ന്യൂഡല്‍ഹി: പുതിയ വിദേശകാര്യ സെക്രട്ടറിയായി എസ്. ജയ്ശങ്കറിനെ നിയമിച്ചതു വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയതു മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ മോഹം. 2013 ല്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തേക്ക് ജയ്ശങ്കറിനെയാണു മന്മോഹന് സിങ് പരിഗണിച്ചത്. എന്നാല്‍ അവസാന നിമിഷം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം സുജാത സിങ്ങിനെ നിയമിക്കുകയായിരുന്നു. മുന്‍ ഇന്റലിജന്‍സ് മേധാവിയും കോണ്‍ഗ്രസിന്റെ വിശ്വസ്തനുമായിരുന്ന ടി.വി. രാജേശ്വര് ആയിരുന്നു സുജാതയുടെ പിതാവ്.
കോണ്‍ഗ്രസ് ഭരണകാലത്ത് വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ചായിരുന്നു സോണിയയുടെ നിര്‍ദേശം. തുടര്‍ന്ന് ജയ്ശങ്കറിനെ അമെരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുകയായിരുന്നു. നയതന്ത്രതലത്തില്‍ സുജാതയെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയായിരുന്നു ജയ്ശങ്കര്. ഇതു കണക്കിലെടുത്തായിരുന്നു മന്മോഹന് സിങ്ങിന്റെ ശുപാര്‍ശ.
അമെരിക്കയിലെ ഇന്ത്യന്‍ അംബാസഡറായി ചുമതലയേറ്റതിനു പിന്നാലെയാണു ദേവയാനി ഖോബ്രഗഡെയെ അറസ്റ്റ് ചെയ്ത വിവാദം ഉയര്‍ന്നത്. ഈ വിഷയം ഉഭയകക്ഷി ബന്ധം വഷളാകാത്ത രീതിയില്‍ പരിഹരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ജയ്ശങ്കര്. 2014 സെപ്റ്റംബറില്‍ നരേന്ദ്ര മോദിയുടെ ആദ്യ അമെരിക്കന്‍ സന്ദര്‍ശനം സമ്പൂര്‍ണ വിജയമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചതിനു പിന്നിലും ഇദ്ദേഹത്തിന്റെ കൈകളായിരുന്നു. ബരാക് ഒബാമ രണ്ടു തവണ ഇന്ത്യ സന്ദര്‍ശിച്ചതിലും ഇദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. ഈ കാരണങ്ങളാണു ജയ്ശങ്കറിനെ വിദേശകാര്യ സെക്രട്ടറിയായി നിയമിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനമെടുത്തത്.
1977 ബാച്ച് ഐഎഫ്എസ് ഓഫിസറാണു സുബ്രഹ്മണ്യം ജയ്ശങ്കര്. തമിഴ്നാട് സ്വദേശിയായ അദ്ദേഹത്തിന്റെ ബാല്യകാലം ന്യൂഡല്‍ഹിയിലായിരുന്നു. ന്യൂഡല്‍ഹി വ്യോമസേന സെന്‍ട്രല്‍ സ്കൂള്‍, സെന്റ് സ്റ്റീഫന്‍ കോളെജ്, ഡല്‍ഹി യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡിയില്‍ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം, 1977 മുതല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1979 മുതല്‍ 1981 വരെ മോസ്കോയിലെ ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിച്ചു. 85 മുതല്‍ 88 വരെ അമേരിക്കയിലെ ഇന്ത്യന്‍ എംബസിയില്‍ ഫസ്റ്റ് സെക്രട്ടറിയായി. 88 മുതല്‍ 90 വരെ ശ്രീലങ്കയിലെ പൊളിറ്റിക്കല്‍ ഓഫിസര്‍, സമാധാന സേനയുടെ ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സിംഗപ്പുരിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍, ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍, അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നാലര വര്‍ഷത്തോളം ചൈനയിലെ ഇന്ത്യന്‍ അംബസഡറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്ത് അദ്ദേഹം ടിബറ്റില്‍ സന്ദര്‍ശനം നടത്തി. ആദ്യമായാണ് ഒരു ഇന്ത്യന്‍ അംബസഡര്‍ ടിബറ്റ് സന്ദര്‍ശിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply