2013 ലെ മികച്ച കായികതാരങ്ങള്‍ക്കുള്ള ജി.വി. രാജ സ്‌പോര്‍ട്സ് അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും

gv-raja

തിരുവനന്തപുരം: 2013 ലെ മികച്ച കായികതാരങ്ങള്‍ക്കു കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ജി.വി. രാജ അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നാളെ വൈകുന്നേരം അഞ്ചിനു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

കായിക താരങ്ങളായ അഞ്ചു ബോബി ജോര്‍ജ്, ഒ.പി. ജയ്ഷ, ടോം ജോസഫ്, ജിതിന്‍. സി. തോമസ് എന്നിവരാണു 2013ലെ ജി.വി. രാജ അവാര്‍ഡ് ജേതാക്കള്‍. മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, പി.കെ. അബ്ദുറബ്, എംഎല്‍എമാരായ കെ. മുരളീധരന്‍, വി. ശിവന്‍കുട്ടി, പി. ഉബൈദുള്ള, മുന്‍ മന്ത്രി എം. വിജയകുമാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന ചടങ്ങില്‍ സ്പോര്‍ട്്സ് കൗണ്‍സില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഒളിമ്പ്യന്‍ സുരേഷ്ബാബു ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഹോക്കി താരം ഒളിംപ്യന്‍ മാനുവല്‍ ഫ്രെഡറിക്കിനു സമ്മാനിക്കും.

മികച്ച കായികപരിശീലക, മികച്ച കായിക അധ്യാപകന്‍ (സ്കൂള്‍, കോളെജ്), മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കോളെജ്, മികച്ച കായിക നേട്ടങ്ങള്‍ കരസ്ഥമാക്കിയ സ്കൂള്‍ തുടങ്ങിയ പുരസ്കാരങ്ങളും ദൃശ്യമാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്യും. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ് ആമുഖ പ്രഭാഷണം നടത്തും.

സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ ബിനു ജോര്‍ജ് വര്‍ഗീസ് സ്വാഗതം ആശംസിക്കുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ ആര്‍.ഹരികുമാര്‍, പദ്മശ്രീ അവാര്‍ഡ ജേതാക്കളായ ഡോ പി.ടി. ഉഷ, കെ.എം. ബീനാമോള്‍, കായിക വകുപ്പു സെക്രട്ടറി എം. ശിവശങ്കര്‍, ദേശീയ ഗെയിംസ് ചിഫ് കമ്മീഷണര്‍ ജേക്കബ് പുന്നൂസ്, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് എം.എം. അബ്ദുള്‍ റഹിമാന്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ എസ്. രാജീവ്, ഡോ ജി. ബിപിന്‍, കായിക യുവജന കാര്യാലയം ഡയറക്ടര്‍ പി. പുകഴേന്തി, എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫേഴ്സ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ എസ്. നജുമുദ്ദീന്‍, അര്‍ജുന അവാര്‍ഡ് ജേതാക്കളായ പി.ജെ. ജോസഫ്, ഓമനകുമാരി, സിറിള്‍ സി.വള്ളൂര്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഡി. ചന്ദ്രലാല്‍, അന്തര്‍ദേശീയ കായിത താരങ്ങളായ സുഭാഷ് ജോര്‍ജ്, ജയ്സമ്മ മുത്തേടം എന്നിവര്‍ പങ്കെടുക്കും.

Print Friendly, PDF & Email

Leave a Comment