തിരുവനന്തപുരം: വാഹനത്തിന്‍െറ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള ചുമതല വില്‍ക്കുന്നയാളില്‍ നിക്ഷിപ്തമാക്കി മോട്ടോര്‍ വാഹനവകുപ്പ് വാഹന കൈമാറ്റ നടപടിക്രമം പരിഷ്കരിച്ചു.
വാഹന കൈമാറ്റ അപേക്ഷ ഇനിമുതല്‍ വില്‍ക്കുന്നയാളുടെ പരിധിയിലെ ആര്.ടി ഓഫിസിലാണ് നല്‍കേണ്ടത്. വില്ക്കുന്നയാള് വാഹനം രജിസ്റ്റര്‍ ചെയ്ത ആര്.ടി ഓഫിസില്‍ ഓണ്‍ലൈന്‍ വഴി നിശ്ചിത ഫീസ് അടച്ച് അപേക്ഷ നല്‍കണം. ആര്.സി ബുക്, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഒൗട്ട്, ഫീസ് അടച്ച രസീതിന്‍െറ പ്രിന്റ് ഒൗട്ട്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്‍െറയും പുകപരിശോധനാ ഫലത്തിന്െറയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വാഹനം വാങ്ങുന്നയാളുടെ വിലാസം തെളിയിക്കുന്ന രേഖയുടെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഒപ്പിട്ട ഫോട്ടോ എന്നിവ ആര്.ടി ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണം. ആര്.ടി ഓഫിസ് അധികൃതര്‍ ആര്.സി ബുക് റദ്ദാക്കിയ ശേഷം ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പും ഇ-മെയില്‍ മുഖേന വാഹനം വാങ്ങുന്ന ആളുടെ പരിധിയിലെ ആര്.ടി ഓഫിസിലേക്ക് അയക്കും.
ഒപ്പം വാഹനത്തിന്‍െറ രജിസ്ട്രേഷന് വിവരങ്ങളടങ്ങിയ പേജിലേക്ക് വാങ്ങുന്നയാളുടെ ഫോട്ടോ അപ്ലോഡ് ചെയ്യും. ഇ-മെയില്‍ ലഭിക്കുന്ന ആര്.ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ വാഹനത്തിന്‍െറ ഉടമസ്ഥാവകാശം വാങ്ങുന്നയാളുടെ പേരിലേക്ക് കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ തന്നെ മാറ്റും. തുടര്‍ന്ന് പുതിയ ആര്.സി ബുക് വാഹനം വാങ്ങിയയാളുടെ മേല്‍വിലാസത്തില്‍ അയച്ചുകൊടുക്കും.