ജയിലിലും ഫാമുകള്‍; കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലില്‍ വിവിധ ഫാമുകള്‍ക്ക് തുടക്കമിടുന്നു

pigs-goats-e1423507163530കണ്ണൂര്‍: പശു ഫാമിനു പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആട്, കോഴി, പന്നി ഫാമുകളും തുടങ്ങുന്നു. കോഴി ഫാമിന്‍റെ പ്രവര്‍ത്തനം ഒരാഴ്ചയ്ക്കകം തുടങ്ങും. ആട്, പന്നി ഫാമുകളുടെ നിര്‍മാണം അന്ത്യഘട്ടത്തില്‍. ജയിലില്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ബ്ലോക്കിന് പുറത്ത് തൂക്കുമുറിയുടെ അരുകിലായാണ് കോഴി ഫാം തുടങ്ങുന്നത്. ഇതിനു തൊട്ടടുത്തുതന്നെ ആട് ഫാമും പന്നിഫാമും സജ്ജീകരിക്കുന്നത്. ശിക്ഷാകാലം തടവുകാര്‍ക്ക് ഗുണകരമായ രീതിയില്‍ വിനിയോഗിക്കാനും മൃഗപരിപാലനത്തില്‍ പരിശീലനം നല്‍കാനുമാണ് ഫാമുകള്‍.

ജയിലിനകത്ത് നേരത്തേ തന്നെ പ്രവര്‍ത്തിക്കുന്ന പശു ഫാമില്‍ 22 പശുക്കളും കിടാങ്ങളുമുണ്ട്. ഇവയെ പരിചരിക്കുന്നതും പാല്‍ കറക്കുന്നതുമെല്ലാം തടവുകാര്‍. ഇവിടന്നുള്ള പാല്‍ ജയിലിനകത്തെ ചായയ്ക്ക് ഉപയോഗിക്കുകയാണ് പതിവ്. മുണ്ടയാട് കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് ആയിരം കോഴിക്കുഞ്ഞുങ്ങളെ ഫാമിലേക്കു വാങ്ങും. അടുത്തയാഴ്ച ഫാം പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ അറിയിച്ചു. പന്നി ഫാമും, ആട് ഫാമും താമസിയാതെ തുടങ്ങാനാകുമെന്നു പ്രതീക്ഷ.

കോഴിഫാം വിജയിച്ചാല്‍ ജയില്‍ ചപ്പാത്തിക്കൊപ്പം വില്‍ക്കുന്ന ചിക്കന്‍ കറിക്കുള്ള കോഴികളെ ജയിലിനകത്തുതന്നെ വളര്‍ത്തിയെടുക്കാം. ഇപ്പോള്‍ പുറത്തുനിന്നാണ് കറിക്കും ജയില്‍ ബിരിയാണിക്കുമുള്ള കോഴിയിറച്ചി വാങ്ങുന്നത്. ഫാം മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനായാല്‍ ജയില്‍ ഫുഡ് യൂണിറ്റിനുള്ള ലാഭം കൂട്ടാനാകുമെന്നും ജയിലധികൃതരുടെ പ്രതീക്ഷ.

മതില്‍ക്കെട്ടിനകത്തും പുറത്തുമായി 82 ഏക്കര്‍ സ്ഥലമാണ് ജയിലിനുള്ളത്. പലവിധ കൃഷികള്‍ ചെയ്യാനും ഫാമുകള്‍ പ്രവര്‍ത്തിപ്പിക്കാനുമുള്ള സ്ഥല സൗകര്യവും മനുഷ്യവിഭവശേഷിയും സെന്‍ട്രല്‍ ജയിലിലുണ്ട്. ആയിരത്തോളം തടവുകാരുള്ളതിനാല്‍ ഫാമുകളുടെ നടത്തിപ്പ് ഭാരമാവില്ലെന്നും വിലയിരുത്തല്‍. ഫാമുകള്‍ക്ക് പ്രത്യേക ഫണ്ടും ജയില്‍ വകുപ്പ് അനുവദിച്ചു. സംസ്ഥാനത്തെ മറ്റു സെന്‍ട്രല്‍ ജയിലുകളിലും തുറന്ന ജയിലുകളിലും ഇതുപോലെ ഫാമുകള്‍ തുടങ്ങിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment