കലോത്സവങ്ങളുടെ കലവറയില്‍ നിന്ന് പഴയിടം പടിയിറങ്ങുന്നു

Pazhayidam-Mohanan-Namboothiriകോഴിക്കോട്: ഒരു ദശാബ്ദത്തോളം സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയെ ഊട്ടിയ പഴയിടം മോഹനന്‍ നമ്പൂതിരി മേളയില്‍നിന്നു വിടവാങ്ങുന്നു. കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസില്‍ നിന്നു നാട്ടിലെ പാചകക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രഖ്യാപനം. ഗെയിംസിന്‍റെ ഭക്ഷണച്ചുമതലയില്‍നിന്ന് തന്നെ മാറ്റിയതിലല്ല, പാചകം മാത്രം തൊഴിലാക്കിയ ആയിരക്കണക്കിനു കേരളീയരെ അവഹേളിച്ചതിലാണു പ്രതിഷേധമെന്ന് അദ്ദേഹം.

കോടികള്‍ മുടക്കി മുംബൈയില്‍ നിന്നുള്ള സംഘത്തിന് ദേശീയ ഗെയിംസിന്‍റെ ഭക്ഷണത്തിന്‍റെ ചുമതല നല്‍കിയതായാണ് വിവരം. അപേക്ഷ ക്ഷണിച്ചപ്പോള്‍ ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ സര്‍ക്കാരിനു ക്വട്ടേഷന്‍ നല്‍കിയതിനൊപ്പം അധികൃതരെ നേരില്‍ക്കണ്ടു സംസാരിച്ചതാണെന്നു മോഹനന്‍ നമ്പൂതിരി പറയുന്നു. കേരളത്തിലെ നാലായിരത്തോളം വരുന്ന പാചകക്കാര്‍ ഉള്‍പ്പെടുന്ന സംഘടനയാണിത്. തുടക്കത്തില്‍ പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും, പിന്നീട് പ്രത്യേക മാനദണ്ഡമുണ്ടാക്കി ഒഴിവാക്കുകയായിരുന്നു. ഒരു കോടി രൂപയുടെ പാചകം ചെയ്തവരായിരിക്കണം, പതിനായിരം കോടിയുടെ ടേണോവര്‍ ഉണ്ടായിരിക്കണം തുടങ്ങി പത്ത് മാനദണ്ഡങ്ങളാണ് മുന്നോട്ടു വച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏഷ്യയിലെതന്നെ ഏറ്റവും വലിയ മേളയ്ക്കു രണ്ടേമുക്കാല്‍ലക്ഷം രൂപ മാത്രം പ്രതിഫലം വാങ്ങുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്ക് എവിടന്നാണ് ഒരു കോടിയുടെ പാചകം ചെയ്യാനാവുക. അത്തരമൊരു മാനദണ്ഡംവച്ചത് ഒഴിവാക്കാനാണെന്ന് വ്യക്തം. ദയവു ചെയ്ത് ഇനി തന്നെ വിളിക്കരുതെന്നും ഈ പാവം നമ്പൂതിരിയെ വിട്ടേക്കെന്നും അദ്ദേഹം വികാരഭരിതനായി പ്രതികരിച്ചു.

പത്തു വര്‍ഷമായി കേരളത്തില്‍ വിദ്യാര്‍ഥികളുടെ ഏതു മേളയിലും പഴയിടത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷണമൊരുക്കുന്നത് ലാഭകരമായ ഒരു തൊഴിലായി കണ്ടിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ഓരോ മേളയും വന്‍ കടമാണ് പഴയിടത്തിന് സമ്മാനിച്ചത്. എന്നിട്ടും കുട്ടികള്‍ക്കു വച്ചുവിളമ്പാനുള്ള അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കിയിരുന്നില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment