നാലു മന്ത്രിമാര്‍ കൂടി കോഴക്കുരുക്കില്‍

km-mani-biju-rameshതിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് പുറമെ നാലു മന്ത്രിമാര്‍കൂടി കോഴ കൈപ്പറ്റിയെന്ന് ശബ്ദരേഖ. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രാജ്കുമാര്‍ ഉണ്ണിയുടേതാണ് ഈ ശബ്ദരേഖ. ഇവര്‍ കോണ്‍ഗ്രസ് മന്ത്രിമാരാണെന്ന് ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ വിധി തങ്ങള്‍ക്ക് അനുകൂലമാകുമ്പോള്‍ സര്‍ക്കാര്‍ അപ്പീലിന് പോയാല്‍ കോഴ കൈപ്പറ്റിയ മറ്റുമന്ത്രിമാരുടെ പേരുകൂടി വെളിപ്പെടുത്തണമെന്ന് ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡി. രാജ്കുമാര്‍ ഉണ്ണി അസോസിയേഷന്‍ യോഗത്തില്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ബാര്‍ കോഴ പുറത്തുവിട്ട ബിജു രമേശാണ് ഇത് ചാനലുകള്‍ക്ക് നല്‍കിയത്.

എന്നാല്‍, മന്ത്രിമാര്‍ ആരാണെന്നോ എത്രതുക കൈമാറിയെന്നോ സംഭാഷണത്തില്‍ ഇല്ല. ബിജു രമേശുമായുള്ള സംഭാഷണത്തില്‍ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാലകൃഷ്ണപിള്ളയുടെയും പി.സി. ജോര്‍ജിന്‍െറയും പ്രസ്താവനകള്‍ ചര്‍ച്ച ചെയ്യാന്‍ യു.ഡി.എഫ് യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിനെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തല്‍ വന്നത്.

പാലാരിവട്ടത്തെ ഹോട്ടലില്‍ ചേര്‍ന്ന ബാര്‍ ഉടമ അസോസിയേഷന്‍െറ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ എല്ലാവരുടെയും അനുവാദത്തോടെ റെക്കോഡ് ചെയ്ത ടേപ്പിലെ പ്രസക്ത ഭാഗങ്ങളാണ് പുറത്തുവിട്ടതെന്ന് ബിജു പറഞ്ഞു. പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് ബാര്‍ ഉടമകള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത് ബുധനാഴ്ച പുറത്തുവന്ന ശബ്ദരേഖയില്‍ വ്യക്തമാണ്. അങ്ങനെയെങ്കില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഇടങ്കോലിടുകയും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുകയും ചെയ്താല്‍ വാര്‍ത്താസമ്മേളനം നടത്തി കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തണമെന്നും ബാര്‍ ഉടമകള്‍ പറയുന്നുണ്ട്.

മാണിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയപ്പോള്‍ മറ്റുമന്ത്രിമാര്‍ കാലുപിടിച്ചതിനാലാണ് അവരുടെ പേരുകള്‍ പുറത്തുവിടാത്തതെന്നും ആരൊക്കെ തന്നോടൊപ്പം വാര്‍ത്താസമ്മേളനം നടത്താന്‍ വേദിയിലുണ്ടാകുമെന്നും ബിജു ആവര്‍ത്തിച്ചു ചോദിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് പ്രതികൂല നീക്കമുണ്ടായാല്‍ വാര്‍ത്താസമ്മേളനം വിളിച്ച് കോഴവാങ്ങിയ മറ്റുമന്ത്രിമാരുടെ വിവരങ്ങള്‍ വണ്‍, ടു, ത്രീ, ഫോര്‍ എന്ന് വെളിപ്പെടുത്താന്‍ താന്‍ തയാറാണെന്ന് രാജ്കുമാര്‍ ബിജുവിന് ഉറപ്പുനല്‍കുന്നുണ്ട്. ഇതിന് മറ്റുബാര്‍ ഉടമകളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. എല്ലാം പറഞ്ഞേറ്റിട്ട് ഒടുവില്‍ കാലുമാറരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്നും ബിജു രമേശ് ആവര്‍ത്തിക്കുന്നു.

Print Friendly, PDF & Email

Leave a Comment