തൃശൂര്‍: ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അമല ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള സെക്യൂരിറ്റി ജീവനക്കാരന് കണ്ടശാംകടവ് കാട്ടുങ്ങല്വീട്ടില് ചന്ദ്രബോസിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. നിയമത്തിന്‍െറ എല്ലാ സാധ്യതകളും പരിശോധിച്ച് കര്‍ശന നടപടിയെടുക്കും. ചന്ദ്രബോസിന്‍െറ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു.
വയറിന് ചതവും മുറിവുമേറ്റ ചന്ദ്രബോസിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാഹനയുടമയും കിങ്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ശോഭ സിറ്റിയിലെ താമസക്കാരനുമായ അടക്കപറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിസാമിനെ (38) കുന്നംകുളം ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തു. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ളവയും മറ്റു കേസുകളെ കുറിച്ചും പൊലീസ് വിശദ അന്വേഷണം നടത്തും.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news