തള്ളാനും കൊള്ളാനുമാകാതെ പിള്ള

R-balakrishna-pillai_0

തിരുവനന്തപുരം: സര്‍ക്കാരിനെ വെല്ലുവിളിച്ച് ആര്‍. ബാലകൃഷ്ണ പിള്ള മുന്നോട്ടു പോകുമ്പോള്‍ തള്ളിക്കളയാനാവാതെ യുഡിഎഫ്. കഴിഞ്ഞ ദിവസം ചേര്‍ന്ന മുന്നണി യോഗം പിള്ളയെ താക്കീതു ചെയ്തെങ്കിലും മുന്നണിയുടെ കെട്ടുപാടുകള്‍ക്ക് അകത്തേക്കു കയറാന്‍ അദ്ദേഹം തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണു മുന്നണി. താനുണ്ടാക്കിയ മുന്നണിയില്‍ നിന്നും സ്വയം പുറത്തു പോകില്ലെന്നാണു പിള്ളയുടെ നിലപാട്. എന്നാല്‍ മുന്നണിയില്‍ തുടരണമെങ്കില്‍ അതിന്‍റെ മര്യാദ പാലിക്കണമെന്നു പ്രതികരിച്ച മുഖ്യമന്ത്രിയെയും പ്രതിരോധത്തിലാക്കി പിള്ള തിരിച്ചടിച്ചു.

യുഡിഎഫ് സര്‍ക്കാരിലെ എല്ലാ മന്ത്രിമാരെയും അഴിമതിയുടെ പുകപടലത്തില്‍ ഉള്‍പ്പെടുത്തുകയാണു ബാലകൃഷ്ണ പിള്ള ഇന്നലെ ചെയ്തത്. ഉമ്മന്‍ ചാണ്ടിയെപ്പോലും അഴിമതിക്കാരനാണെന്ന പരോക്ഷ സൂചനയും നല്‍കി. ഒരു മന്ത്രിക്കെതിരേ രണ്ടു ദിവസത്തിനകം തന്‍റെ പാര്‍ട്ടി തന്നെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന കാര്യവും പിള്ള സൂചിപ്പിച്ചു. പരസ്യമായി വെല്ലുവിളിച്ചിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് യുഡിഎഫ്. ഇക്കാര്യത്തില്‍ യോജിച്ച അഭിപ്രായം പോലും മുന്നണി നേതാക്കള്‍ക്കിടയിലില്ല. പിള്ളയെ മുന്നണിക്കു പുറത്താക്കാനുള്ള നീക്കത്തെ നേരത്തേയും ചിലര്‍ എതിര്‍ത്തിരുന്നു. അതേത്തുടര്‍ന്നാണു പിള്ളയോടു അതൃപ്തി അറിയിക്കുന്നതില്‍ മാത്രം മുന്നണിയുടെ നടപടിയൊതുങ്ങിയത്.

എന്നാല്‍, പിന്നീടും വെല്ലുവിളിച്ചു മുന്നോട്ടു പോകുന്ന പിള്ള മുന്നണിയുടെ ചട്ടക്കൂട്ടില്‍ ഒതുങ്ങിനില്‍ക്കില്ലെന്ന വ്യക്തമാക്കിക്കഴിഞ്ഞു. പിള്ളയുടെ ഇന്നലത്തെ പത്രസമ്മേളനം വിവിധ ഘടകകക്ഷി നേതാക്കളെയും പ്രകോപിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതിനിടയിലും പിള്ളയെ പുറത്താക്കില്ലെന്ന സന്ദേശവും അവര്‍ വാക്കുകളില്‍ ഒതുക്കിവയ്ക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലും പിള്ളയെ തള്ളിപ്പറയാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയാറായിട്ടില്ല. ഇപ്പോഴും സമന്വയത്തിന്‍റെ പാത തുടരുകയാണ് ചെന്നിത്തല.

യുഡിഎഫ് നേതൃയോഗം നല്‍കിയ അവസാന അവസരവും പിള്ള കളഞ്ഞുകുളിച്ചതായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. യുഡിഎഫ് വിടാന്‍ വേണ്ടിയാണു ബാലകൃഷ്ണപിള്ള ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. മുന്നണിവിട്ടു പുറത്തു പോകാന്‍ ഉറച്ച ആളെ പിടിച്ചുനിര്‍ത്താനാവില്ല. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. പിള്ളയുടെ നടപടിയെ തള്ളിപ്പറഞ്ഞ അദ്ദേഹവും പുറത്താക്കലിനു മുന്‍കൈയെടുക്കാന്‍ തയാറല്ല.

അതേസമയം, പിള്ള യുഡിഎഫിന്‍റെ സമുന്നത നേതാവാണെന്നായിരുന്നു മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണം. പിള്ള മുന്നണിക്കു പുറത്താകുമെന്നു കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണത്തിനു പോലും കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍ തയാറായിട്ടില്ല. കേരള കോണ്‍ഗ്രസ് എമ്മും മനസു തുറന്നിട്ടില്ല. പിള്ളയെ പുറത്താക്കിയാല്‍ അദ്ദേഹത്തിനു രക്തസാക്ഷി പരിവേഷം കിട്ടുമെന്ന കാര്യത്തില്‍ മുന്നണിയില്‍ രണ്ടഭിപ്രായമില്ല. ഈ സാഹചര്യത്തില്‍ പിള്ളയെ അവഗണിച്ചു മുന്നോട്ടു പോകുകയെന്ന മാര്‍ഗം മാത്രമേ തത്കാലം യുഡിഎഫിനു മുന്നിലുള്ളൂ. അതും അധിക കാലത്തക്കു പറ്റുകയുമില്ല. അതിനാല്‍ പിള്ളയെ പുറത്താക്കാതെ ശാശ്വത പരിഹാരത്തിനു മുന്‍കൈയെടുക്കേണ്ടിവരും മുന്നണി നേതൃത്വത്തിന്.

Print Friendly, PDF & Email

Leave a Comment