“അരമനരഹസ്യം അങ്ങാടിപ്പാട്ട്” – മാധ്യമങ്ങള്‍ തുറന്നെഴുതാത്തതും അതേസമയം തുറന്നെഴുതേണ്ടതുമായ കാര്യങ്ങളാണ് ഇതില്‍ പ്രതിപാദ്യവിഷയം. നിങ്ങള്‍ക്കും ഈ പംക്തിയിലേക്ക് രചനകള്‍ അയക്കാവുന്നതാണ്. യാതൊരു സാമൂഹ്യപ്രതിബദ്ധതയുമില്ലാതെ, എന്നാല്‍ സമൂഹസേവനമാണ് ലക്ഷ്യമെന്ന വ്യാജേന വിഹരിക്കുന്ന ഒട്ടേറെ സംഘടനകളും, വ്യക്തികളും, രാഷ്ട്രീയ പാര്‍ട്ടികളും, വളര്‍ന്നു പെരുകിക്കൊണ്ടിരിക്കുന്നത് ഇന്ന് ഒരു നിത്യസംഭവമായിരിക്കുന്നു. എല്ലാ മാധ്യമങ്ങളും എല്ലാം പ്രസിദ്ധീകരിക്കാറില്ല. രാഷ്ട്രീയ-സാമുദായിക പിന്‍ബലം കൊണ്ടോ മറ്റേതെങ്കിലും കാരണം കൊണ്ടോ ആയിരിക്കാം അവരതിന് തുനിയാത്തത്. അവയ്ക്കെതിരെ പ്രതികരിക്കാനുള്ള ഒരു വേദിയായി ഈ പംക്തിയെ കണക്കാക്കാം. പത്രാധിപര്‍
തുടര്‍ന്നു വായിക്കുക…..
കലാകാരന്മാര്ക്ക് ജാതിയുണ്ടോ? ഇല്ല എന്നായിരിക്കും ഉത്തരം. കാരണം, കല എന്നത് ജാതിയും മതവും വര്‍ണവും അടക്കമുള്ള സകല വിഭാഗീയതകള്‍ക്കും അപ്പുറത്തുള്ള സാക്ഷാല്‍ക്കാരമാണ്. അതുകൊണ്ടാണ് യൂസഫലി കേച്ചേരി എഴുതി യേശുദാസ് പാടിയ ശ്രീകൃഷ്ണകീര്ത്തനം മലയാളം അറിയാവുന്ന സകലര്‍ക്കും ആസ്വദിക്കാനാകുന്നത്. ശബരിമല ശാസ്താവിന് ഉറങ്ങണമെങ്കില്‍ സാക്ഷാല്‍ യേശുദാസ് പാടിയ ഹരിവരാസനം കേള്‍ക്കണം. കലാമണ്ഡലം ഹൈദരലിയുടെ കഥകളിപ്പദത്തിനുനേരെ ഒരു മലയാളിയുടെയും ചെവി അടയില്ല. ലോകത്തിലെവിടെയും പോലെ കേരളത്തിലും കലക്ക് ഇത്തരത്തില്‍ സാര്‍വജനീനമായ അടിത്തറയുണ്ട്.
മലയാളിയുടെ അഭിമാനമായ ഒരു നടന് കലയുടെ ഈ സാര്‍വലൗകികതയെ അട്ടിമറിക്കാന്‍ ബോധപൂര്‍വമോ അല്ലാതെയോ നടത്തിയ ഒരു ശ്രമം ഓരോ മലയാളിയെയും അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും മികച്ച സിനിമാ നടന്മാരില് ഒരാളായ മോഹന്‍ലാലാണ് പ്രതിസ്ഥാനത്ത്. ഈയിടെ ചങ്ങനാശ്ശേരിയില്‍ നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ മോഹന്‍ലാല്‍ പങ്കെടുക്കുകയും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി നല്കിയ ഒരു സ്വര്‍ണമെഡല്‍ ആദരവോടെ ഏറ്റുവാങ്ങുകയും ചെയ്തു.
എന്‍.എസ്.എസ് എന്ന ജാതിസംഘടനയുടെ വേദിയില്‍ മോഹന്‍ലാലിനെപ്പോലൊരു നടന്‍െറ സാന്നിധ്യം എന്തിന് അസ്വസ്ഥതയുണ്ടാക്കണം? കാരണമുണ്ട്. മോഹന്‍ലാലിനെ എന്‍.എസ്.എസ് പരിപാടിക്ക് ക്ഷണിച്ചത് അദ്ദേഹം ഒരു നായര്‍ ആയതുകൊണ്ടാണ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ ഇക്കാര്യം ചടങ്ങില്‍ തുറന്നുപറയുകയും ചെയ്തു. നായര്‍ സമുദായക്കാരനാണ് മോഹന്‍ലാല്‍ എന്നതില്‍ അഭിമാനിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. മോഹന്‍ലാലിന് ഈ പ്രസ്താവനയില്‍ ഒരു കുഴപ്പവും തോന്നിയില്ല എന്ന് അദ്ദേഹത്തിന്‍െറ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാണ്. മാത്രമല്ല, സുകുമാരന്‍നായരുടെ ജാതി പ്രശംസ ഏറ്റുവാങ്ങിയതുവഴി, ഒരു നായര്‍ എന്ന നിലക്കാണ് മോഹന്‍ലാല്‍ എന്‍.എസ്.എസിന്‍െറ പരിപാടിക്ക് വന്നതെന്ന് ന്യായമായും കരുതാം. അതിനര്‍ഥം, താന്‍ ഒരു നായര്‍ ആണെന്ന ജാത്യാഭിമാനമുള്ള ആളാണ് മോഹന്‍ലാല്‍ എന്നാണ്. (മോഹന്ലാലിന്െറയും നെടുമുടി വേണുവിന്‍െറയും മറ്റും നേതൃത്വത്തില്‍ തിരുവനന്തപുരത്തുള്ള നായര്‍ലോബി തന്നെ സിനിമയില്‍നിന്ന് ഭ്രഷ്ടനാക്കാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് നടന് തിലകന് നടത്തിയ ആരോപണങ്ങള്‍ ഓര്‍ക്കുക).
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കെ. രാധാകൃഷ്ണനുമൊപ്പമാണ് ലാല്‍ മന്നം ജയന്തി പരിപാടിയില്‍ പങ്കെടുത്തത്. ആദ്യന്ത്യം മോഹന്‍ലാലായിരുന്നു താരം. സമുദായത്തിന്റെ പ്രതാപശാലിയായ നടന് കയറിവരുമ്പോഴും പ്രസംഗിക്കുമ്പോഴും ആവോശകരമായ കൈയ്യടിയായിരുന്നു. മുഖ്യമന്ത്രിക്കുപോലും കിട്ടിയില്ല അത്ര കൈയ്യടി !! എന്‍എസ്എസിന്റെ സ്ഥാപനമായ തിരുവനന്തപുരം എംജി കോളേജിലെ പഠനകാലം ഓര്‍ത്തെടുത്തായിരുന്നു ലാലിന്റെ പ്രസംഗം തുടങ്ങിയത്. എംജി കോളേജിന് തറക്കല്ലിടാന്‍ സി. രാജഗോപാലാചാരി എത്തിയപ്പോള്‍ പണം എവിടെ എന്നാരാഞ്ഞു. പണം ഓരോരുത്തരുടെയും പോക്കറ്റിലുണ്ടെന്നും താന്‍ ചോദിച്ചാല്‍ കിട്ടുമെന്നും മന്നം പറഞ്ഞത്രെ. അത് അതുപോലെ സംഭവിക്കുകയും ചെയ്തുവെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ നിലക്കാത്ത കൈയ്യടി.
മോഹന്‍ലാലിനെപ്പോലെ, സകല മലയാളിയുടെയും പ്രാതിനിധ്യത്തിലേക്ക് ഉയര്‍ന്നു നില്ക്കുന്ന ഒരു നടന് ജാതിയുടെ പ്രതിനിധിയാകുന്നത് തന്നിലെ കലാകാരനെ അപമാനിക്കലാണ്. എന്‍.എസ്.എസ് എന്ന ജാതിസംഘടനയുടെ പരിണാമവഴികളെക്കുറിച്ച് മോഹന്‍ലാലിന് ബോധ്യം വേണ്ടതാണ്. കേരളത്തിലെ ഏതൊരു ജാതിപരിഷ്കരണ പ്രസ്ഥാനത്തെയും പോലെ, തുടക്കകാലം കഴിഞ്ഞപ്പോള്‍, പ്രതിലോമകരമായ സ്വത്വത്തിലേക്ക് കൂപ്പുകുത്തിയ ചരിത്രമാണ് എന്‍.എസ്.എസിനും ഉള്ളത്. യോഗക്ഷേമസഭക്കും എസ്.എന്‍.ഡി.പിക്കുമുള്ള വിപ്ളവകരമായ ഒരു പാരമ്പര്യവും എന്‍.എസ്.എസിന് ഇല്ല. അയ്യങ്കാളിയെയും വി.ടി ഭട്ടതിരിപ്പാടിനെയും ഡോ.പല്പുവിനെയും സഹോദരന് അയ്യപ്പനെയും പോലുള്ള ഒരു വിപ്ളവകാരിയെയും എന്‍.എസ്.എസിന് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, മുന്നണിരാഷ്ട്രീയത്തിന്െറ നിണം രുചിച്ചുതുടങ്ങിയതുമുതല് അത് സമദൂരം എന്ന വിലപേശലിലൂടെ അധികാരത്തിന്‍െറ മാഫിയാപ്രവര്ത്തനത്തിന് വഴിപ്പെടുകയും ചെയ്തു.
സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ എം.എല്‍.എമാരെയും എം.പിമാരെയും മന്ത്രിമാരെയും മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ വാങ്ങിയെടുത്ത് ഒരു രാഷ്ട്രീയകക്ഷിക്കും അവഗണിക്കാനാകാത്ത ശക്തിയായി വളര്‍ന്നു. കേരളത്തില്‍ സുകുമാരന്‍നായര്‍ പറഞ്ഞാല്‍ വോട്ടുചെയ്യുന്ന നായന്മാരുടെ എണ്ണം വിരലില്‍ എണ്ണാവുന്നത്രയേ ഉണ്ടാകൂ. എന്നിട്ടും, ഓരോ തെരഞ്ഞെടുപ്പിനും പെരുന്നയില്‍നിന്ന് ഫത്വകള് ഇറങ്ങിക്കൊണ്ടിരുന്നു. അതുപേടിച്ച്, തലയില്‍ മുണ്ടിട്ടും അല്ലാതെയും നേതാക്കള്‍ പെരുന്നയിലെത്തിക്കൊണ്ടും ഇരുന്നു. സംഘടന ഇങ്ങനെ പലവിധത്തില്‍ തടിച്ചുകൊഴുക്കുമ്പോള്‍, കേരളത്തിലെ നായന്മാര് സാമുദായികമായി പിന്നാക്കവര്ഗമാണിന്ന്. കേരളത്തില്‍ ഏറ്റവും രൂക്ഷമായ സാമ്പത്തിക-സാമുദായിക ഉച്ചനീചത്വം നിലനില്‍ക്കുന്നത് നായര്‍ ജാതിയിലാണ്. ഇന്നും കൊടും ദാരിദ്ര്യത്തില്‍കഴിയുന്ന എത്രയോ നായര്‍ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. പെണ്‍കുട്ടികളെ വിവാഹം കഴിച്ചയക്കാന്‍ കഴിയാത്ത എത്രയോ നായര്‍ കുടുംബങ്ങളുണ്ട്. പത്താംക്ളാസിനപ്പുറം മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാന് കഴിയാത്ത എത്രയോ നായര്‍ മാതാപിതാക്കളുണ്ട് കേരളത്തില്‍. ഇത്തരം ജാതി യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സംഘടനയാണ്, മോഹന്‍ലാലിലെ ജാതിയെ തോണ്ടി പുറത്തെടുത്ത് രോമാഞ്ചം കൊള്ളുന്നത്.
എന്‍.എസ്.എസിനെപ്പോലൊരു സംഘടനക്ക് ഇതിലൂടെ പലതും നേടാനുണ്ടാകും. എന്നാല്‍, മോഹന്‍ലാലിനോ? ജാതിമതഭേദമേന്യ മലയാളികള്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് എന്തിനാണ് ഒരു ജാതിക്കുപ്പായം? അത് അദ്ദേഹം എന്ന് കുടഞ്ഞെറിയുന്നുവോ അന്നുമാത്രമേ അദ്ദേഹം മഹാനായ ഒരു കലാകാരനാകൂ. അതുവരെ അദ്ദേഹം നല്ല ഒരു നടന് മാത്രമായിരിക്കും.