ഹിന്ദുവിന് എത്ര മക്കള്‍ വേണം? ബി.ജെ.പിയിലും സംഘപരിവാറിലും വിവാദം പുകയുന്നു

sakshi-maharaj

ന്യൂദല്‍ഹി: ബി.ജെ.പിയിലും സംഘപരിവാറിലും മക്കളുടെ എണ്ണത്തെച്ചൊല്ലി വിവാദം പുകയുന്നു. ഹിന്ദുക്കള്‍ക്ക് എത്ര മക്കളാകാമെന്നതാണ് തര്‍ക്കവിഷയം. എട്ടുമക്കളുള്ള ദമ്പതികളെ വിശ്വഹിന്ദുപരിഷത്ത് അനുമോദിച്ചപ്പോള്‍ ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കി ഹിന്ദുമതത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പി സാക്ഷി മഹാരാജിന് പാര്‍ട്ടി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അതിനിടെ, ഓരോ ഹിന്ദുവിനും അഞ്ച് കുട്ടികള്‍ വീതം വേണമെന്ന് പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ് ശ്യാമള്‍ ഗോസ്വാമി പ്രസ്താവനയിറക്കുകയും ചെയ്തു.  എട്ടുമക്കളുള്ള അസമിലെ കച്ചാര്‍ ജില്ലയിലെ മാലതിക്കും സുശാന്ത നാഥിനുമാണ് വിശ്വഹിന്ദു പരിഷത്തിന്‍െറ അനുമോദനം. ഗുവാഹതിക്കടുത്ത് സില്‍ചര്‍ പട്ടണത്തില്‍ നടന്ന ചടങ്ങിലാണ് ദമ്പതികള്‍ രാജ്യസ്നേഹികളാണെന്ന് വി.എച്ച്.പി പ്രഖ്യാപിച്ചത്.

മാതൃരാജ്യത്തിന്‍െറ ശത്രുക്കള്‍ക്കെതിരെ ആയുധമെടുക്കാന്‍ കൂടുതല്‍ പോരാളികളെ നല്‍കി ദേശക്കൂറ് തെളിയിച്ചെന്ന് വി.എച്ച്.പി നേതാവ് ദിനേഷ് ഉപാധ്യായ് പറഞ്ഞു. ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കി ഹിന്ദുമതത്തെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി എം.പി സാക്ഷി മഹാരാജിനാണ് പാര്‍ട്ടി നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ജനുവരി ഏഴിന് മീറത്തില്‍ സന്യാസിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് സാക്ഷി മഹാരാജ് ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികളെ പ്രസവിക്കണമെന്ന് ആഹ്വാനം ചെയ്തത്. സാക്ഷി മഹാരാജിന്‍െറ പരാമര്‍ശം വ്യക്തിപരമാണെന്ന് ബി.ജെ.പി അറിയിച്ചു. സാക്ഷിയുടെ പ്രസ്താവനക്കെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും പൊതുജനമധ്യത്തിലും പ്രതിഷേധമുയര്‍ന്നതോടെയാണ് ബി.ജെ.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

ഓരോ ഹിന്ദുവിനും അഞ്ച് കുട്ടികള്‍ വീതം വേണമെന്ന് പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ് ശ്യാമള്‍ ഗോസ്വാമി പറഞ്ഞു. അല്ലെങ്കില്‍ രാജ്യത്ത് ഹിന്ദുക്കള്‍ നാമാവശേഷമായിപ്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ ഹിന്ദുവിനും നാല് കുട്ടികള്‍ അത്യാവശ്യമാണെന്ന ഉത്തര്‍പ്രദേശില്‍നിന്നുള്ള ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്‍െറ പ്രസ്താവനക്ക് പിന്നാലെയാണ് ശ്യാമള്‍ ഗോസ്വാമി പ്രസ്താവനയുമായി രംഗത്തു വന്നിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment