കേന്ദ്രസര്‍ക്കാര്‍ മത്സ്യബന്ധന നയം പുനഃപരിശോധിക്കണം; തീരദേശ ജനതയുടെ പ്രക്ഷോഭണങ്ങള്‍ക്ക് പിന്തുണ നല്‍കും: ഇന്‍ഫാം

Titleകൊച്ചി: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി ഡോ.മീനാ കുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന മത്‌സ്യബന്ധന നയം പുനഃപരിശോധിക്കണമെന്നും തീരദേശജനതയുടെ ജീവിക്കുവാനുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ് (ഇന്‍ഫാം) ദേശീയ സമിതി.

പുതിയ മത്‌സ്യബന്ധന നയപ്രകാരം കേന്ദ്രസര്‍ക്കാര്‍ വിദേശ കപ്പലുകള്‍ക്കായി ഇന്ത്യയുടെ കടല്‍ത്തീരം തീറെഴുതിക്കൊടുക്കുകയാണ്. ഇതിനുള്ള ന്യായവാദമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് 500 മീറ്റര്‍ ആഴത്തിനപ്പുറത്ത് കടലില്‍ നിന്ന് മത്സ്യം പിടിക്കാനുള്ള വൈദഗ്ദ്ധ്യം ഇന്ത്യക്കാര്‍ക്കില്ലെന്നാണ്. ഇന്ത്യന്‍ കടല്‍ത്തീരത്ത് വിദേശ കപ്പലുകളുടെ ഇടപെടലുകള്‍, 8460 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ തീരദേശത്ത് മത്സ്യബന്ധനം പരമ്പരാഗതമായി ഉപജീവനമായി സ്വീകരിച്ചിരിക്കുന്ന ജനങ്ങളെ നിത്യദുരിതത്തിലാക്കും. ഇന്ത്യന്‍ കടലില്‍ നിന്ന് വിദേശ കപ്പലുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്ന 1997ലെ മൂരാരി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടല്‍ മത്സ്യബന്ധന സാങ്കേതികവിദ്യ പഠിപ്പിക്കണമെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ ഇതിനു വിരുദ്ധമായുള്ള പുതിയ മത്‌സ്യബന്ധന നയം അംഗീകരിക്കാനാവില്ലെന്നും തീരദേശ ജനതയുടെ പ്രക്ഷോഭണങ്ങളില്‍ ഇന്‍ഫാം പങ്കുചേരുമെന്നും ദേശീയ സമിതി സൂചിപ്പിച്ചു.

തീരപരിപാലന നിയമത്തിന്റെ പേരില്‍ തീരദേശവാസികളുടെ ഭവനനിര്‍മ്മാണത്തിനും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മലയോരജനതയെപ്പോലെ തീരദേശവാസികളും കൈവശഭൂമിക്ക് പട്ടയമില്ലാതെ സ്വന്തം മണ്ണില്‍ അന്യനേപ്പോലെ ജീവിക്കേണ്ടിവരുന്ന അതീവഗുരുതരാവസ്ഥ നിലനില്‍ക്കുന്നു. മലനാട്ടിലും ഇടനാട്ടിലുമുള്ള വിവിധ കര്‍ഷകപ്രസ്ഥാനങ്ങളുടെ സമ്പൂര്‍ണ്ണ പിന്തുണ തീരദേശനിവാസികളുടെ ജീവിക്കാനുള്ള പോരാട്ടത്തിനുണ്ടാകുമെന്ന് ഇന്‍ഫാം വ്യക്തമാക്കി.

ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ലാക്കല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.സി.സിറിയക്, ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോര്‍ജ്ജ്, അഡ്വ.പി.എസ്.മൈക്കിള്‍, കെ.മൈയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോര്‍ജ്ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്.മാത്യു മാമ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

One Thought to “കേന്ദ്രസര്‍ക്കാര്‍ മത്സ്യബന്ധന നയം പുനഃപരിശോധിക്കണം; തീരദേശ ജനതയുടെ പ്രക്ഷോഭണങ്ങള്‍ക്ക് പിന്തുണ നല്‍കും: ഇന്‍ഫാം”

  1. The comments made by INFAM have shot things in the right direction. An in depth analysis of the issues faced by the fishermen in India. Best wishes..

Leave a Comment