സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരമായ ക്രിസ്തുമസ് ആഘോഷം

1

ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ പിറവിത്തിരുന്നാള്‍ അത്യധികം ഭക്തിസാന്ദ്രമായി കൊണ്ടാടി. ഡിസംബര്‍ 24-ന് വൈകിട്ട് കരോള്‍ ഗാനാലാപനത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും റവ.ഡോ. ടോം പന്നലക്കുന്നേലും സഹകാര്‍മികരായി. ഇടവകയിലെ ഏവര്‍ക്കും പിറവിത്തിരുന്നാളിന്റെ അനുഗ്രഹവും സ്‌നേഹവും എന്നും നിലനിര്‍ത്താനാവട്ടെ എന്ന് പിതാവ് ആശംസിക്കുകയും അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പറഞ്ഞു.

കുടുംബ വര്‍ഷാചരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും കുര്‍ബാന മധ്യേ നടന്നു. കുടുംബങ്ങളെക്കുറിച്ചുള്ള ദൈവീക പദ്ധതി മനസിലാക്കി ജീവിക്കുവാന്‍ പിതാവ് ഏവരേയും ഉദ്‌ബോധിപ്പിച്ചു. കുട്ടികള്‍ക്കായി തത്സമയം ഇംഗ്ലീഷിലും തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു.

സി.വൈ.എം ദേവാലയത്തില്‍ സജ്ജീകരിച്ച വളരെ മനോഹരമായ പുല്‍ക്കൂട് ഏവരുടേയും പ്രശംസ പടിച്ചുപറ്റി. തിരുകര്‍മ്മങ്ങള്‍ക്കുശേഷം പാരീഷ് ഹാളില്‍ ആഘോഷപരിപാടികള്‍ നടന്നു. കരോള്‍ ഗാനങ്ങള്‍, സമ്മാനദാനം എന്നിവയ്‌ക്കൊപ്പം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

കരോള്‍ കോര്‍ഡിനേറ്റര്‍മാരായ പോള്‍ പുളിക്കന്‍, ജോയ് ജേക്കബ് എന്നിവര്‍ കരോള്‍ പരിപാടികളെക്കുറിച്ച് വിശദീകരിക്കുകയും കരോള്‍വഴി 1000 ഡോളര്‍ ലഭിച്ചുവെന്ന് അറിയിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ തുക സമാഹരിച്ച വാര്‍ഡിനുള്ള ട്രോഫി സെന്റ് തോമസ് വാര്‍ഡ് (നോര്‍ത്ത് വെസ്റ്റ്) കരസ്ഥമാക്കി.

പുല്‍ക്കൂട് മത്സരത്തില്‍ ഒന്നാംസ്ഥാനം സോയല്‍ & റോസ്‌ലിന്‍ ചാരത്ത്, രണ്ടാം സ്ഥാനം ജെയിംസ് & ബിജിമോള്‍ മുട്ടത്തില്‍, മൂന്നാം സ്ഥാനം ഫിലിപ്പ് & ഷേര്‍ലി അഴികണ്ണിക്കല്‍ എന്നിവര്‍ക്ക് ലഭിച്ചു. സമ്മാനങ്ങള്‍ അങ്ങാടിയത്ത് പിതാവ് നല്‍കി.

ക്രിസ്തുമസ് പരിപാടികള്‍ ഇത്രയധികം ഭക്തിനിര്‍ഭരമാക്കുവാന്‍ സഹകരിച്ച ഏവര്‍ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും, ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും നന്ദി പറഞ്ഞു.

2

3

4

5

Print Friendly, PDF & Email

Related News

Leave a Comment