ബാലകൃഷ്ണ പിള്ള മുന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു

balakrishna pillai,r1തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മുന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ഇന്നലെ തിരുവനന്തപുരത്തെത്തിയ പിള്ള കേരള കോണ്‍ഗ്രസ് ബി ഭാരവാഹി മനോജ് വഴി മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറി. രാജിക്കത്ത് സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആദ്യം വിസമ്മതിച്ചു. പിള്ളയുടെ നില പാടില്‍ മാറ്റമില്ലെന്ന് മനോജ് അറിയിച്ചപ്പോള്‍, 28ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്തി മ തീരുമാനമെടുക്കാമെന്ന് മുഖ്യ മന്ത്രി അറിയിക്കുകയായിരുന്നു. ഔദ്യോഗിക വാഹനവും പിള്ള തിരികെ നല്‍കിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് ബി മുന്നണി വിട്ടാല്‍ യുഡിഎഫിന്‍റെ മുഖം വികൃതമാകുമെന്നു പിള്ള പറഞ്ഞു. മുന്‍പും പലപ്രശ്നങ്ങളിലും മന്ത്രിമാര്‍ ധാര്‍മികതയുടെ പേരില്‍ രാജിവച്ചിട്ടുണ്ട്. യുഡിഎഫ് സ്വീകരിക്കുന്ന നടപടികളില്‍ താന്‍ വ്രണിത ഹൃദയനാണ്.

28 നു ചേരുന്ന യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ബിയെ മുന്നണിക്കു പുറത്താക്കുമെന്നാണു സൂചന. അതേസമയം രാജിവയ്ക്കരുതെന്ന ഉപദേശം മുന്നണി നേതാക്കളില്‍നിന്നും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിള്ളയെ പുറത്താക്കണമെന്ന് ആവശ്യപ്പെടില്ലെന്നു കേരള കോണ്‍ഗ്രസ് എം അറിയിച്ചിട്ടുണ്ട്. മുസ്ലിം ലീഗിനും സമാന അഭിപ്രായമാണുളളത്. കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതേ നിലപാടു പങ്കുവയ്ക്കുന്നുണ്ട്. പിള്ളയെ പുറത്താക്കിയാല്‍ യുഡിഎഫ് അഴിമതിക്കാരുടെ പാര്‍ട്ടിയാണെന്ന പ്രചാരണത്തിനു സ്ഥിരീകരണം നല്‍കലായിരിക്കും അതെന്നാണ് ഇക്കൂട്ടരുടെ വാദം.കെ.എം. മാണിക്കെതിരെ ബാലകൃഷ്ണപിള്ള ഒന്നും പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തേ പറഞ്ഞിരുന്നു. ഇക്കാര്യം പരുമല പള്ളിയില്‍ വന്നു സത്യം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി തയാറാണോ എന്നു പിള്ള വെല്ലുവിളിക്കുകയും ചെയ്തു.

ബാലകൃഷ്ണ പിള്ളയുടെ വെല്ലുവിളിയ്ക്കുള്ള മറുപടി ഈ മാസം 28 ന് ചേരുന്ന യുഡിഎഫ് യോഗത്തിനു ശേഷം നല്‍കാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അഴിമതിക്കാര്‍ക്കെതിരേ പ്രതികരിച്ചതിന്‍റെ പേരില്‍ തന്നെ പുറത്താക്കിയാല്‍ സന്തോഷപൂര്‍വം സ്വാഗതം ചെയ്യുമെന്നും പിളളയും വ്യക്തമാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment