അധ്യാപകന്‍െറ ആത്മഹത്യ: എം.എല്‍.എയുടെയും അധ്യാപകന്‍െറയും മുന്‍കൂര്‍ ജാമ്യഹരജി തള്ളി

latest-newsകൊച്ചി: അധ്യാപകന്‍െറ ആത്മഹത്യാപ്രരണ കേസില്‍ പ്രതിയായ തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യുവിന്‍െറ മുന്‍കൂര്‍ ജാമ്യഹരജി ഹൈകോടതി തള്ളി. ആത്മഹത്യ ചെയ്ത ഇ.പി. ശശിധരന്‍െറ സഹാധ്യാപകനും ഒന്നാം പ്രതിയുമായ എം.വി. ഷാജിയുടെ മുന്‍കൂര്‍ ജാമ്യ ഹരജിയും തള്ളി.

തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന ശശിധരന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ഇരുവരെയും പ്രതികളാക്കി കേസെടുത്തത്. 2014 ഡിസംബര്‍ 15ന് കാണാതായ ശശിധരനെ കാസര്‍കോട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്തെിയത്. മൃതദേഹത്തില്‍നിന്ന് ഒന്നും രണ്ടും പ്രതികള്‍ക്ക് പ്രത്യേകമായി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടത്തെിയിരുന്നു. കള്ളക്കേസില്‍ കുടുക്കാന്‍ സഹാധ്യാപകനായ ഒന്നാം പ്രതി ശ്രമിച്ചെന്നാണ് ആരോപണം.

എം.എല്‍.എ ബോധപൂര്‍വം ആത്മഹത്യാ പ്രേരണ നല്‍കിയിട്ടില്ലന്നും ഫോണ്‍ ചെയ്തുവെന്നതും ആത്മഹത്യാക്കുറിപ്പും മാത്രം അടിസ്ഥാനമാക്കി കേസെടുത്ത നടപടി നിലനില്‍ക്കില്ലന്നുമായിരുന്നു ഹരജിയിലെ വാദം. ഒന്നാം പ്രതിയായ അധ്യാപകനെതിരെയാകട്ടെ ശശിധരനെക്കുറിച്ച് എം.എല്‍.എയോട് മോശമായ കാര്യങ്ങള്‍ പറഞ്ഞുകൊടുത്തൂവെന്ന ആരോപണം മാത്രമാണുള്ളതെന്നും ചൂണ്ടിക്കാട്ടി. മരണപ്പെട്ട അധ്യാപകനെതിരെ എം.എല്‍.എയോ ഒന്നാം പ്രതിയോ കേസ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് മരണപ്പെട്ടയാള്‍ ഭയപ്പെട്ടിരുന്നുവെന്ന വാദം നിലനില്‍ക്കുന്നതല്ലന്നും ഹരജിക്കാര്‍ വാദിച്ചു.

സ്കൂളിലെ മികച്ച അധ്യാപകനായിരുന്നു ശശിധരനെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി അറിയിച്ചു. സര്‍ക്കാര്‍ സ്കൂളായിട്ടും ഇവിടെ പ്രവേശ പരീക്ഷയിലൂടെയാണ് അഡ്മിഷന്‍ നല്‍കിയിരുന്നത്. സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു പരീക്ഷ. എന്നാല്‍, സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശ പരീക്ഷ വേണ്ടതില്ലന്നും അപേക്ഷകര്‍ക്കെല്ലാം പ്രവേശം നല്‍കണമെന്നുമായിരുന്നു എം.എല്‍.എയുടെ നിലപാടെന്ന് ഡി.ജി.പി വ്യക്തമാക്കി.

മരണത്തിന് രണ്ട് ദിവസം മുമ്പ് ശശിധരനെ എം.എല്‍.എ ഫോണില്‍ വിളിച്ചതായി സാക്ഷിമൊഴിയുണ്ട്. ഫോണെടുത്ത ശശിധരന്‍ വിറച്ച് ഭയത്തോടെ സര്‍, സര്‍ എന്ന് വിളിച്ചാണ് സംസാരിച്ചതെന്ന് സാക്ഷി അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്. അധ്യാപകന്‍ മരണപ്പെട്ട സാഹചര്യത്തില്‍ എം.എല്‍.യുടെ ഫോണ്‍ പിടിച്ചെടുത്ത് അന്വേഷിക്കണം. എം.എല്‍.എയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.

കേസ് ഡയറി, ആത്മഹത്യാക്കുറിപ്പ്, മറ്റ് വസ്തുതകള്‍ എന്നിവ പരിശോധിച്ചതില്‍നിന്ന് അധ്യാപകന്‍െറ ആത്മഹത്യക്ക് പിന്നില്‍ ഹരജിക്കാരുടെ പങ്കാളിത്തം പ്രഥമദൃഷ്ട്യാ സംശയിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment