശിക്കുന്നുമില്ല. ഏതായാലും കഥയിലെ പ്രധാന വഴിത്തിരിവാകുന്ന റൈറ്റ് നമ്പര്‍ ഫോണ്‍ കോള്‍ അവസാനം പാകിസ്ഥാനിലെ നായകനെ തേടി ചെല്ലുന്നത് യാദൃച്ഛികം മാത്രമാണെന്ന് പിന്നെയും കരുതാം.

“മുസല്‍മാന്‍ ചതിക്കും” എന്ന തെറ്റായ പ്രവചനം നടത്തിയതിന് പി കെ ചിത്രത്തിന്‍റെ അവസാനം ഗുരുവിനെ ചോദ്യം ചെയ്യുന്നുണ്ട്. മുസല്‍മാന്‍ എന്ന വാക്ക് ഗുരുവിന്‍റെ പ്രവചനത്തില്‍ ഇല്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിവിടെ. “പാകിസ്ഥാനികള്‍ ചതിക്കും അതവരുടെ ചരിത്രം തെളിയിച്ചിട്ടുണ്ട്” എന്നാണ് ഗുരു പ്രവചിക്കുന്നത്.

പി കെ എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെ എന്നതില്‍ സംശയമില്ല. ഇത് നിരോധിക്കണം എന്നെനിക്കു അഭിപ്രായമില്ല. പക്ഷെ ഹിന്ദു വിശ്വാസങ്ങളെ മാത്രം ഉദ്ദേശിച്ചിട്ടുള്ള ചില രംഗങ്ങളും സംഭാഷണങ്ങളും എല്ലാ ദൈവ വിശ്വാസികള്‍ക്കും ബാധകമാകുന്ന രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെ ഒരു വിവാദം ഒഴിവാക്കാമായിരുന്നു.

ചിത്രത്തിലുടനീളം ഇങ്ങനെയുള്ള രംഗങ്ങള്‍ ആവര്‍ത്തിക്കുന്നതിനാലാണ് ചിത്രത്തിന്‍റെ ശരിയായ ഉദ്ദേശം തന്നെ ചോദ്യം ചെയ്യപ്പെട്ടതും. അഹം ബ്രഹ്മാസ്മിയും, തത്വമസിയും ഒക്കെ നമ്മെ പഠിപ്പിച്ചു തന്ന ആര്‍ഷ ഭാരത ഗുരു പരമ്പരയുടെ മഹാത്മ്യം കേവലമൊരു സിനിമയിലെ സംഭാഷണം കൊണ്ട് ഇല്ലാതാവുന്നതല്ലെങ്കിലും, മഹത്തായ നമ്മുടെ ഗുരുക്കന്മാരെ പി കെ വിമര്‍ശിക്കുന്ന വ്യാജന്മാരില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്ന രീതിയില്‍ പരോക്ഷമായ ഒരു പരാമര്‍ശമെങ്കിലും നടത്താമായിരുന്നു.

ഇനി നാളെ, ഇതേ പ്രമേയത്തെ ആധാരമാക്കി മറ്റു മതങ്ങളെയോ പുരോഹിതന്മാരെയോ ആചാരങ്ങളെയോ ഇതേ രീതിയില്‍ ചോദ്യം ചെയ്യുന്ന ഒരു സിനിമ നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ കഴിയില്ല തന്നെ. ചെറുപ്പത്തിലേ മുതല്‍ അമീര്‍ ഖാന്‍റെ കടുത്ത ആരാധകനായിരുന്ന ഞാന്‍ അദ്ദേഹത്തിന്‍റെ ഉദ്ദേശശുദ്ധിയെ തല്‍ക്കാലം ചോദ്യം ചെയ്യുന്നില്ല. പക്ഷെ Belgium — Brussels സിലെ പാകിസ്ഥാന്‍ എംബസ്സി 100 കിലോമീറ്റര്‍ അകലെ Bruges സിലാണ് എന്ന് പി കെ യില്‍ കാണിക്കുന്നത് പോലെ, തെറ്റുകള്‍ എല്ലായിടത്തും ഉണ്ടാകാം എന്നാല്‍ അതു വിമര്‍ശിക്കുമ്പോള്‍ മറ്റു ശരികളുടെ നേരെ മനപ്പൂര്‍വ്വം കണ്ണടയ്ക്കുന്നത് ശരിയല്ല….അന്യ ഗ്രഹജീവിയായ പി കെ വന്നിറങ്ങിയത് ഭാരതത്തിലായത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സിനിമയുടെ പ്രസക്തി. മത നിയമങ്ങള്‍ മാത്രമുള്ള രാജ്യത്തു വന്നിറങ്ങിയാല്‍ പി കെ പൊകയാവുകയെ ഉള്ളൂ എന്ന് മറക്കണ്ട..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top