Flash News

‘വാലന്റൈന്‍സ് ഡേ’ – ഒരു ചരിത്രാഖ്യാനം (ഡോ. ജോര്‍ജ്ജ് മരങ്ങോലി)

February 12, 2015 , ജോര്‍ജ്ജ് മരങ്ങോലി

bsnner

വാലന്റൈന്‍ പുണ്യവാളന്റെ നാമത്തില്‍ പരസ്പരം സ്നേഹിക്കുന്നവര്‍ പൂക്കളും മിഠായികളും സമ്മാനങ്ങളും സ്നേഹ സന്ദേശങ്ങളും കൈമാറുന്ന വര്‍ഷംതോറുമുള്ള മഹത്തരമായ ഒരു ദിവസമാണ് ഫെബ്രുവരി 14 ‘വാലന്റൈന്‍സ് ഡേ’. ഈ ദിവസത്തെ കുറിച്ചുള്ള കൃത്യമായ ചരിത്രവും ആ പുണ്യവാളനെ കുറിച്ചുള്ള വിശദവിവരങ്ങളും ഒരു പരിധിവരെ ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും ഫെബ്രുവരി മാസം സ്നേഹത്തിന്റെയും പ്രണയത്തിന്റെയും മാസമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

‘വാലന്റൈന്‍സ് ഡേ’യുടെ ഉത്ഭവത്തെ കുറിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. ഈ പ്രത്യേക ദിവസത്തിന് അല്പം ക്രിസ്തീയ ചുവയും അതോടൊപ്പം പുരാതന റോമന്‍ പാരമ്പര്യവും ഉണ്ടെന്നുള്ളതാണ് പൊതുവെയുള്ള വിശ്വാസം. കത്തോലിക്ക സഭയില്‍ ‘വാലന്റൈന്‍’ എന്ന നാമധാരികളായ രക്തസാക്ഷികളായി മൂന്ന് വിശുദ്ധന്മാരെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരിലാരാണ് ‘വാലന്റൈന്‍സ് ഡേ’യുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ ‘വാലന്റൈന്‍’ എന്നതിന് മതിയായ തെളിവുകളില്ല.

ഈ ദിവസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യത്തില്‍ മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വിശുദ്ധ വാലന്റൈന്‍ എന്ന് പറയപ്പെടുന്നുണ്ട്. ആ കാലയളവില്‍ റോമ ഭരിച്ചിരുന്ന “ക്ലാഡിയൂസ്” രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പ്രമാദങ്ങളല്ലങ്ങിലും രക്തം ചൊരിഞ്ഞിരുന്ന ഒട്ടനവധി യുദ്ധങ്ങളുണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. അക്കാലത്ത് ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ ചേരാന്‍ ചെറുപ്പക്കാരെ കിട്ടുക എന്നത് വളരെ ദുഷ്കരമായിരുന്നുവത്രെ! ഭാര്യമാരെയും പ്രേമഭാജനങ്ങളെയും പിരിഞ്ഞിരിക്കാന്‍ ഇഷ്ടമല്ലാത്തത് കൊണ്ടാണ് ചെറുപ്പക്കാര്‍ സേനയില്‍ ചേരാത്തത് എന്ന് മനസ്സിലാക്കിയ ക്രൂരനായ “ക്ലാഡിയൂസ്” അന്ന് റോമില്‍ നിലനിന്നിരുന്ന സകല വിവാഹങ്ങളും വിവാഹ നിശ്ചയങ്ങളും റദ്ദു ചെയ്തു!

ആ കാലഘട്ടത്തില്‍ റോമില്‍ ഒരു പുരോഹിതനായിരുന്ന വാലന്റൈന്‍, ചക്രവര്‍ത്തിയുടെ ഈ കല്പ്പനയില്‍ രോഷാകുലനായി എന്നു മാത്രമല്ല, തന്റെ സുഹൃത്ത് “മരിയൂസ്” എന്ന മറ്റൊരു പുരോഹിതനുമൊരുമിച്ച് പരസ്പരം സ്നേഹിക്കുന്ന യുവതീയുവാക്കന്മാരെ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും വിവാഹിതരായവരെ രഹസ്യമായി സഹായിക്കുകയും ചെയ്തു. ഇത്കണ്ട് കുപിതനായ “ക്ലാഡിയൂസ്” ചക്രവര്‍ത്തി വാലന്റൈനെ അറസ്റ്റ് ചെയ്യാനും ഗദ കൊണ്ട് അടിച്ച ശേഷം ഒടുവില്‍ ശിരച്ഛേദനം ചെയ്യാനും കല്‍‌പ്പനയിറക്കി.! എ.ഡി 270 ഫെബ്രുവരി മാസം 14ആം തിയ്യതിയാണ് വിശുദ്ധ വാലന്റൈന്‍ രക്തസാക്ഷിത്വം വഹിച്ചത്!

റോമന്‍ ജയിലുകളില്‍ പിഡനം അനുഭവിച്ച ക്രിസ്ത്യാനികളായ തടവുകാരെ മോചിതരാക്കുവാന്‍ സഹായിച്ചതിനാണ് വാലന്റൈനെ ശിരച്ഛേദനം ചെയ്തത് എന്നും മറ്റൊരു കഥയില്‍ പറയപ്പെടുന്നുണ്ട്.

ജയിലില്‍ കിടന്ന അവസരത്തില്‍ ജയിലറുടെ മകളുമായി സ്നേഹബന്ധത്തിലായ വാലന്റൈനെ സന്ദര്‍ശിക്കുവാന്‍ ആ യുവതി സ്ഥിരമായി വരാറുണ്ടായിരുന്നുവത്രെ. ഒടുവില്‍ മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പ് വാലന്റൈന്‍ എഴുതിയ യാത്ര പറച്ചില്‍ കുറിപ്പില്‍ “നിന്റെ വാലന്റൈന്‍” എന്ന് എഴുതി ഒപ്പിട്ടിരുന്നതായും കഥകളുണ്ട്. വാലന്റൈന്‍ തന്നെയാണ് ആദ്യത്തെ വാലന്റൈന്‍ സന്ദേശം എഴുതിയത് എന്നാണ് ഇത് സാക്ഷ്യപ്പെടുത്തുന്നത്. “നിന്റെ വാലന്റൈന്‍” (യുവര്‍ വാലന്റൈന്‍) എന്ന പ്രയോഗം ഇന്നും നിലനില്‍ക്കുന്ന ഒന്നാണ്.

ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത് റോമിലാണ് ‘വാലന്റൈന്‍സ് ഡേ’ ആദ്യമായി തുടങ്ങിയത് എന്നാണ് മറ്റൊരു ഐതിഹ്യം. റോമന്‍ ദേവന്മാരുടെയും ദേവതമാരുടെയും രാജ്ഞിയായ ‘ജൂനോ’യുടെ ഓര്‍മ്മദിവസമായി പുരാതന റോമാക്കാര്‍ ഫെബ്രുവരി 14 ആചരിച്ചിരുന്നു. വിവാഹത്തിന്റെയും സ്ത്രീജനങ്ങളുടെയും ദേവത കൂടിയായിരുന്നു ജൂനോ.

‘ലൂപ്പര്‍ കാലിയ’ എന്ന ആഘോഷത്തിന് തുടക്കം കുറിക്കുന്നത് ഫെബ്രുവരി 15ആം തിയ്യതിയാണ്. പഴയകാലത്ത് റോമില്‍ യുവതീയുവാക്കന്മാര്‍ തീര്‍ത്തും വെവ്വേറെയാണ് ജീവിച്ചിരുന്നത്. പെണ്‍കുട്ടികളുടെ പേരുകള്‍ കടലാസുതുണ്ടുകളില്‍ എഴുതി ഒരു കുടത്തില്‍ ഇട്ട് ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ നറുക്കെടുപ്പിലൂടെ ഒരോ പെണ്‍കുട്ടിയുടെയുടെയും പേര് എടുക്കുന്നത് ലൂപ്പര്‍ കാലിയ ആഘോഷങ്ങളുടെ ഒരു വലിയ പ്രത്യേകതയായിരുന്നു. പിന്നീട് ആഘോഷങ്ങള്‍ തീരുന്നത് വരെ ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എല്ലാ കാര്യങ്ങളിലും പങ്കാളികളായിരിക്കും. ചിലപ്പോള്‍ ഒരു വര്‍ഷം വരെയും ചുരുക്കം ചില അവസരങ്ങളില്‍ വിവാഹം വരെയും ഈ പങ്കാളിത്വം ചെന്നെത്താറുണ്ട്.

എന്നാല്‍, പുരാതന റോമന്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ ചില ആചാര്യന്മാര്‍ പെണ്‍കുട്ടികളുടെ പേര് നറുക്കെടുപ്പിന് ഇടുന്നതിന് പകരം പുണ്യവാളന്മാരുടെ പേര് എഴുതി ഇടാന്‍ തുടങ്ങിയത്രെ. ലൂപ്പര്‍ കാലിയക്ക് മുന്‍പുള്ള ഈ ആഘോഷത്തെ വിശുദ്ധ വാലന്റൈന്‍സ് ഡേ എന്ന് ആചാര്യന്മാര്‍ നാമകരണം ചെയ്തതായും കഥകളുണ്ട്. എ.ഡി 498ല്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ‘ജെലാസിയൂസ്’ പാപ്പ വിശുദ്ധ വാലന്റൈന്റെ ബഹുമാനാര്‍ത്ഥം പുണ്യ ദിവസമായി ഫെബ്രുവരി 14 മാറ്റി വെച്ചു.

ഗ്രേറ്റ് ബ്രിട്ടണില്‍ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ആരംഭിച്ചത് 17ആം നൂറ്റാണ്ടിലാണ്. 18ആം നൂറ്റാണ്ടായപ്പോഴേക്കും അച്ചടിച്ച കാര്‍ഡുകളും സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറാന്‍ തുടങ്ങി. അമേരിക്കയില്‍ ആദ്യ വാലന്റൈന്‍സ് കാര്‍ഡ് അയച്ചതിന്റെ ബഹുമതി ‘എസ്തര്‍ ഹൗലന്‍സ്’ എന്ന സ്ത്രീക്കാണ്. കൊളറാഡോ സംസ്ഥാനത്തുള്ള ലൗ ലാന്‍ഡ് എന്ന പട്ടണത്തിലെ പോസ്റ്റാഫീസുകള്‍ക്ക് ഏറ്റവും തിരക്ക് പിടിച്ച ദിവസമാണ് ഫെബ്രുവരി 14.

വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്നേഹിക്കുന്നവരുടെ വിശുദ്ധനായ വാലന്റൈന്റെ തിരുന്നാളിനോടനുബന്ധിച്ച് സ്നേഹസന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്നതിനുള്ള സ്നേഹത്തിന്റെ ദിവസമായി ഫെബ്രുവരി 14 മാറിക്കഴിഞ്ഞു. ഗ്രീറ്റിംഗ് കാര്‍ഡ് അസ്സോസിയേഷന്റെ കണക്കനുസരിച്ച് ക്രിസ്തുമസ് കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ഗ്രീറ്റിംഗ് കാര്‍ഡുകള്‍ അയക്കുന്നതും (1000 കോടി) വാലന്റൈന്‍സ് ഡേക്കാണ്.!

വാലന്റൈന്‍സ് ഡേയുടെ ഉത്ഭവത്തെ കുറിച്ചുള്ള കഥകളെല്ലാം വളരെ മങ്ങിയതാണെങ്കില്‍ കൂടി ദീനാനുകമ്പനായ, സാഹസികനായ, കാല്‍‌പ്പനികനായ ഒരു വ്യക്തിയെന്നതിന് പുറമെ ഇംഗ്ലണ്ടിലെയും ഫ്രാന്‍സിലെയും ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിശുദ്ധന്‍ കൂടിയായിരുന്നു വാലന്റൈന്‍!

അമേരിക്കയെ കൂടാതെ കാനഡ, മെക്സിക്കൊ, യുണൈറ്റ്ഡ് കിംങ്ഡം, ഫ്രാന്‍സ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നുണ്ട്. ഒരു പാശ്ചാത്യ സംസ്ക്കാരത്തിന്റെ നുഴഞ്ഞുകയറ്റമെന്ന വ്യാജേന പല എതിര്‍പ്പുകളും നേരിട്ടാണെങ്കിലും ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും വാലന്റൈന്‍സ് ഡേ ഒരു ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്.

എല്ലാവര്‍ക്കും ‘വാലന്റൈന്‍സ് ഡേ’ ആശംസകള്‍!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top