ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയത് ചെന്നിത്തലയും ബാബുവും: വി.എസ്

vs-achuthanandan_2തിരുവനന്തപുരം: ബാര്‍ ഉടമ അസോസിയേഷനില്‍ നിന്ന് കോഴ വാങ്ങിയ കോണ്‍ഗ്രസ് മന്ത്രിമാര്‍ രമേശ് ചെന്നിത്തലയും കെ. ബാബുവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മന്ത്രി കെ.എം. മാണിക്ക് കൊടുത്ത ഒരു കോടി രൂപക്ക് പകരം ബാക്കി 19 കോടി രൂപ വാങ്ങിയത് ആഭ്യന്തരമന്ത്രിയും എക്സൈസ് മന്ത്രിയുമാണ്. എല്‍.ഡി.എഫ് സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

അഴിമതിക്കാരായ മുഖ്യമന്ത്രിയും ധന, ആഭ്യന്തര, എക്സൈസ് മന്ത്രിമാരും വിചാരണ ചെയ്യപ്പെടണം. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍െറ നിര്‍ദേശപ്രകാരം ബാര്‍ അസോസിയേഷന്‍െറ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകള്‍ പൊലീസുകാരുടെ കൈയിലുണ്ട്. ഈ വിവരം പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിട്ടില്ല. മാണിക്ക് കൊടുത്ത ഒരു കോടിക്ക് പകരം ബാക്കി 19 കോടി രൂപ സര്‍ക്കാറിലെ തന്നെ രണ്ട് പ്രമുഖര്‍ക്ക് കൊടുത്തെന്നാണ് പിടിച്ചെടുത്ത രേഖയില്‍ ഉള്ളതെന്നാണ് ബാര്‍ അസോസിയേഷന്‍െറ വര്‍ക്കിങ് പ്രസിഡന്‍റായ ബിജു രമേശ് വ്യക്തമാക്കിയത്. നിങ്ങള്‍ പിടിച്ചെടുത്ത രേഖകളില്‍ നിന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് പറഞ്ഞത് ശരിതന്നെ അല്ലേയെന്നാണ് പൊലീസ് ഓഫിസര്‍മാരോടും ജുഡീഷ്യല്‍ കമീഷന്‍ ജഡ്ജിയോടും ചോദിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

പിടിച്ചെടുത്ത രേഖകളില്‍ അഴിമതിക്കാരുടെ പേരുകള്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട്. അവരെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ബാര്‍ ഉടമകളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുകയാണ്. മുഖ്യമന്ത്രി അധികാരത്തിലിരിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖത്ത് നോക്കി കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല. എല്‍.ഡി.എഫിന്‍െറ സമരം എത്ര ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. സമരം ഗ്രാമാന്തരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിപ്പിക്കണം. ഈ മന്ത്രിമാര്‍ ഗ്രാമങ്ങളില്‍ വരുമ്പോള്‍ എത്ര കിട്ടി സാറേയെന്ന് താടിക്ക് പിടിച്ച് ശാരീരികമായി ഉപദ്രവിക്കാതെ സൗഹാര്‍ദപരമായി ചോദിക്കാന്‍ അവസരം ലഭിക്കുമെന്നും വി.എസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment