Flash News

ലോക കപ്പ് ക്രിക്കറ്റ്: നീലപ്പട അഴിഞ്ഞാടി; അമ്പരപ്പോടെ പാക് ടീം

February 15, 2015 , പ്രദീപ് മേനോന്‍

news bannerindiaഅഡ്‌ലെയ്ഡ് : ലോകകപ്പ് ക്രിക്കറ്റില്‍ ആരാധകര്‍ കാത്തിരുന്ന ഇന്ത്യ- പാക് പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയം. നീലപ്പട നിറഞ്ഞാടിയപ്പോള്‍ പാക് പൂര്‍ണമായും തകരുന്ന കാഴ്ചയ്ക്കാണ് അഡ്‌ലെയ്ഡ് സാക്ഷിയായത്. ഇന്ത്യ ഉയര്‍ത്തിയ 301 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന് 224 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 76 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തറപറ്റിച്ചത്. ലോകകപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യ നേടുന്ന ആറാമത്തെ വിജയമാണിത്. പാക് ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ഹക്ക് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് പാക്കിസ്ഥാനെ അല്‍പ്പമെങ്കിലും പിടിച്ചു നിര്‍ത്തിയത്. മിസ്ബാ ഉള്‍ ഹക്ക് 76 റണ്‍സ് നേടി. 47 റണ്‍സെടുത്ത അഹമ്മദ് ഷെഹ്സാദ്, 36 റണ്‍സെടുത്ത ഹാരിസ് സൊഹൈല്‍, 22 റണ്‍സെടുത്ത ഷാഹിദ് അഫ്രിഡി എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്.

ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മോശം തുടക്കമായിരുന്നു. തുടക്കത്തില്‍ തന്നെ മുന്‍നിര വിക്കറ്റുകള്‍ പാക്കിസ്ഥാന് നഷ്ടമാവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി ഷമി നാലു വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, മോഹിത് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് മാന്‍ ഓഫ് ദി മാച്ച്. 126 പന്തില്‍ കോഹ്‌ലി 107 റണ്‍സെടുത്തു. 73 റണ്‍സെടുത്ത ശിഖര്‍ധാവാനും 74 റണ്‍സെടുത്ത സുരേഷ് റെയ്നയും കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. 15 റണ്‍സെടുത്ത രോഹിത് ശര്‍മയുടെയും വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തുടര്‍ന്ന് വിരാടും ധവാനും ചേര്‍ന്ന് മികച്ച പിന്തുണ നല്‍കുകയായിരുന്നു. ക്യാപ്റ്റന്‍ ധോണിക്കും രവീന്ദര്‍ ജഡേജക്കും രഹാനെക്കും കാര്യമായി സംഭാവനകളൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പാക്കിസ്ഥാനു വേണ്ടി സൊഹൈല്‍ ഖാന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആറ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്. ഭുവനേശ്വര്‍ കുമാര്‍ ഇന്ന് കളിക്കില്ല.

ദക്ഷിണാഫ്രിക്കയുടെ ചെറുത്തു നില്പില്‍ സിംബാബ്‌വേ അടിയറവു പറഞ്ഞു 

south-africaഹാമില്‍ട്ടണ്‍ : ഡേവിഡ് മില്ലറും ഡുംനിയും ചേര്‍ത്ത് നടത്തിയ ചെറുത്തു നില്‍പ്പിനു മുന്നില്‍ സിംബാവെ അ‌ടിയറവ് പറഞ്ഞു. ലോകകപ്പ് പൂള്‍ ബി ആദ്യമത്സരത്തില്‍ സിംബാവെയെ 62 റണ്‍സിനു ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 339 റണ്‍സിന് മറുപടിയുമായിറങ്ങിയ സിംബാവെയ്ക്ക് 277 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാലിന് 83 റണ്‍സെന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയ്ക്ക് ജെ. പി ഡൂംനിയും ഡേവിഡ് മില്ലറും നല്‍കിയത് റെക്കോര്‍ഡ് കൂട്ടുകെട്ട്. മികച്ച കൂട്ടുകെട്ടിന്‍റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക 339 റണ്‍സ് നേടി.

2015 ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മികച്ച കൂട്ടുകെട്ട് സ്കോര്‍ ഇതോടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. സിംബാവെയുടെ മികച്ച ബോളിങിന് മുന്നില്‍ തുടക്കത്തില്‍ ദക്ഷിണാഫ്രിക്ക പതറിയെങ്കിലും മില്ലറും ഡൂംനിയും ചേര്‍ന്ന് നടത്തിയ പോരാട്ടത്തില്‍ കരകയറുകയായിരുന്നു. ഡൂംനി 100 പന്തില്‍ നിന്ന് പുറത്താകാതെ 115 റണ്‍സും മില്ലര്‍ പുറത്താകാതെ 92 പന്തില്‍ 138 റണ്‍സും സമ്മാനിച്ചു. ആദ്യ 21 ഓവറില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ മുന്‍ നിര വിക്കറ്റുകള്‍ നഷ്ടമായി.ടോസ് നേടിയ സിംബാവെ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാന്‍ഡിനു വേണ്ടി മസാക്ഡസ് 80 റണ്‍സും ചിബാബ 64 റണ്‍സും നേടി.

ടീം ഇന്ത്യക്ക് രാഷ്ട്രപതിയുടേയും പ്രധാന മന്ത്രിയുടേയും അഭിനന്ദനങ്ങള്‍

modiന്യൂഡല്‍ഹി: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെ 76 റണ്‍സിനു പരാജയപ്പെടുത്തി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ ടീം ഇന്ത്യക്ക് രാഷ്ട്രപതിയുടേയും പ്രധാനമന്ത്രിയുടേയും അഭിനന്ദനം. ടീം ഇന്ത്യയെ അഭിനന്ദിക്കുന്നതായി ട്വീറ്റ് ചെയ്ത രാഷ്ട്രപതി  വിജയം തുടരാന്‍ ടീമിനു സാധിക്കട്ടെയെന്നും ആശംസിച്ചു. ടീം ഇന്ത്യയില്‍ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

തന്റെ ഹാട്രിക് നേട്ടം ആഘോഷമാക്കാന്‍ സ്റ്റീവന്‍ ഫിന്നിനു കഴിഞ്ഞില്ല 

finnമെല്‍ബണ്‍: ക്രിക്കറ്റിന്‍റെ ഏത് രൂപത്തിലായാലും ഹാട്രിക് ഇന്നുമൊരപൂര്‍വ നേട്ടം തന്നെ. ഇംഗ്ലിഷ് ബൗളര്‍ സ്റ്റീവന്‍ ഫിന്നിനു പക്ഷേ ഇന്നലത്തെ തന്‍റെ ഹാട്രിക് നേട്ടത്തില്‍ ആഘോഷിക്കാന്‍ വകയുണ്ടായിരുന്നില്ല. ഇന്നിങ്സിലെ അവസാന മൂന്നു പന്തുകളില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുമ്പോഴേക്കും ഫിന്നിന്‍റെ ചെലവില്‍ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാര്‍ 71 റണ്‍സ് അടിച്ചുകൂട്ടിക്കഴിഞ്ഞിരുന്നു. ആകെ സ്കോര്‍ 342ലെത്തുകയും ചെയ്തിരുന്ന സ്ഥിതിക്ക് ഫിന്നിന്‍റെ ഹാട്രിക് കളിയില്‍ ഒരു പ്രഭാവവും ചെലുത്തിയതുമില്ല. മറുവശത്ത് ഒമ്പതോവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷിന്‍റെ പ്രകടനത്തിന് കൂടുതല്‍ മാര്‍ക്ക് അര്‍ഹിക്കുന്നു.

31 റണ്‍സെടുത്ത ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍ ആയിരുന്നു ഹാട്രിക്ക് നേട്ടത്തില്‍ ഫിന്നിന്‍റെ ആദ്യ ഇര, ടോപ്പ് എഡ്ജ് ചെയ്ത പന്ത് ഡീപ്പ് തേഡ് മാനില്‍ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്‍റെ കൈകളിലൊതുങ്ങി. 66 റണ്‍സെടുത്ത ഗ്ലെന്‍ മാക്സ്വെലിന്‍റേത് അടുത്ത ഊഴം, ലോങ് ഓഫില്‍ ജോ റൂട്ടിന്‍റെ ഡൈവിങ് ക്യാച്ച്. അവസാന പന്ത് മിച്ചല്‍ ജോണ്‍സണ്‍ മിഡ് ഓഫില്‍ ജയിംസ് ആന്‍ഡേഴ്സന്‍റെ കൈകളിലേക്കും അടിച്ചുകൊടുത്തു. ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഏഴാമത്തെ ബൗളറാണ് സ്റ്റീവന്‍ ഫിന്‍. ആദ്യത്തെയാള്‍ ഇന്ത്യയുടെ ചേതന്‍ ശര്‍മ.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top