Flash News

കെജ്രിവാളിനെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍

February 10, 2015 , ആന്‍സി വര്‍ഗീസ്

arvind_kejriwal_in_thought_pti_360x270_635252468495941643ന്യൂഡല്‍ഹി: ഭൂരിപക്ഷമില്ലാത്തതു മൂലം ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാതെ രാജിവയ്ക്കേണ്ടി വന്ന അരവിന്ദ് കെജ്രിവാളിന് ഇത്തവണ ഡല്‍ഹി ജനത നിര്‍ഭയമായി ഭരിക്കാനുള്ള പിന്തുണയാണു നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ചിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍. എന്നാല്‍ ഈ പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളിലും സംസ്ഥാന സര്‍ക്കാരിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ സാധിക്കില്ല. ഇതിനെല്ലാം കേന്ദ്ര സര്‍ക്കാരിന്‍റെ പിന്തുണ കൂടി ആവശ്യമാണ്. ഇതിനു പ്രധാന കാരണം ഡല്‍ഹിയിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി ലഭിച്ചിട്ടില്ല എന്നതു തന്നെ.

ഏഴു വാഗ്ദാനങ്ങളാണു പ്രധാനമായും ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ചിരിക്കുന്നത്. നഗരത്തിലെ സുരക്ഷ ശക്തമാക്കും, മുഴുവന്‍ സമയ സൗജന്യ ജലവിതരണം, വിദ്യാഭ്യാസം, സൗജന്യ വൈ-ഫൈ സംവിധാനം, വാറ്റ് നികുതി വെട്ടിക്കുറയ്ക്കല്‍, സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവുകള്‍ നികത്തും, ആരോഗ്യമേഖല ശക്തിപ്പെടുത്തും എന്നിവയാണ്.

എന്നാല്‍ ഇതില്‍ ആദ്യ നിര്‍ദേശം തന്നെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒറ്റയ്ക്ക് നടപ്പാക്കാന്‍ കഴിയാത്തതാണ്. നഗരത്തിലുടനീളം 15 ലക്ഷം ക്യാമറകള്‍ സ്ഥാപിക്കുമെന്നാണു പാര്‍ട്ടിയുടെ അവകാശവാദം. കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി 10,000 ഹോം ഗാര്‍ഡുകളെ നിയമിക്കുമെന്നും. സംസ്ഥാനമെന്ന നിലയില്‍ ഒറ്റയ്ക്ക് പണം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കില്ല. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്‍റെ പിന്തുണ തേടേണ്ടതായി വരും. കൂടാതെ ഡല്‍ഹി പൊലീസിന്‍റെ നിയന്ത്രണം ഇപ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണ്. ഇക്കാരണത്താല്‍ ഈ പദ്ധതി എഎപി ഒറ്റയ്ക്ക് വിചാരിച്ചാല്‍ മാത്രം നടപ്പാവുകയുമില്ല.

ഒരു മാസം 20 കിലോലിറ്റര്‍ വെള്ളം എല്ലാ കുടുംബങ്ങള്‍ക്കും ലഭ്യമാക്കുമെന്നാണു പാര്‍ട്ടിയുടെ അവകാശവാദം. സംസ്ഥാനത്തു താമസിക്കുന്ന 160 ലക്ഷം ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇത്രയും ജലം എവിടെ നിന്നു ലഭ്യമാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടി ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നു. ഇപ്പോള്‍ തന്നെ ഡല്‍ഹി ജല്‍ ബോര്‍ഡ് കുടിവെള്ള വിതരണത്തിന് ആവശ്യമായ ജലം കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുകയാണ്.

കൂടാതെ സൗജന്യ നിരക്കില്‍ ജലം നല്‍കുന്നതോടെ ഈ ബാധ്യത സര്‍ക്കാര്‍ ഖജനാവിന് ഉണ്ടാകും. ഇതോടൊപ്പം ഇരുപത്തിനാലു മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന ഉറപ്പും പാര്‍ട്ടി നല്‍കിയിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ഊര്‍ജ പ്രതിസന്ധിയാണു നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാത്രം മുഴുവന്‍ സമയം വൈദ്യുതി ലഭ്യമാക്കുകയെന്നതു പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാകും.

ബലം പ്രയോഗിക്കാതെ സ്ഥലം ഏറ്റെടുത്ത് സംസ്ഥാനത്ത് 500 പുതിയ സ്കൂളുകളും ആശുപത്രികളും ആരംഭിക്കും. എന്നാല്‍ ഡല്‍ഹി പോലുള്ള സ്ഥലത്ത് സ്വന്തം ഇഷ്ടപ്രകാരം എത്ര പേര്‍ സ്ഥലം കൊടുക്കുമെന്നതാണു പ്രധാന വിഷയം. കൂടാതെ ഇത്രയും സ്കൂള്‍ തുടങ്ങമെങ്കില്‍ കേന്ദ്രസഹായം കൂടിയേ തീരൂ. 900 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, 30,000 കിടക്കകളുള്ള ആശുപത്രികള്‍ എന്നിവ സ്ഥാപിക്കുമെന്നും പാര്‍ട്ടി അവകാശപ്പെടുന്നു. കേന്ദ്ര പിന്തുണയില്ലാതെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് ഒരു ചുവട് വയ്ക്കാന്‍ പോലും സംസ്ഥാനങ്ങള്‍ക്ക് സാധിക്കില്ല. വാറ്റ് നികുതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും വരുമാനത്തെ സാരമായി ബാധിക്കും. ജനങ്ങളുടെ കൈയടി വാങ്ങുന്ന വാഗ്ദാനങ്ങള്‍ പാര്‍ട്ടി മുന്നോട്ട് വയ്ക്കുമ്പോഴും പ്രായോഗിക തലത്തില്‍ ഇവ എത്ര കണ്ട് നടപ്പാക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോഴത്തെ സംശയം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top