ഹിംസാത്മക വലതുപക്ഷം കയറിവരുന്നു- എന്‍.എസ്. മാധവന്‍

NS Madhavan

കൊടുങ്ങല്ലൂര്‍: ഗാന്ധിജിയെ തിരസ്കരിക്കുന്നത് മതേതരത്വം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് എന്‍.എസ്. മാധവന്‍. കൊടുങ്ങല്ലൂര്‍ ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇരുപതോളം മതേതര സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ഗാന്ധിജി അനുസ്മരണം ‘ഓര്‍മകളുടെ വീണ്ടെടുപ്പ്’ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭാരതീയര്‍ അടിസ്ഥാനപരമായി മതേതരത്വ വിശ്വാസികളാണെന്ന് എന്‍.എസ്. മാധവന്‍ ചൂണ്ടിക്കാട്ടി. ഇതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ വര്‍ഗീയവാദികളുടെ ശ്രമം. ആര്‍.എസ്.എസിന്‍െറ മുന്‍കാല പ്രവര്‍ത്തകനായ ഗോഡ്സെ ഗാന്ധിജിയെ വധിച്ചത് തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രം സംരക്ഷിക്കാനായിരുന്നു. എന്നാല്‍, ഗാന്ധി വധത്തിന് ഗോഡ്സേ പറഞ്ഞ നീതീകരണങ്ങള്‍ ചരിത്ര വസ്തുതകളുടെ നിഷേധമാണ്.

മതേതര വലതുപക്ഷം തകര്‍ന്ന് ആ ഒഴിവിലേക്ക് ഹിംസാത്മക വലതുപക്ഷം കയറി വരുന്നതിന്‍െറ തുടക്കം അതായിരുന്നു. അതിന്‍െറ ഭീഷണമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതിനുപയോഗിക്കാന്‍ പറ്റുന്ന ബിംബമായി ഗാന്ധിജിയെ സങ്കോചിപ്പിക്കുകയും അദ്ദേഹത്തിന്‍െറ ആശയങ്ങളില്‍ നിന്ന് ശുചിത്വം മാത്രം മുറിച്ചെടുത്ത് ഒരു മുനിസിപ്പല്‍ തൂപ്പുകാരന്‍െറ റോളില്‍ അവതരിപ്പിക്കുന്ന തലം വരെ എത്തിയിരിക്കുകയാണ്.

ഗാന്ധിജി ഒരു പൂര്‍ണ ഹിന്ദുമത വിശ്വാസിയായിരിക്കുമ്പോഴും മതേതര ഇന്ത്യയെ കുറിച്ചുള്ള സങ്കല്‍പമാണ് ഉയര്‍ത്തിപ്പിടിച്ചത്. അത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാണെന്ന് തിരിച്ചറിയുന്ന ഫാഷിസ്റ്റ് ശക്തികളാണ് ഗാന്ധിയന്‍ ആദര്‍ശങ്ങളെ തച്ചുതകര്‍ക്കുന്നതെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞു.

എന്‍. മാധവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദന്‍െറ സന്ദേശം നെജു ഇസ്മായില്‍ വായിച്ചു. വേണു വെണ്ണറ, കെ.ജി. ശിവാനന്ദന്‍, കെ.ആര്‍. ജൈത്രന്‍, സി.സി. വിപിന്‍ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി മൂലം എഴുത്ത് നിര്‍ത്തുന്നതായി പ്രഖ്യാപിച്ച പെരുമാള്‍ മുരുകന് ആ ഭീഷണിക്കെതിരായ നിലപാടില്‍ നിന്ന് ചടങ്ങ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment