Flash News

പ്രണയദിനം (മിനിക്കഥ)

February 13, 2015 , മിനി പി.സി.

pranaya dinam

ഒരു മിന്നല്‍ക്കൊടിയെന്നോണം ആ പുല്‍മേട്ടിലേയ്ക്ക് പൊട്ടിവീഴപ്പെട്ടതായിരുന്നു അവര്‍ ! സാന്ധ്യമേഘത്തിന്‍റെ സ്നിഗ്ധതയും , മഴത്തുള്ളികളുടെ ആര്‍ദ്രതയും , മിന്നലിന്‍റെ ആകര്‍ഷകമായ പ്രഭാപൂരവും അവരില്‍ ഇഴചേര്‍ന്നിരുന്നു.

മലമടക്കുകളുടെ ഔന്ന്യത്യവും ,താഴ്വരകളുടെ അഗാധതയും പോലെ വൈവിധ്യമാര്‍ന്ന നിമ്ന്നോന്നതങ്ങള്‍ കൊണ്ട് അവര്‍ തങ്ങളുടെ പ്രണയത്തെ എന്നും ഉല്‍കൃഷ്ടമായി പൊതിഞ്ഞു സൂക്ഷിച്ചിരുന്നു ! അവളുടെ കണ്ണുകളിലെ ഒരിയ്ക്കലും വറ്റാത്ത പ്രണയത്തിന്‍റെ നീര്‍ച്ചാലുകള്‍ തന്‍റെ ഹൃദയഭിത്തിയിലൂടെ പടര്‍ന്നൊഴുകുന്ന നിര്‍വൃതി ആസ്വദിച്ചുകൊണ്ട് അയാള്‍ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയങ്ങനെ ഇരുന്നു.

അയാളുടെ കണ്ണുകളില്‍ വിശുദ്ധ പ്രണയത്തിന്‍റെ മീവല്‍പ്പക്ഷികള്‍ കൂടൊരുക്കുന്നതും നോക്കിയിരിയ്ക്കെ അഭൌമമായ ഏതോ അനുഭൂതിയുടെ ചിറകില്‍ അനന്തതയിലേയ്ക്ക് പറന്നുയരുകയായിരുന്നു
അവളപ്പോള്‍ !

അവരുടെ ആ ഇരുപ്പ് കണ്ട്…. അവരെ തഴുകി കടന്നു പോയ ഇളംകാറ്റ് മലമടക്കുകളില്‍ തട്ടി തിരിച്ചു വന്ന് തന്‍റെ പ്രണയിനിയായ പൊന്‍വെയിലിന്‍റെ കാതില്‍ പ്രണയദിനാശംസകള്‍ അറിയിച്ചു, പച്ചപ്പുല്‍മെത്തയില്‍ മൂക്കുരസി രസിച്ചുനടന്ന മുയല്‍ക്കുട്ടന്മാര്‍ തങ്ങളുടെ ഹൃദയേശ്വരിമാര്‍ക്ക് തേനില്‍ചാലിച്ച പ്രണയദിന സ്പെഷ്യല്‍ എസ്‌.എം എസ്സുകള്‍ അയച്ചു , നാളിതുവരെ ഒരേ സമയം പലരെയും പ്രണയിച്ച പൂവാലനണ്ണാന്‍ പീച്ചുതോട്ടത്തിനരുകിലെ യൂക്കാലിമരത്തില്‍ കൂടുകൂട്ടിയ ഒരു സുന്ദരിയ്ക്ക് മാത്രമായി തന്‍റെ ഹൃദയം പതിച്ചു നല്‍കി, പൂവാലനെന്ന കളിപ്പേരില്‍ നിന്നും എന്നേയ്ക്കുമായി മോചിതനായി !

അങ്ങനെയങ്ങനെ പൂക്കളും പുഴുക്കളും പുല്‍നാമ്പുകളും തുടങ്ങി അവരെ ചുറ്റിനില്‍ക്കുന്ന സര്‍വ്വവും അവരില്‍ നിന്നും പ്രസരിക്കുന്ന ഉദാത്ത പ്രണയത്തിന്‍റെ മാസ്മരികതയില്‍ മുങ്ങി നില്‍ക്കെ അവര്‍
പറയാതെ പറയുന്ന വിശേഷങ്ങളിലും, പാടാതെ പാടുന്ന പാട്ടുകളിലും ,കാണാതെ കാണുന്ന സ്വപ്നങ്ങളിലും പെട്ട് ആ പ്രണയദിനം സാഫ്രോണ്‍ പൂക്കള്‍ പോലെ ചുവന്നു തുടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top