ആദ്യകാല കുടിയേറ്റക്കാര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രവാസലോകത്തെ വേരുകളാണ്: മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്ത

MarNicholovosSpeaking1ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല കുടിയേറ്റക്കാരായ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ ഈ പ്രവാസ ലോകത്തെ സഭയുടെ രൂപീകരണത്തിനും, വളര്‍ച്ചയ്ക്കും അക്ഷീണം പ്രവര്‍ത്തിച്ചവരാണെന്നും, ഇന്നാട്ടില്‍ സഭയുടെ വേരുകള്‍ ഉറപ്പിക്കാന്‍ കാരണക്കാരായവരാണെന്നും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സെക്കറിയാസ് മാര്‍ നിക്കോളാവോസ് പ്രസ്താവിച്ചു. ന്യൂയോര്‍ക്കിലെ ക്വീന്‍സ്, ബ്രൂക്ക്‌ലിന്‍, ലോംഗ് ഐലന്റ് ഏരിയായിലെ സപ്തതി പിന്നിട്ട വിശ്വാസികളെ ആദരിക്കാന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി 11-ാം തിയ്യതി ഞായറാഴ്ച എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലായിരുന്നു സമ്മേളനം നടന്നത്. ഇവിടെ സഭാ നേതൃത്വം പള്ളികള്‍ ഉണ്ടാക്കി വിശ്വാസികള്‍ക്കു കൊടക്കുകയല്ല, മറിച്ച് ഉപരിപഠനത്തിനും മറ്റുമായി ഇവിടെ എത്തിയ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ചെറിയ കൂട്ടായ്മകളായി ആരാധാനകള്‍ നടത്തുകയും, ആരാധനാലയങ്ങള്‍ ഉണ്ടാക്കുകയുമാണ് ചെയ്തിട്ടുള്ളത്. പിന്നീട് സഭാ നേതൃത്വത്തില്‍ നിന്ന് അംഗീകാരവും സഹായവും ലഭിക്കുകയുണ്ടായി. അമേരിക്കന്‍ ഭദ്രാസനങ്ങളിലെ സഭാ പ്രവര്‍ത്തനങ്ങള്‍ മലങ്കര ഓര്‍ത്തഡേക്‌സ് സഭയ്ക്കു തന്നെ മാതൃകയായി പരിണമിച്ചുവെന്ന് പരിശുദ്ധ കാത്തോലിക്കാ ബാവായുടെ തന്നെ വാക്കുകള്‍ ഉദ്ധരിക്കുച്ചുകൊണ്ട് മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ 70 വയസ്സ് കഴിഞ്ഞവരെ ആദരിക്കുന്നതിന്റെ ഭാഗമായി, ജനുവരി 11-ാം തിയ്യതി ഞായറാഴ്ച നടന്ന സമ്മേളനത്തില്‍ ക്വീന്‍സ്, ബ്രൂക്ക്‌ലിന്‍, ലോംഗ് ഐലന്റ് പ്രദേശത്തുള്ള സീനിയേഴ്‌സിനോടും, വൈദികരോടുമൊപ്പം ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളും മറ്റു ആത്മീയസംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.

PhiliposeSpeaking1ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച അഭി. സെക്കറിയാസ് മാര്‍ നിക്കോളാവോസ് മെത്രപ്പോലീത്ത, ഉപഹാരങ്ങള്‍ നല്‍കി സപ്തതി പിന്നിട്ടവരെ ആദരിച്ചു. ഈ ഭദ്രാസനത്തിലെ മുതിര്‍ന്നവരെ ആദരിക്കാന്‍ ലഭിച്ച അവസരം തനിക്കുള്ള ആദരവായി കാണുന്നുവെന്ന് മെത്രാപ്പോലീത്താ കൂട്ടിച്ചേര്‍ത്തു. ജീവിതായോധനത്തിനുള്ള പരക്കം പാച്ചിലിനിടയിലും ദൈവവേലയ്ക്കും സഭാസേവനത്തിനുമായി സമയം കണ്ടെത്തിയ ആദ്യകാല കുടിയേറ്റക്കാര്‍ കേവല പുരസ്‌കാരങ്ങള്‍ക്കും അപ്പുറം പരിഗണിക്കപ്പെടേണ്ടവരാണെന്നും ഇവര്‍ക്കായി ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു എന്നും, ഈ പുരസ്‌കാര പരിപാടികളുടെ ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ കൗണ്‍സില്‍ മെംബര്‍ ഫിലിപ്പോസ് ഫിലിപ്പ് തന്റെ അവതരണ പ്രസംഗത്തില്‍ പ്രസ്താവിച്ചു. ഈ നാട്ടില്‍ തന്നെ ജനിച്ചു വളര്‍ന്ന അനേക യുവാക്കള്‍ പൗരോഹിത്യ ജീവിതത്തിലേക്കുള്ള വിളി സ്വീകരിക്കുന്നു എന്നുള്ള വസ്തുത എല്ലാ നേട്ടങ്ങളുടെ മുന്‍പന്തിയില്‍ നിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഇടവക ഉള്‍പ്പടെ പല ഇടവകകളിലുമുള്ള മുതിര്‍ന്നവര്‍ ഇന്നും സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണെന്നും, അവരുടെ സംഭാവനകള്‍ അനിവാര്യമായി തുടരുന്നുവെന്നും, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി വെരി. റവ. യേശുദാസന്‍ പാപ്പന്‍ കോര്‍ എപ്പിസ്‌കോപ്പ തന്റെ സ്വാഗത പ്രസംഗത്തില്‍ പ്രസ്താവിച്ചു.

Ajithspeaking1ഞായറാഴ്ച 3 മണിയ്ക്ക് സെന്റ് ഗ്രിഗോറിയോസ് എല്‍മോണ്ട് പള്ളിയിലെ തന്നെ അംഗമായ ജോസ് പാപ്പന്റെ നേതൃത്വത്തില്‍ മിനി കോശി, സജി കോശി എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ ആരംഭിച്ചു.

നവതിയുടെ നിറവിലെത്തിയ ശ്രീമിതി മറിയാമ്മ ചാക്കോ ആലപിച്ച ഗാനം സദസ്സിന് ഉണര്‍വ്വു നല്‍കി. സ്രഷ്ടാവിന് സൃഷ്ടിയോടുള്ള ബന്ധത്തേയും സ്‌നേഹത്തെയും, മറിച്ച് സൃഷ്ടികള്‍ക്കുണ്ടാകേണ്ട സമര്‍പ്പണത്തെയും ഉദ്ധരിച്ചു കൊണ്ടുള്ളതായിരുന്നു ആ ഗാനം. ആദരവ് ഏറ്റുവാങ്ങിയ സീനിയേഴ്‌സിനെ പ്രതിനിധീകരിച്ച് കോശി ഫിലിപ്പ് (സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ച്, എല്‍മോണ്ട്), ശ്രീമതി സരോജാ വര്‍ഗീസ് (സെന്റ് മേരീസ് ചര്‍ച്ച്, വെസ്റ്റ് സേവില്‍), എന്നിവര്‍ സംസാരിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സില്‍ ആദ്യമായി മുതിര്‍ന്നവരെ ആദരിയ്ക്കാന്‍ തയ്യാറായത് തികച്ചും അഭിനന്ദനമര്‍ഹിക്കുന്ന കാര്യമാണെന്നും, കൗണ്‍സിലിന്റെ എല്ലാ തരത്തിലുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനശൈലി തികച്ചും അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പ്രസ്താവിച്ചു.

സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ലോംഗ് ഐലന്റ് , സെന്റ് ഗ്രിഗോറിയോസ്, എല്‍മോണ്ട്, സെന്റ് ബേസില്‍, ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍, സെന്റ് ഗ്രിഗോറിയോസ്, ചെറി ലെയിന്‍, സെന്റ് മേരീസ്, വെസ്റ്റ് സേവില്‍, സെന്റ് മേരീസ്, ജാക്‌സണ്‍ ഹൈറ്റ്‌സ്, സെന്റ് ബസേലിയോസ്, ബ്രൂക്ക്‌ലിന്‍, സെന്റ് സ്റ്റീഫന്‍സ്, ലോംഗ് ഐലന്റ് എന്നീ പള്ളികളില്‍ നിന്നുള്ള മുതിര്‍ന്നവരെയാണ് ഈ സമ്മേളനത്തില്‍ ആദരിച്ചത്. 120 പേര്‍ ഈ മുതിര്‍ന്നവരായ ആദരണീയരുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ക്വീന്‍സ്, ബ്രൂക്ക്‌ലിന്‍, ലോംഗ് ഐലന്റ് റീജിയന്റെ ചുമതലയുള്ള ഈ പരിപാടികളുടെ ഏരിയാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായുള്ള അജിത് വട്ടശ്ശേരില്‍ കൃതജ്ഞതയര്‍പ്പിച്ചു. കൗണ്‍സില്‍ മെംബര്‍ ഷാജി വര്‍ഗീസ് വേദിയില്‍ സന്നിഹിതനായിരുന്നു. ഭദ്രാസന അല്‍മായ ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട് എം.സി.യായി ചടങ്ങുകള്‍ നിയന്ത്രിച്ചു. സെന്റ് ഗ്രിഗോറിയോസ് പള്ളി ഇടവകാംഗങ്ങള്‍ പരിപാടിയുടെ വിജയത്തിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തി.

senioraudience1Varghesespeakingandaudience1

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment