Flash News

ലാലിസം: തീരുമാനമെടുക്കാന്‍ കഴിയാതെ സര്‍ക്കാര്‍, തീരുമാനത്തില്‍ ഉറച്ച് മോഹന്‍ ലാല്‍

February 4, 2015 , സ്വന്തം ലേഖകന്‍

14228697862lalതിരുവനന്തപുരം: ലാലിസം പരിപാടിക്കു സര്‍ക്കാര്‍ നല്‍കിയ തുക മോഹന്‍ലാലില്‍ നിന്നും തിരിച്ചു വാങ്ങണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്. ലാലിസം വിവാദമായി മാറിയതോടെ വാങ്ങിയ പണം പൂര്‍ണമായും സ്വന്തം അക്കൗണ്ടില്‍നിന്നും തിരിച്ചുനല്‍കാന്‍ മോഹന്‍ലാല്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ഈ പണം തിരികെ വാങ്ങരുതെന്നും വാങ്ങണമെന്നുമുള്ള അഭിപ്രായങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്.

ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുൃമാനമുണ്ടാകുമെന്നാണു സൂചന. മന്ത്രിസഭാ യോഗത്തിനു തൊട്ടുമുന്‍പ് ഇതേക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തും. മോഹന്‍ലാലില്‍ നിന്നും പണം തിരിച്ചു വാങ്ങുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണു സാങ്കേതിക സമിതിയില്‍ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഉദ്ഘാടന പരിപാടിയില്‍ ലാലിസം അവതരിപ്പിക്കാന്‍ തീരുമാനിച്ചതു സാങ്കേതിക സമിതിയാണ്. അവസാന നിമിഷമാണ് ഇതിനായി മോഹന്‍ലാലിനെ സമീപിച്ചതും. തന്നാല്‍ കഴിയുന്ന വിധത്തില്‍ മോഹന്‍ലാല്‍ പരിപാടിയുമായി സഹകരിക്കുകയും ചെയ്തു. അങ്ങനെയുള്ള കലാകാരനെ അപമാനിക്കരുതെന്നാണ് അഭിപ്രായം.

ആദ്യം ഇതേ നിലപാടായിരുന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ അദ്ദേഹവും നിലപാടു മാറ്റി. ദേശീയ ഗെയിംസില്‍ നിലവാരമില്ലാത്ത ഏക പരിപാടി ലാലിസമാണെന്നും അതിനെതിരേ മാത്രമേ പരാതിയുള്ളൂവെന്നുമാണ് തിരുവഞ്ചൂര്‍ അവസാനം സ്വീകരിച്ച നിലപാട്.

അതേസമയം, മോഹന്‍ലാല്‍ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുംമുന്‍പു തന്നെ ട്രഷറിയിലേക്ക് 1,63,77,600 രൂപ സ്വന്തം അക്കൗണ്ടില്‍നിന്നും തിരിച്ചടക്കാനുള്ള തീരുമാനത്തിലാണ് മോഹന്‍ലാല്‍. ഇന്നു തീരുമാനം ഉണ്ടാകുംവരെ പണം തിരിച്ചടയ്ക്കരുതെന്ന സന്ദേശം സര്‍ക്കാര്‍ ദൂതന്‍മാര്‍ മോഹന്‍ലാലിനെ അറിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ലെന്നു സൂചന.

തീരുമാനത്തില്‍ നിന്നും പിന്നാക്കം പോയാല്‍ താന്‍ വീണ്ടും സമൂഹ മധ്യത്തില്‍ അവഹേളിക്കപ്പെടുമെന്നും അത്തരമൊരവസ്ഥ സംജാതമാക്കാന്‍ താത്പര്യമില്ലെന്നുമാണ് മോഹന്‍ലാലിന്‍റെ നിലപാട്. അതിനിടെ മോഹന്‍ലാലിന്‍റെ കൈയില്‍നിന്നും പണം തിരിച്ചുപിടിക്കണമെന്ന ആവശ്യവുമായി ഭരണകക്ഷി നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മോഹന്‍ലാല്‍ പണം തിരിച്ചു നല്‍കുമെങ്കില്‍ വാങ്ങണമെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു.

പാലോട് രവി, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ പണം തിരികെ വാങ്ങുന്നതിന് എതിരായി രംഗത്തിറങ്ങിയിട്ടുണ്ട്. ലാലില്‍നിന്നും പണം തിരിച്ചുപിടിക്കരുതെന്ന് അവരുടെ ആവശ്യം. പക്ഷേ, ലാലിനെ ഈ അബദ്ധത്തില്‍ ചാടിച്ചവര്‍ക്കെതിരേ നിശ്ചയമായും നടപടിവേണം. അക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു. ലാലിന്‍റെ പേരുപയോഗിച്ചു അഴിമതിക്കാര്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും അവര്‍. കെപിസിസി വക്താവ് പന്തളം സുധാകരനും ഇതേ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. കലയുടെ മൂല്യം അളക്കാന്‍ തനിക്കറിയില്ലെന്ന മന്ത്രി തിരുവഞ്ചൂരിന്‍റെ പ്രസ്താവനയെ പന്തളം സുധാകരന്‍ പരിഹസിക്കുകയും ചെയ്തു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top