“അബൈഡ്‌ വിത്ത്‌ മി”…. (മാറ്റമില്ലാ ദേവാ, കൂടെ പാര്‍ക്ക..)

abide titleഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്‌ളിക്ക് ദിനാഘോഷം കഴിഞ്ഞു. അത് കുറെയെല്ലാം യൂട്യൂബ്‌വഴി കാണാനും സാധിച്ചു. മൂന്നുദിനം കഴിഞ്ഞപ്പോള്‍ സമാപനമായി ‘ബീറ്റിംഗ് റിട്രീറ്റു’ കൂടിയുണ്ട്.

ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ജനുവരി ഇരുപത്തിയൊന്‍പതിന് വിജയചൗക്കില്‍ സൈനീക ബാന്റുമേളം! പിന്‍വാങ്ങുന്നതിന്റെ താളം!

സൈന്യത്തിന്റെ മൂന്നുവിഭാഗങ്ങളുടെയും അഭിമാനമായ ആഘോഷങ്ങള്‍ക്ക് ഇവിടെ കലാശമാകുന്നു. റയ്‌സീന കുന്നുകള്‍ക്കപ്പുറം സൂര്യന്‍ മറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവസാനമായി “അബൈഡ് വിത്ത് മി” എന്ന ഗാനത്തിന്റെ സൈനീകഈണം, അതിനുശേഷം പതാക താഴ്ത്തുകയായി. മടങ്ങുകയായി!

പരിചയമുള്ള ഈണം ശ്രദ്ധിച്ചുകൊണ്ട് അടുത്തുതന്നെയുണ്ടായിരുന്ന ഭാര്യ ബേബി അത് മലയാളത്തില്‍ പാടാന്‍ ശ്രമിച്ചു…

“കൂടെ പാര്‍ക്ക് നേരം വൈകുന്നിതാ
കൂരിരുളേറുന്നു പാര്‍ക്ക ദേവാ,…”

നാലു ദിനങ്ങളിലെ ആഘോഷങ്ങള്‍ കഴിഞ്ഞ് ഇരുട്ടു വീഴുമ്പോള്‍ ജാതി മതവിശ്വാസങ്ങള്‍ക്കതീതമായിട്ടുള്ള അനശ്വര ഗാനം!

MathewJ5അറുപതുകളുടെ തുടക്കത്തിലേക്ക് ഞാന്‍ മടങ്ങിപ്പോകുകയായിരുന്നല്ലോ. പഠിപ്പുമുടങ്ങി നടന്നപ്പോള്‍ നേര്‍വഴിക്കു കൊണ്ടുവരാനാണ് മുതിര്‍ന്നവരെല്ലാംകൂടി എന്നെ ഡല്‍ഹിക്ക് പറഞ്ഞയച്ചത്. സ്വാതന്ത്ര്യം ഏറെ ഉണ്ടാകുമെന്ന പ്രതീക്ഷയുമായി ഞാന്‍, പക്ഷേ, ചെന്നുപെട്ടത് സാക്ഷാല്‍ തലതൊട്ടപ്പന്മാരുടെ കൂട്ടത്തിലേക്കും.

ഞായറാഴ്ചകളില്‍ വൈസ്രോയിയുടെ കത്തീഡ്രല്‍ പള്ളിയില്‍ ആരാധനയും വെസ്റ്റേണ്‍ കോര്‍ട്ടില്‍ ലഞ്ചും. പലപ്പോഴും ചാലക്കുഴി മാത്തപ്പിച്ചായന്റെ വീട്ടില്‍ ചായയും. സൊസൈറ്റിക്കൂട്ടങ്ങള്‍, ‘അയാം സിക്സ്റ്റീന്‍, ഗോയിംഗ് ഓണ്‍ സെവന്റീന്‍…’ എന്ന സൗണ്ട് ഓഫ് മ്യൂസിക്ക് ഗാനത്തിന്റെ അലയടികള്‍. ഈ അനുഭവങ്ങളായിരിക്കണം പിന്നീട് കേരള ക്ലബ്ബില്‍ ‘വികെഎന്‍’ എന്ന സാഹിത്യകാരന്റെ കഥാപാത്രമായ ‘പയ്യനെ’ കണ്ടുമുട്ടിയപ്പോള്‍ അത് ഞാന്‍തന്നെയാണോയെന്ന് സ്വയം സംശയിച്ചതും.

യൂട്യൂബില്‍ ഈ വര്‍ഷത്തെ ‘ബീറ്റംഗ് റിട്രീറ്റ്’, എന്റെ മനസ്സ് അപ്പോഴും അഞ്ച് തിറ്റാണ്ടുകള്‍ക്കപ്പുറത്തുതന്നെ.

അന്ന്, ഡല്‍ഹിയില്‍ എന്റെ ആദ്യത്തെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ കാണാന്‍ അവസരമുണ്ടാകണമെന്ന് ചേച്ചിക്ക് നിര്‍ബന്ധം. ഇന്ത്യന്‍ ആര്‍മിയില്‍ ഒരു കേണല്‍ ആയിരുന്നു ചേച്ചിയുടെ ഭര്‍ത്താവ്. അദ്ദേഹം പറഞ്ഞു: ‘പരേഡ് കണ്ടാല്‍ പോരെ, അത് സൗകര്യമായി കൊണാട്ട്‌ പ്ലേസില്‍ ആഡിയന്‍ തീയേറ്ററിന്റെ മുന്നിലുള്ള ഒരു സ്ഥാപനത്തിന്റെ ബാല്‍ക്കണിയില്‍ നിന്നാകാം.’

ഇതിനെത്തുടര്‍ന്നാണ് മൂന്നു ദിവസം കഴിഞ്ഞ് വിജയ ചൗക്കില്‍ ബീറ്റിംഗ് റിട്രീറ്റ് മറ്റ് വേണ്ടപ്പെട്ടവരുടെ ഒപ്പം കാണാനുള്ള അവസരംകൂടി ഒരുക്കിയത്. അത് നല്ല നിര്‍ദ്ദേശമായി എല്ലാവര്‍ക്കും തോന്നി.

അന്നായിരുന്നു ആദ്യമായും അവസാനമായും റിപ്പബ്ലിക്ക് ദിനത്തിനു ശേഷമുള്ള ഈ ആഘോഷം ഞാന്‍ നേരില്‍ കണ്ടത്. ഞങ്ങളുടെ ഒപ്പം പ്രമാണിമാരായ അങ്കിള്‍മാരും കൊച്ചമ്മമാരും. മന്ത്രി, പാര്‍ലമെന്റ് മെമ്പര്‍, വകുപ്പുതല സെക്രട്ടറി, വിപുലമായ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മേധാവി ചാലക്കുഴി ജോര്‍ജ് മാത്തന്‍ എന്നിങ്ങനെ.

ബാന്റുമേളം അവസാനത്തിലേക്കെത്തുന്നു. കടും നീലനിറത്തിലുള്ള ഡബിള്‍ ബ്രസ്റ്റഡ് കോട്ടിട്ട ഞാനും വിജയ ചൗക്കില്‍ അധികപ്പറ്റായിരുന്നില്ലെന്ന് സ്വയം തോന്നി.

അപ്പോള്‍ ചേച്ചി പറഞ്ഞു: ‘ശ്രദ്ധിച്ച് കേള്‍ക്ക്, ഈ പാട്ട് നിന്റെ അമ്മ പാടുന്നത് കേട്ടിട്ടില്ലേ..’ ചേച്ചിയുടെ അപ്പന്റെ ഇളയ സഹോദരിയായിരുന്നല്ലോ എന്റെ അമ്മ.

എന്നിട്ട് ചേച്ചി സ്വരം താഴ്ത്തി ഒന്നു തുടക്കമിട്ടു ‘കൂടെ പാര്‍ക്ക, നേരം വൈകുന്നിതാ…’

യു.സി. കോളജിലും മറ്റും പഠിച്ച് ബിരുദാനന്തര ബിരുദങ്ങളുണ്ടായിരുന്ന കൊച്ചമ്മമാര്‍ അഭിമാനത്തോടെ ‘അബൈഡ് വിത്ത് മി’ എന്ന് ചുണ്ടനക്കുന്നുണ്ടായിരുന്നു.

ഈ ഗാനത്തിന്റെ തുടര്‍വരികള്‍ അര്‍ത്ഥവത്തായതുപോലെ:

“ആയുസാം ചെറുദിനം ഓടുന്നു
ഭൂസന്തോഷ മഹിമ മങ്ങുന്നു”

ചേച്ചി വിധവയായി, കേണല്‍ അപകടത്തില്‍പ്പെട്ട് ദാരുണമായി മരണപ്പെട്ടു, പാര്‍ലമെന്റ് അംഗം വീണ്ടും മത്സരിച്ചില്ല, മന്ത്രിയുടെ സ്ഥാനം പോയി, വകുപ്പുതല സെക്രട്ടറി വിദേശത്തേക്ക് ചേക്കേറി. ഞാന്‍ എന്റെ ഡബിള്‍ ബ്രസ്റ്റഡ് സ്യൂട്ട് അഴിച്ചുവെച്ച് ഡല്‍ഹിയില്‍ രാം നഗറിലെ ശ്രീകൃഷ്ണവിലാസം ലോഡ്ജിലും!

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്ത്യയിലെ ആഘോഷങ്ങളില്‍ ഭാരതീയമായ ഈണങ്ങള്‍ നിറഞ്ഞു, സൈനീക സ്‌കൂളുകളില്‍നിന്നുള്ള കലാകാരന്മാര്‍ക്ക് പ്രാമുഖ്യം കിട്ടി. മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ‘അബൈഡ് വിത്ത് മി’ എന്ന ഗാനംമാത്രം മാറ്റമില്ലാതെ നില്‍കുന്നു.

ഹെന്‍റി ഫ്രാന്‍സിസ് ലൈറ്റ് എന്ന ഇംഗ്ലീഷ് പാതിരി, തെളിഞ്ഞ ആകാശംകൊണ്ട് മനോഹരമായിരുന്ന ഒരു ദിവസം പൂന്തോട്ടത്തില്‍ വിശ്രമിച്ചതിനുശേഷം, സൂര്യന്‍ അസ്തമിച്ചുകൊണ്ടിരിക്കുമ്പോള്‍, ധൃതിയില്‍ തന്റെ പഠനമുറിയിലെത്തി ഏതാനും നിമിഷങ്ങള്‍ക്കകം കുത്തിക്കുറിച്ചതാണത്രേ ഈ അനശ്വരഗാനം. പിന്നീട് വില്യം മങ്ക് ഇതിന് ഈണം നല്കി ആലാപനയോഗ്യമാക്കിപോലും.

അദ്ധ്വാനത്തിനുശേഷമുള്ള വിശ്രമത്തിന്റെ പ്രതീകമായി, പ്രകാശപൂരിതമായിരുന്ന ദിവസത്തിന്റെ, ജീവിതത്തിന്റെ, അവസാനത്തേക്ക് എത്തുമ്പോഴുള്ള പ്രതീക്ഷയായി, പ്രാര്‍ത്ഥനയായി, ഇന്നും ‘മാറ്റമില്ലാ ദേവാ, കൂടെ പാര്‍ക്ക…’

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment