Flash News

ആവേശം അലതല്ലി ദേശീയ ഗെയിംസിന് ആതിഥ്യമരുളാന്‍ കേരളം ഒരുങ്ങി

January 31, 2015 , സ്വന്തം ലേഖകന്‍

STADIUM

ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിന് അവതരിപ്പിക്കുന്ന കലാപരിപാടികളുടെ റിഹേഴ്സലിനെത്തിയ കുട്ടികള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയില്‍.

തിരുവനന്തപുരം: ഇന്നു തിരി തെളിയും, നാളെ കളങ്ങള്‍ ഉണരും. 1987ല്‍ കിട്ടിയ ഓവറോള്‍ ചാംപ്യന്‍ഷിപ്പ് തിരിച്ചുപിടിക്കാന്‍ ആതിഥേയര്‍ ഇറങ്ങും. ബാഡ്മിന്‍റണ്‍, സൈക്ലിങ്, ഫെന്‍സിങ്, വോളിബോള്‍, ഖോഖോ, തുഴച്ചില്‍, വാട്ടര്‍പോളോ തുടങ്ങിയ ഇനങ്ങളില്‍ ഉറച്ച മെഡല്‍ പ്രതീക്ഷ. ജിംനാസ്റ്റിക്സ്, റഗ്ബി, വുഷു തുടങ്ങിയ ഇനങ്ങളിലും സാധ്യത.

70 സ്വര്‍ണം ലക്ഷ്യമിടുമ്പോള്‍ അത്ലറ്റിക്സിലാണ് ആത്മവിശ്വാസം ഏറെ. 90 അംഗ അത്ലറ്റിക് ടീം പ്രഗത്ഭരുടെ സാന്നിധ്യത്താല്‍ സമ്പന്നം. ഒളിംപിക്സും കോമണ്‍വെല്‍ത്ത് ഗെയിംസുമടക്കമുള്ള മേളകളിലെ പരിചയവുമായെത്തുന്ന താരങ്ങള്‍ക്കൊപ്പം ദേശീയ സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ ചുണക്കുട്ടികളും ചേരുന്നു.

രഞ്ജിത് മഹേശ്വരി, പ്രീജ ശ്രീധരന്‍, ടിന്‍റു ലൂക്ക, ഒ.പി. ജെയ്ഷ, എം.എ. പ്രജുഷ തുടങ്ങിയവര്‍ക്കൊപ്പം മുഹമ്മദ് അഫ്സല്‍, അനുരൂപ് ജോണ്‍, ശ്രീനിത് മോഹന്‍, എം.ഡി. താര, പി.യു. ചിത്ര തുടങ്ങിയ പുതുപ്രതീക്ഷകളും ട്രാക്കിലിറങ്ങുന്നു. ദീര്‍ഘ ദൂര ഇനങ്ങളിലെ ആധിപത്യം നിലനിര്‍ത്തുന്നതോടൊപ്പം ഫീല്‍ഡ് ഇനങ്ങളില്‍ നേട്ടമുണ്ടാക്കാനായാല്‍ കേരളത്തിന്‍റെ കുതിപ്പിനു കരുത്തേറും. റാഞ്ചി ദേശീയ ഗെയിംസില്‍ ഒന്‍പതു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവും ഉള്‍പ്പടെ 27 മെഡലുകളാണ് അത്ലറ്റിക്സില്‍ കേരളം വാരിയത്.

തുഴച്ചിലിലും വാട്ടര്‍ പോളോയിലും സൈക്ലിങ്ങിലും ആധിപത്യം നിലനിര്‍ത്തുകയാണു ലക്ഷ്യം. 18 പുരുഷ താരങ്ങളും 18 വനിതാ താരങ്ങളുമടങ്ങുന്ന സംഘമാണു കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ക്കിറങ്ങുന്നത്. നേവിയില്‍നിന്നും ബിഎസ്എഫില്‍നിന്നുമായി ഒന്‍പതു താരങ്ങള്‍ കേരളത്തിന്‍റെ നിരയില്‍. നേവിയുടെ മംഗള്‍ സിങ്, സൈമള്‍ സിങ്, ശിവശങ്കരന്‍, ജി. മോഹിത്ത്, ഹിരണ്‍കുമാര്‍ എന്നിവരും ബിഎസ്എഫിന്‍റെ ജോസഫ് ഫ്രാന്‍സിസ്, ബി. വിനു, രഞ്ജിത്ത് മോഹനന്‍ എന്നിവരും കേരളത്തിനായി മത്സരിക്കുന്നു. അഞ്ച് സ്വര്‍ണവും നാലു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പടെ 12 മെഡലുകളായിരുന്നു റാഞ്ചി ഗെയിംസില്‍ കേരളത്തിന്‍റെ സമ്പാദ്യം.

കഴിഞ്ഞ ദേശീയ ഗെയിംസില്‍ നാലു സ്വര്‍ണവും ആറു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 15 മെഡലുകള്‍ വാരിക്കൂട്ടിയതിന്‍റെ ആത്മവിശ്വാസത്തിലാണു സൈക്ലിങ് ടീം. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും മികവുതെളിയിച്ച 16 അംഗ സംഘമാണു കേരളത്തിന്‍റേത്.

വാട്ടര്‍പോളോയും നീന്തലുമടക്കമുള്ള അക്വാട്ടിക് ഇനങ്ങളിലും പ്രതീക്ഷ ഏറെ. 44 സ്വര്‍ണം 132 മെഡലുകളുള്ള അക്വാട്ടിക്സാണു ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡലുകളുള്ള ഇനം. വാട്ടര്‍പോളോ തന്നെയാണ് അക്വാട്ടിക്സില്‍ കേരളത്തിന്‍റെ പ്രധാന പ്രതീക്ഷ. നാലുതവണ തുടര്‍ച്ചയായി ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്ന കേരളത്തിന്‍റെ പുരുഷ ടീം കഴിഞ്ഞ ദേശീയ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പിലും ജേതാക്കളായിരുന്നു. എട്ട് ഇന്ത്യന്‍ താരങ്ങളടങ്ങിയ ടീമാണു കേരളത്തിനായിറങ്ങുന്നത്. വനിതാ ടീം കഴിഞ്ഞ ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു.

1987ലെ ഗെയിംസില്‍ നീന്തല്‍ക്കുളത്തില്‍നിന്ന് ഏഴു സ്വര്‍ണം വാരിയ വില്‍സണ്‍ ചെറിയാന്‍റെ പരിശീലനത്തിലാണു കേരളമിറങ്ങുന്നത്. നാലു റെയ്ല്‍വേ താരങ്ങളടക്കം 18 അംഗ ടീം പങ്കെടുക്കുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച റെയ്ല്‍വേ താരം സജന്‍ പ്രകാശിലാണു കേരളത്തിന്‍റെ പ്രതീക്ഷ. ഗെയിംസിന്‍റെ നീന്തല്‍മത്സരങ്ങള്‍ നടക്കുന്ന പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സിലെ പൂളില്‍ 2014ലെ നാഷണല്‍ സീനിയര്‍ മീറ്റില്‍ ദേശീയ റെക്കോഡോടെ മൂന്നു സ്വര്‍ണം സജന്‍ നീന്തിയെടുത്തിരുന്നു.

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ജേതാവ് എച്ച്.എസ്. പ്രണോയ് തന്നെ ബാഡ്മിന്‍റണിലെ പ്രധാന പ്രതീക്ഷ. ആല്‍വിന്‍ ഫ്രാന്‍സിസ്, അരുണ്‍ വിഷ്ണു, പി.സി. തുളസി, അപര്‍ണ ബാലന്‍ തുടങ്ങിയവരും പ്രഗല്‍ഭര്‍. സ്വര്‍ണ പ്രതീക്ഷയുള്ള മറ്റൊരിനം ഫുട്ബോളാണ്. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയ ടീം സുശക്തം. ഷിബിന്‍ ലാല്‍, ജോബി, ഉസ്മാന്‍ തുടങ്ങി എസ്ബിടിയടക്കമുള്ള മുന്‍നിര ടീമുകളില്‍ മികച്ച ഫോമില്‍ കളിക്കുന്നവരുടെ സംഘമാണു കേരളത്തിനായി പന്തുതട്ടുന്നത്. അത്ര പരിചിതമല്ലാത്ത റഗ്ബി, ജിംനാസ്റ്റിക്സ് മത്സരങ്ങളിലും കേരളം മാറ്റുരയ്ക്കുന്നു.

30 സ്വര്‍ണവും 29 വെള്ളിയും 28 വെങ്കലവും ഉള്‍പ്പടെ 87 മെഡലുകളോടെ ഏഴാം സ്ഥാനമാണു 2011 റാഞ്ചിയില്‍ കേരളത്തിന്‍റെ നേട്ടം. റാഞ്ചിയിലെ ചാംപ്യന്‍മാരായ സര്‍വീസസ് തന്നെയാണ് ഇക്കുറി പ്രധാന വെല്ലുവിളി. മണിപ്പൂര്‍, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഹരിയാന ടീമുകളും ശ ക്തര്‍.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top