തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗന്ദര്യ മല്‍സരം നിരോധിച്ചു

madrasചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗന്ദര്യമത്സരങ്ങളും പ്രദര്‍ശനങ്ങളും നടത്തുന്നത് മദ്രാസ് ഹൈകോടതി താല്‍കാലികമായി നിരോധിച്ചു. അണ്ണാ സര്‍വകലാശാലക്ക് കീഴിലെ ഗിണ്ടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയായ പി.എസ്. അക്ഷയയുടെ മാതാവ് ലക്ഷ്മി സുരേഷ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.

2013ല്‍ സര്‍വകലാശാല ടെക് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സൗന്ദര്യമത്സരത്തില്‍ വിജയിയായ മകള്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും സമ്മാനത്തുകയായി പ്രഖ്യാപിച്ച 25 ലക്ഷം നല്‍കിയില്ലന്നും ആരോപിച്ചാണ് അവര്‍ കോടതിയിലത്തെിയത്.

എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് റാമ്പിലെ നടത്തം എങ്ങനെയാണ് പ്രയോജനം ചെയ്യുകയെന്ന് കോടതി ചോദിച്ചു. അതുകൊണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സൗന്ദര്യ മത്സരങ്ങളും പ്രദര്‍ശനങ്ങളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ടെക്നിക്കല്‍ എജുക്കേഷന്‍ കമീഷണര്‍, കൊളീജിയറ്റ് എജുക്കേറ്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും വിധി ബാധകമാണ്. സ്ത്രീ-പുരുഷ സൗന്ദര്യ മത്സരവും പ്രദര്‍ശനവും നിരോധന പരിധിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

അണ്ണാ സര്‍വകലാശാലക്ക് കീഴില്‍ നടന്ന മത്സരത്തില്‍ വിജയിച്ചതിന് ശേഷം സമ്മാനത്തുക നല്‍കാത്തതിനെ തുടര്‍ന്ന് അധികൃതരെ സമീപിച്ചെങ്കിലും സര്‍വകലാശാല ഇങ്ങനെയൊരു മത്സരം നടത്തിയിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചതെന്ന് ഹരജിയില്‍ ആരോപിച്ചു. സര്‍വകലാശാലയുടെ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment