Flash News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍: പുതുവര്‍ഷസമ്മേളനം

January 22, 2015 , മണ്ണിക്കരോട്ട്

IMG_1518ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ 2015-ലെ പ്രഥമ സമ്മേളനം­ ജനുവരി 18-ന് വൈകീട്ട് 4 മണിയ്ക്ക് സ്റ്റാഫര്‍‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. ടോം വിരിപ്പന്റെ ‘പ്രമാണി’ എന്ന കവിതയും ജോസഫ് തച്ചാറയുടെ ‘ആര്’ എന്ന കഥയുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സമ്മേളനത്തില്‍ പുതുതായി പങ്കെടുത്ത ജോസ് കാക്കനാട്ടിനെയും കുര്യന്‍ മ്യാലില്‍നെയും പരിചയപ്പെടുത്തി. അതോടൊപ്പം ചര്‍ച്ചയ്ക്കുള്ള വിഷയങ്ങളെക്കുറിച്ച് ചുരുക്കമായി സംസാരിക്കുകയും ചെയ്തു.

ആദ്യമായി ടോം വിരിപ്പന്റെ ‘പ്രമാണി’ എന്ന കവിതയാണ് ചര്‍ച്ചെയ്‌ക്കെടുത്തത്. കള്ളവും കവര്‍ച്ചയും പിടിച്ചുപറിയും കൈമുതലായി സമ്പാദിച്ച സമ്പത്തിന്റെ പെരുമയില്‍ പകല്‍ മാന്യന്മാരായി വിലസുന്ന പ്രമാണിമാരുടെ അന്ത്യം എങ്ങനെയായിരിക്കുമെന്ന് കവി ചുരുങ്ങിയ വരികളിലൂടെ സൂചിപ്പിക്കുന്നു. ഞാന്‍ ഇവിടെ ഒരു തുരുത്തിലാണ്. എനിക്കു ചുറ്റും അന്ധകാരമാണ്. അദ്ദേഹം സമര്‍ത്ഥിക്കുന്നു. അവസാന നാളില്‍ സത്യം തിരിച്ചറിയുന്ന ഒരു പ്രമാണിയുടെ ദീനരോദനം ഇവിടെ വെളിവാക്കപ്പെടുകയാണ്. എന്നാല്‍ അധ്വാനിയും പരോപകാരിയുമായ സാധാരണക്കാരന് നന്മയുടെ പ്രസാദം പ്രദാനമാകുന്നതും കവി വെളിപ്പെടുത്തുന്നുണ്ട്. “എനിക്കു ചുറ്റും ഒരു ദിവ്യപ്രകാശമാണ്. ഞാന്‍ കേള്‍ക്കുന്നത് ഒരു ശാന്തസംഗീതമാണ്.” ഇന്നത്തെ സാമൂഹ്യനിതിയുടെ ഒരു നേര്‍ക്കാഴ്ചകൂടി ഇവിടെ അനാവരണം ചെയ്യുകയാണ് കവി.

ചര്‍ച്ചയില്‍ കവിതയുടെ മികവുകളോടൊപ്പം കുറവുകളും എടുത്തുകാണിക്കാന്‍ സദസ്യര്‍ മറന്നില്ല.

തുടര്‍ന്ന് ജോസഫ് തച്ചാറയുടെ ‘ആര്?’ എന്ന ചെറുകഥ അവതരിപ്പിച്ചു. ജീവിതത്തില്‍ എന്തൊക്കെ അവസരങ്ങളുണ്ടായാലും മനസ് ദുര്‍ബ്ബലപ്പെടാം. അത്തരം ദുര്‍ബ്ബല മനസുകള്‍ പലപ്പോഴും അനിഷ്ടസംഭവങ്ങള്‍ക്ക് വഴിതെളിയിക്കുകയും ചെയ്യും. പ്രത്യേകിച്ച് ദുര്‍ബ്ബലമായ മനസിലൂടെ അനിഷ്ടപ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് സ്‌നേഹിതരുടെ പ്രേരണകൂടിയാകുമ്പോള്‍, അത് അറിഞ്ഞൊ അറിയാതെയൊ ആയിക്കൊള്ളട്ടെ അപകടത്തിനു കാരണമാകുകയും ചെയ്യും. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന മനുഷ്യനില്‍ സ്‌നേഹിതന്റെ പാഴ്‌വാക്ക് എങ്ങനെ അപകടത്തിലേക്കു നയിക്കുന്നുവെന്ന് തെളിയിക്കുകയാണ് ‘ആര്?’ എന്ന കഥയിലൂടെ തച്ചാറ.

തുടര്‍ന്ന് അവതരിപ്പിച്ച വിഷയങ്ങളെ കൂലങ്കഷമായി ചര്‍ച്ച ചെയ്തു. വിഷയങ്ങളോടനുബന്ധിച്ച കഥകളും ഉപകഥകളും സദസ്യര്‍ അവതരിപ്പിച്ച് വിഷയങ്ങളുടെ അര്‍ത്ഥം വ്യക്തമാക്കി. തോമസ് വര്‍ഗ്ഗീസ്, ജി. പുത്തന്‍കുരിശ്, ടോം വിരിപ്പന്‍, സജി പുല്ലാട്, പൊന്നു പിള്ള, ടി.ജെ.ഫിലിപ്പ്, ജോസഫ് തച്ചാറ, മണ്ണിക്കരോട്ട്, തോമസ് വൈക്കത്തുശ്ശേരി, ജോര്‍ജ് ഏബ്രഹാം, ജോസഫ് മണ്ഡവത്തില്‍, ജോസ് കാക്കനാട്ട്, കുര്യന്‍ മ്യാലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചര്‍ച്ചയ്ക്കുശേഷം കലാകാരനും ഗായകനുമായ ജോസഫ് മണ്ഡവത്തിലിന്റെ ഗാനാലപനം സദസ്യര്‍ ഏറെ ആസ്വദിച്ചു. പൊന്നു പിള്ളയുടെ നന്ദി പ്രസംഗത്തോടെ 6.30-ന് സമ്മേളനം സമാപിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

IMG_1519 IMG_1520 IMG_1521


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top