ഇടുക്കിയിലും ആലപ്പുഴയിലും വീണ്ടും ഘര്‍ വാപസി

ghar-vapasiകായംകുളം: വി.എച്ച്.പിയുടെയും ആര്യസമാജത്തിന്‍െറയും നേതൃത്വത്തില്‍ ഇടുക്കിയിലും ആലപ്പുഴ ജില്ലയിലെ കായംകുളത്തും വീണ്ടും ‘ഘര്‍ വാപസി’. ഇടുക്കിയില്‍ പെന്തക്കോസ്ത് വിഭാഗക്കാരായ 37 പേരെയാണ് ഹിന്ദുമതത്തിലേക്ക് പുനര്‍ മതപരിവര്‍ത്തനം നടത്തിയത്. ഇവിടെ ആറുമാസത്തിനിടെ നൂറിലധികം പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചത്തെിച്ചതായും വി.എച്ച്.പി അവകാശപ്പെട്ടു. കായംകുളത്ത് ചെട്ടികുളങ്ങരയിലുള്ള അഞ്ച് കുടുംബങ്ങളില്‍നിന്ന് 27 പേര്‍ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

ഇടുക്കിയില്‍ ഏലപ്പാറ കീഴേപ്പെരുന്തറ ദേവീക്ഷേത്രത്തിലാണ് പുനര്‍ മതപരിവര്‍ത്തന ചടങ്ങുകള്‍ നടന്നത്. 37 കുടുംബങ്ങളില്‍ നിന്ന് ഒരംഗം വീതമാണ് മതം മാറിയത്. ഇവര്‍ ഇടക്കാലത്ത് പെന്തക്കോസ്ത് വിഭാഗക്കാരായവരാണെന്നും സ്വമേധയാ ഹിന്ദുമതത്തിലേക്ക് മടങ്ങുകയായിരുന്നുവെന്നുമാണ് വി.എച്ച്.പി പറയുന്നത്.

കീഴേപ്പെരുന്തുറ ക്ഷേത്രം ശാന്തി പന്തളം ജയദേവന്‍ നമ്പൂതിരി, ആര്യസമാജത്തിലെ ശിവരാമ ആര്യ, വി.എച്ച്.പി ജില്ലാ പ്രസിഡന്‍റ് കെ.എന്‍. രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചത്തെിയവരെ നിലവിളക്കും ഭഗവദ്ഗീതയും നല്‍കിയാണ് സ്വീകരിച്ചത്. ഇവര്‍ തിരിച്ചുവരാന്‍ അപേക്ഷ നല്‍കുകയായിരുന്നുവെന്ന് വി.എച്ച്.പി ഭാരവാഹികള്‍ അറിയിച്ചു. ഘര്‍ വാപസിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും വാഗമണ്‍, വളകോട്, മത്തായിപ്പാറ, കുമളി, പള്ളിക്കുന്ന്, റാണിമുടി എന്നിവിടങ്ങളിലെ തോട്ടം മേഖലകളില്‍ നിന്നുള്ളവരാണ്. നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ചെട്ടിക്കുളങ്ങര പുതുപ്പള്ളി കീഴാവൂര്‍ യക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ ദലിത്ക്രിസ്ത്യന്‍ വിഭാഗക്കാരാണ് മതംമാറ്റത്തിന് വിധേയരായത്. നേരത്തെ ഇതേക്ഷേത്രത്തില്‍ നടത്തിയ ചടങ്ങില്‍ മൂന്ന് മുസ്ലിം കുടുംബങ്ങളിലെ 11 പേരെ പരിവര്‍ത്തനം ചെയ്തിരുന്നു. കായംകുളം, ആറാട്ടുപുഴ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മതംമാറിയത്.

Print Friendly, PDF & Email

Leave a Comment