ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിനു മുന്‍പു രാജ്യത്തു ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കരസേനയുടെ മുന്നറിയിപ്പ്. രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ തക്കംപാര്‍ത്ത് ഇരുനൂറോളം ഭീകരര്‍ പിര്‍ പഞ്ചല്‍ മേഖലയില്‍ അതിര്‍ത്തിക്കപ്പുറത്തു നില്ക്കുന്നതായി കശ്മീര്‍ മേഖലയുടെ ചുമതലയുള്ള ജഒസി ലെഫ്റ്റനന്റ് ജനറല്‍ കെ.എച്ച്.സിങ്. ജനവാസകേന്ദ്രങ്ങള്‍, സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം അലങ്കോലപ്പെടുത്താനാണ് പാക് ഭീകരരുടെ നീക്കം. അതിര്‍ത്തിയിലെ സംഘര്‍ഷവും കൊടുംതണുപ്പും മറയാക്കി നുഴഞ്ഞുകയറാന്‍ ഭീകരര്‍ നീക്കമാരംഭിച്ചു. കഠിന പരിശീലനം നേടിയവരാണ് ഇവര്‍.
പാക്കിസ്ഥാനില്‍ നിരന്തരം തലവേദന സൃഷ്ടിക്കുന്ന ആഭ്യന്തര ഭീകരവാദ ഗ്രൂപ്പുകളെ രാജ്യത്തേക്ക് പറിച്ചുനടാനാണ് പാക്കിസ്ഥാന് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പെഷവാര്‍ ആക്രമണത്തിനു ശേഷവും പാക് ഭരണകൂടവും ചാരസംഘടന ഐഎസ്ഐയും ഭീകരര്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നു. അതിര്‍ത്തിയില്‍ പതിനഞ്ചോളം ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുള്ള ഏതു പ്രകോപനത്തെയും നേരിടാന്‍ സേന സുസജ്ജമാണ്. വെടിനിര്‍ത്തല്‍ ലംഘനവും നുഴഞ്ഞുകയറ്റവും ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊണ്ണൂറോളം ഭീകരരാണു കശ്മീര്‍ താഴ്വരയിലുള്ളത്. ഇവരുടെ നീക്കങ്ങള്‍ സൈന്യം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഇവരില്‍ 37 പേര് കൊടുംഭീകരരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ അഞ്ചു കൊടുംഭീകരരെ സൈന്യം വധിച്ചു. കൂടുതല്‍ ഭീകരരുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. ലഷ്കര്‍-ഇ-തൊയ്ബ ഭീകരരാണു കൊല്ലപ്പെട്ടത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news