ആഗോള പ്രവാസി കേരളീയ സംഗമത്തിന് ആയിരം പ്രവാസി പ്രതിനിധികള്‍ എത്തും

krlകൊച്ചി: ആഗോള പ്രവാസി കേരളീയ സംഗമം വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. ആയിരത്തോളം പ്രവാസികള്‍ പങ്കെടുക്കും. യു.എ.ഇയില്‍ നിന്നുള്ള പ്രവാസി മലയാളികളാണ് പങ്കെടുക്കുന്നവരില്‍ ഏറെയും. സൗദി, കുവൈത്ത്, ഖത്തര്‍, ഒമാന്‍, അമേരിക്ക എന്നിവയാണ് തൊട്ടുപിന്നില്‍. വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നോര്‍ക്ക മന്ത്രി കെ.സി. ജോസഫുമായും വിവിധ വിഷയങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്.

തിരിച്ചുവരുന്ന പ്രവാസി മലയാളികളുടെ പുനരധിവാസവും തൊഴില്‍ ലഭ്യതയും പോലുള്ള വിഷയങ്ങള്‍ പരിശോധിക്കാന്‍ തുറന്ന ചര്‍ച്ചക്കാണ് വേദിയൊരുക്കുന്നതെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. നിക്ഷേപത്തിന് അനുയോജ്യ ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ സംഗമം ഉപകരിക്കുമെന്ന് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിക്കും. വ്യവസായ-ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം. മാണി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പ്രഫ.കെ.വി. തോമസ് എം.പി എന്നിവര്‍ പങ്കെടുക്കും.

കൊച്ചി മേയര്‍ ടോണി ചമ്മണി, അഡീഷനല്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍മാരായ എം.എ. യൂസുഫലി, സി.കെ. മേനോന്‍ എന്നിവരും ഡയറക്ടര്‍മാരായ രവി പിള്ള, സി.ടി. കുരുവിള എന്നിവരും സംബന്ധിക്കും.

‘ആഗോള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍’ വിഷയത്തില്‍ വെള്ളിയാഴ്ച പ്രതിനിധികള്‍ക്ക് സംഘടിപ്പിച്ചിരിക്കുന്ന ആദ്യ സെഷനില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി മഞ്ഞളാംകുഴി അലിയും പങ്കെടുക്കും. ഗള്‍ഫ് മേഖല, യൂറോപ്പും അമേരിക്കയും, പ്രവാസി മലയാളികളായ വനിതകള്‍ എന്നിങ്ങനെ മൂന്ന് സെഷനുകള്‍ ഉച്ചക്കുശേഷം നടക്കും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, വി.എസ്. ശിവകുമാര്‍, എ.പി. അനില്‍കുമാര്‍, പി.കെ. ജയലക്ഷ്മി എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച ‘നിക്ഷേപ അവസരങ്ങളും അടിസ്ഥാന സൗകര്യ വികസനവും’ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിക്കും.

പ്രവാസി മലയാളികളുടെ ക്ഷേമത്തില്‍ സാമുദായിക സംഘടനകളുടെ പങ്കിനെക്കുറിച്ച സെഷന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന സമാപനസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ അധ്യക്ഷത വഹിക്കും. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തും.

Print Friendly, PDF & Email

Related News

Leave a Comment