Flash News

എസ്‌.ബി അലുംമ്‌നി ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷവും അവാര്‍ഡ്‌ നൈറ്റും

January 30, 2015 , ജോയിച്ചന്‍ പുതുക്കുളം

image (2)ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ക്രിസ്‌തുമസ്‌ -പുതുവത്സരാഘോഷവും, ഹൈസ്‌കൂള്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ നൈറ്റും മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ നടന്നു.

ഗുഡ്‌വിന്‍, ജാസ്‌മിന്‍, ജസ്റ്റീന, ഗ്രേസ്‌ലിന്‍ എന്നീ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടി സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ്‌ ചെറിയാന്‍ മാടപ്പാട്ട്‌ അധ്യക്ഷതവഹിച്ചു. ഷിബു അഗസ്റ്റിന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. എസ്‌.ബി അലുംമ്‌നികളായ ഡോ. റോയി തോമസും, ഡോ. ഫിലിപ്പ്‌ വെട്ടിക്കാട്ടും മുഖ്യാതിഥികളായിരുന്നു. ഇരുവരും കോളജിന്റെ വിദ്യാഭ്യാസ പെരുമയും കോളജിന്‌ നല്‍കിയിട്ടുള്ള മഹത്തായ സംഭാവനകളും പൂര്‍വ്വകലാലയ സ്‌മരണകളും സമഗ്രമായി തങ്ങളുടെ പ്രഭാഷണങ്ങളില്‍ പ്രതിപാദിച്ചു.

ഡോ. റോയി തോമസ്‌ തന്റെ ആമുഖ പ്രഭാഷണത്തില്‍ കലര്‍പ്പില്ലാത്ത സ്‌നേഹത്തിലധിഷ്‌ഠിതമായ വ്യക്തിബന്ധങ്ങളാണ്‌ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവും പരമ പ്രധാനവും ശ്രേഷ്‌ഠവുമായിട്ടുള്ളതെന്നും അല്ലാതെ സാധാരണ നമ്മുടെ ശരാശരി ചിന്താധാരയില്‍ വരുന്ന പണമോ, പ്രതാപമോ ജോലിയോ അധികാരമോ ഒന്നുമല്ല എന്നും അടിവരയിട്ടു പറഞ്ഞു.

തദവസരത്തില്‍ എസ്‌.ബി അലുംമ്‌നി ഷിക്കാഗോ ചാപ്‌റ്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഒരു ദശാബ്‌ദക്കാലമായി കൊടുത്തുവരുന്ന സംഘടനയിലെ അംഗങ്ങളുടെ മക്കള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ഹൈസ്‌കൂള്‍ എക്‌സലന്‍സ്‌ അവാര്‍ഡിന്റെ ഈവര്‍ഷത്തെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നല്‍കുകയും ചെയ്‌തു.

അരുണ്‍ മാടപ്പാട്ട്‌, ഷീനാ പന്തപ്ലാക്കല്‍, ക്രിസ്റ്റഫര്‍ തുരത്തിയില്‍, കെവിന്‍ കുഞ്ചെറിയ, ഷാലു കോയിക്കല്‍ എന്നിവരാണ്‌ യഥാക്രമം മാത്യു വാച്ചാപറമ്പില്‍ സ്‌മാരക ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും സംഘടനയുടെ രക്ഷാധികാരി റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ പൗരോഹിത്യ ജൂബിലി സ്‌മാരക ക്യാഷ്‌ അവാര്‍ഡും പ്രശസ്‌തിപത്രവും ബാക്കി മൂവരും എസ്‌.ബി അലുംമ്‌നി ഹൈസ്‌കൂള്‍ എക്‌സലന്‍സ്‌ അവാര്‍ഡും കരസ്ഥമാക്കിയിട്ടുള്ള ഈവര്‍ഷത്തെ വിജയികള്‍.

അവാര്‍ഡ്‌ ജേതാക്കളായവര്‍ യഥാക്രമം ചെറിയാന്‍- ബ്രിജിറ്റ്‌ മാടപ്പാട്ട്‌, ആന്റണി- അല്‍ഫോന്‍സാ പന്തപ്ലാക്കല്‍, എബി- ഗ്രേസി തുരുത്തിയില്‍, സോവിച്ചന്‍- ജോളി കുഞ്ചെറിയ, ജോസഫ്‌- ജാന്‍സി കോയിക്കല്‍ എന്നീ അലുംമ്‌നി അംഗങ്ങളായ ദമ്പതികളുടെ മക്കളാണ്‌. ജേതാക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഇവരുടെ ഈ വിജയത്തിനു കാരണഭൂതരായ ഏവര്‍ക്കും സംഘടനയുടെ പേരില്‍ ഏവരും അഭിനന്ദനവര്‍ഷം നടത്തി.

ഈവര്‍ഷത്തെ ഹൈസ്‌കൂള്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌ പരേതനായ മാത്യു വാച്ചാപറമ്പിലിന്റെ സ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ്‌. എസ്‌.ബി അലുംമ്‌നി ഷിക്കാഗോ ചാപ്‌റ്റര്‍ അദ്ദേഹത്തിന്റെ കുടുംബങ്ങളോടുള്ള നന്ദിയും കടപ്പാടും സമ്മേളനത്തില്‍ ഔദ്യോഗികമായി സംഘടനയുടെ പേരില്‍ അറിയിച്ചു.

അംഗങ്ങളുടെ മക്കളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഈ അവാര്‍ഡിന്റെ വിജയികളെ കണ്ടെത്തുന്നത്‌ ത്രിതല വിലയിരുത്തലുകളുടെ മാനദണ്‌ഡത്തിലാണ്‌. പാഠ്യവിഷയങ്ങളിലേയും, പാഠ്യേതരവിഷയങ്ങളിലേയും മികവുകള്‍, അപേക്ഷാര്‍ത്ഥിയുടേയോ അവരുടെ മാതാപിതാക്കളുടേയോ സംഘടനാ പ്രവര്‍ത്തിനങ്ങളിലുള്ള പങ്കാളിത്തം എന്നിവയാണ്‌ ആ ത്രിതല മാനദണ്‌ഡങ്ങള്‍. ഇക്കുറി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ജേതാക്കളുടെ എണ്ണപ്പെരുമ വളരെക്കൂടുതലായിരുന്നു എന്നതും ഒരു പ്രത്യേകതയായിരുന്നു. ഈ അഞ്ച്‌ ജേതാക്കളും നിര്‍ദ്ദിഷ്‌ട നിലവാരം പുലര്‍ത്തി അവാര്‍ഡ്‌ കരസ്ഥമാക്കി എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.

വിദ്യാഭ്യാസത്തിലൂടെ കരഗതമാകുന്ന അറിവ്‌ സമൂഹനന്മയ്‌ക്കായി ലക്ഷ്യംവെച്ചുള്ള സമഗ്രവീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കണമെന്നും, സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം പക്വതകൂടി വളരണം. സാമ്പത്തിക പുരോഗതി വളര്‍ച്ചയുടെ ഒരു ഘടകം മാത്രമാണ്‌. സന്തോഷത്തിനും സംതൃപ്‌തിക്കും പണം മാത്രം പോര. സംസ്‌കാരവും മൂല്യങ്ങളും ആവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.

ആഘോഷങ്ങള്‍ക്ക്‌ നിറമേകിയ ഏതാനും കലാപരിപാടികളും സംഘടിപ്പിച്ചു. അലീഷ, ഗ്രേസ്‌ ലിന്‍, ജസ്‌ലിന്‍, ജെന്നി, ജിസ്സ, നേഹാ എന്നീ കുരുന്നുകളുടെ നൃത്തവും, ബിനു ആന്‍ഡ്‌ ഗീത ഉറുമ്പിക്കലിന്റെ ഗാനവും, അലുംമ്‌നി അംഗങ്ങളുടെ ക്രിസ്‌തുമസ്‌ കരോള്‍ ഗാനവും ആഘോഷങ്ങള്‍ക്ക്‌ ചാരുത പകര്‍ന്നു.

ഈ അടുത്ത കാലയളവിലായി എസ്‌.ബി, അസംപ്‌ഷന്‍ എന്നീ കോളജുകളില്‍ നിന്നും മരണം മൂലം വേര്‍പിരിഞ്ഞ അദ്ധ്യാപകരെ അനുസ്‌മരിച്ചുകൊണ്ടും അനുശോചനങ്ങള്‍ അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചുകൊണ്ടും ലൈജോ ജോസഫ്‌ സംസാരിച്ചു. ഗുഡ്‌വിന്‍ ഫ്രാന്‍സീസും, ടെറില്‍ വള്ളിക്കളവും അവതാരകരായിരുന്നു. എസ്‌.ബി ആന്‍ഡ്‌ അസംപ്‌ഷന്‍ അലുംമ്‌നികളായ ഷാജി കൈലാത്തും, ഷീബാ ഫ്രാന്‍സീസും ഹൈസ്‌കൂള്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ സമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നതിന്‌ നേതൃത്വം നല്‍കി. സെക്രട്ടറി ജോജോ വെങ്ങാന്തറ ഏവര്‍ക്കും നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടെ സമ്മേളനം പര്യവസാനിച്ചു.

പരിപാടികള്‍ക്ക്‌ ചെറിയാന്‍ മാടപ്പാട്ട്‌, ആന്റണി ഫ്രാന്‍സീസ്‌, ജയിംസ്‌ ഓലിക്കര, എബി തുരുത്തിയില്‍, ഷിബു അഗസ്റ്റിന്‍, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്‌, ജോജോ വെങ്ങാന്തറ, സണ്ണി വള്ളിക്കളം, ജോഷി വള്ളിക്കളം, ജോസ്‌ ചേന്നിക്കര, ബോബന്‍ കളത്തില്‍, ഷീബാ ഫ്രാന്‍സീസ്‌, റെറ്റി കൊല്ലാപുരം എന്നിവര്‍ നേതൃത്വം നല്‍കി.

image (4) image (5) image (6)image (3)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top