ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ പാരീഷ്‌ കൌണ്‍സില്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റു

newsparishcouncil_picട്രസ്റ്റിമാര്‍: ആന്റണി ഫ്രാന്‍സീസ്‌, മനീഷ്‌ ജോസഫ്‌, ഷാബു മാത്യു, പോള്‍ പുളിക്കന്‍

ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ 2015– 16 നടപ്പുവര്‍ഷത്തേക്കുള്ള പുതിയ പാരീഷ്‌ കൌണ്‍സില്‍ 2015 ജനുവരി 1-ന് ഔദ്യോഗികമായി നിലവില്‍ വന്നു. ജനുവരി 11-ന്‌ എട്ടുമണിയുടെ വിശുദ്ധ കുര്‍ബാന മധ്യേ പുതിയ ട്രസ്റ്റി (കൈക്കാരന്മാര്‍)മാരും മറ്റ്‌ പാരീഷ്‌ കൌണ്‍സില്‍ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റു. ആന്റണി ഫ്രാന്‍സീസ്‌, മനീഷ്‌ ജോസഫ്‌, ഷാബു മാത്യു, പോള്‍ പുളിക്കന്‍ എന്നിവരാണ്‌ പുതിയ ട്രസ്റ്റിമാരായി സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റത്‌. രൂപതയോടും ഇടവകയോടും, രൂപതാധ്യക്ഷനോടും, ഇടവക വികാരിയോടുമുള്ള പൂര്‍ണ്ണമായ വിധേയത്വവും അനുസരണയും പ്രഖ്യാപിച്ചുകൊണ്ട്‌ വി. ബൈബിളില്‍ കൈവെച്ചാണ്‌ നാലു ട്രസ്റ്റിമാരും സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റത്‌. തുടര്‍ന്ന്‌ 33 അംഗങ്ങളടങ്ങിയ പാരീഷ്‌ കൌണ്‍സിലിലെ മറ്റ്‌ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനമേറ്റു.

കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞുനിന്ന വിശ്വാസികളെ സാക്ഷിനിര്‍ത്തിയും, ബഹു. സഹ വികാരി ഫാ. റോയി മൂലേച്ചാലിലിന്റെ മഹനീയ സാന്നിധ്യത്തിലും ആയിരുന്നു ബഹു. വികാരിയായ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്ത്‌ ആ മഹനീയവും ആത്മീയവുമായ സത്യപ്രതിജ്ഞാകര്‍മ്മത്തിന്‌ നേതൃത്വം കൊടുത്തത്‌.

ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ശ്രീകോവിലായ, ഭദ്രാസന ദേവാലയമായ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലിന്റെ വികാരിയായി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സ്ഥാനമേറ്റത്‌ ഒക്‌ടോബര്‍ അഞ്ചിനായിരുന്നു.

തനിയാവര്‍ത്തനങ്ങള്‍ ലഘൂകരിച്ചും പുതുമുഖങ്ങളെ ചേര്‍ത്തും പുതിയ കൌണ്‍സില്‍ രൂപീകരിച്ചതില്‍ ഷിക്കാഗോ കത്തീഡ്രലിന്റെ അത്മീയചിന്താസരണിയില്‍ അതിന്റെ നേതൃഭാവം നിര്‍ണ്ണയിക്കുന്നതില്‍ ബഹു. അഗസ്റ്റിന്‍ അച്ചന്‍ കാണിച്ച നലംതികഞ്ഞ ആത്മീയതന്ത്രജ്ഞതയും നേതൃപാടവവും ശ്ശാഘനീയമാണ്‌.

അറിവിന്റെ അക്ഷയഖനിയും ഒന്നാംതരം ആത്മീയലീഡര്‍ മെറ്റീരിയലും കാലത്തിനൊപ്പം നടക്കുമ്പോഴും കാലത്തിനപ്പുറം കാണാന്‍ കഴിയുന്ന ക്രാന്തദര്‍ശിയും നിന്ന മണ്ണം ശ്വസിച്ച വായുവും തിരിച്ചറിഞ്ഞ തപോചൈതന്യമുള്ള യാഥാര്‍ത്ഥ്യവാദിയും കാലദേശ യാഥാര്‍ത്ഥ്യങ്ങളേയും വൈരുദ്ധ്യങ്ങളേയും കണ്ടറിഞ്ഞ ഒരിക്കലും ഒരു കേവല സിദ്ധാന്തവാദിയല്ലാത്ത കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലിന്‌ കത്തീഡ്രല്‍ ഇടവകയുടെ സ്വപ്‌നങ്ങളത്രയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുവെന്നുള്ളതും അവയത്രയും പൂവണിയിക്കുന്നതിനുള്ള ഇച്ചാശക്തിയും ആര്‍ജവത്വവും തന്നില്‍ നിഴലിക്കുന്നു എന്നുള്ളതും ഇടവകയിലെ വിശ്വാസികളെ സംബന്ധിച്ച്‌ വളരെ ആശാവഹമായ കാര്യമാണ്‌. ഇടവകയുടെ എല്ലാ ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളിലും സഹ വികാരി എന്ന നിലയില്‍ ബഹു. ഫാ. റോയി മൂലേച്ചാലില്‍ നാളിതുവരെ കാണിച്ച തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള തുറന്ന സമീപനത്തോടെയുള്ള കാഴ്‌ചപ്പാടുകളും ഇടവകയുടെ സമഗ്ര വികസനത്തിനും ആത്മീയ ഉയര്‍ച്ചയ്ക്കും പുതിയ വാതായനങ്ങള്‍ തുറക്കുന്നതിന്‌ ഹേതുവാണ്‌.

തദവസരത്തില്‍ രണ്ടുവര്‍ഷക്കാലമായി സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിച്ച കഴിഞ്ഞ പാരീഷ്‌ കൌണ്‍സിലിലെ എല്ലാ അംഗങ്ങളേയും പ്രത്യേകിച്ച്‌ ട്രസ്റ്റിമാരായിരുന്ന ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള, മനീഷ്‌ ജോസഫ്‌, സിറിയക്‌ തട്ടാരേട്ട്‌ എന്നിവരേയും കൌണ്‍സില്‍ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്‌ഠിച്ച ശ്രീമതി ഐഷാ ലോറന്‍സിനേയും ബഹു. അഗസ്റ്റിനച്ചന്‍ വലിയ ആദരവോടെയും നന്ദിയോടെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്‌മരിച്ചു.

ഇതോടൊപ്പം എല്ലാ പ്രധാന രേഖകളും താക്കോലുകളും കൈമാറിക്കൊണ്ട്‌ ഔദ്യോഗികമായി അധികാര കൈമാറ്റം നടന്നു.

അവസാനമായി ഷിക്കാഗോ രൂപതയുടെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഷിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലിന്റെ പെരുമയുയര്‍ത്തി കലാതിവര്‍ത്തിയായ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട്‌ ദീര്‍ഘവീക്ഷണത്തോടെ വൈവിധ്യങ്ങളുടെ ഏകതയിലേക്കും ഒരുമയുടെ കാഴ്‌ചപ്പാടിലേക്കും നയിക്കുന്ന ക്രൈസ്‌തവ ജീവിതശൈലിയിലേക്ക്‌ ഏവരേയും ആഹ്വാനം ചെയ്യുകയും പക്വവും ക്രിയാത്മകവും ശക്തവുമായ പ്രവര്‍ത്തനങ്ങളാല്‍ ഇടവകയുടെ സമഗ്ര വികസനവും ആദ്ധ്യാത്മിക ഉയര്‍ച്ചയും ലക്ഷ്യമിട്ട്‌ നമ്മുടെ സഭയേയും വിശ്വാസ സമൂഹത്തേയും നയിക്കുന്ന രീതിയിലുള്ള ശുഭവിചാരത്തോടുകൂടിയും ഏവര്‍ക്കും സഹകരണത്തിന്റേയും വിട്ടുവീഴ്‌ചയുടേയും മനോഭാത്തോടുകൂടിയും പ്രവര്‍ത്തിക്കണമെന്നും പറഞ്ഞുകൊണ്ട്‌ ബഹു. വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment