ന്യൂഡല്‍ഹി: മതവിദ്വേഷം വളര്‍ത്താന്‍ ആരെയും അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തും. ബാഹ്യ പ്രേരണകളില്ലാതെ ഏതു മതത്തിലും വിശ്വസിക്കാനും പിന്തുടരാനുമുള്ള അവകാശം എല്ലാ പൗരന്മാര്ക്കുമുണ്ട്. സര്‍ക്കാരിന് എല്ലാ മതങ്ങളോടും തുല്യപരിഗണനയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും ഏവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന് കത്തോലിക്കാ സഭ സംഘടിപ്പിച്ച ദേശീയ ആഘോഷം ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ ഉദ്ഘാടനം ചെയ്യവെയാണ് സമീപകാലത്തു വര്‍ധിച്ചുവരുന്ന മതസംഘര്ഷങ്ങളെക്കുറിച്ചു മോദി നിലപാട് വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരേ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിയാക്രമണങ്ങളും സംഘ് പരിവാര്‍ നേതൃത്വത്തിലുള്ള ഘര്‍ വാപസിയും വിവാദമായപ്പോള്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു ക്രൈസ്തവ സഭാ നേതൃത്വവും പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മോദി മൗനം പാലിക്കുകയായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നടങ്കം ബിജെപിക്കെതിരേ തിരിഞ്ഞതിനു പിന്നില്‍ ഈ നിലപാടാണെന്നും ആരോപണമുയര്‍ന്നു. ഈ സാഹചര്യത്തില്‍ കത്തോലിക്കാ സഭയുടെ ചടങ്ങില്‍ പ്രധാനമന്ത്രി മനസു തുറക്കുമെന്നു കരുതിയിരിക്കെയാണ് മത സംഘര്‍ഷത്തിനിടയാക്കുന്ന ഏതു നീക്കത്തെയും ശക്തമായി അടിച്ചമര്‍ത്തുമെന്ന പ്രഖ്യാപനം.
എല്ലാ ഭാരതീയരും പരസ്പരം മതങ്ങളെ ബഹുമാനിക്കുന്നവരാകണം. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ല. ഒരു വിഭാഗത്തിനെതിരേ പ്രകടമായോ അല്ലാതെയോ വിദ്വേഷം വളര്‍ത്താന്‍ ഭൂരിപക്ഷ- ന്യൂനപക്ഷ മത വിഭാഗക്കാരെ അനുവദിക്കില്ല. ലോകമൊട്ടാകെ മതപരമായ വേര്‍തിരിവും സംഘര്‍ഷവും വര്‍ധിച്ചുവരികയാണ്. എല്ലാ വിശ്വാസങ്ങളോടും സമഭാവനയും ബഹുമാനവും പുലര്‍ത്തിയിരുന്നു പ്രാചീന ഇന്ത്യയില്‍. അതാണു ലോകത്തിനു വേണ്ടത്.
ലോകം വഴിത്തിരിവിലാണ്. ശരിയായ പാത തെരഞ്ഞെടുത്തില്ലെങ്കില്‍ മതവിദ്വേഷത്തിന്റെയും രക്തച്ചൊരിച്ചിലിന്റെയും ഇരുണ്ട കാലഘട്ടത്തിലേക്കാകും അതു നമ്മളെ കൊണ്ടുപോകുക. ലോകാം മൂന്നാം സഹസ്രാബ്ദത്തിലേക്കു കടന്നിട്ടും മതപരമായ സഹിഷ്ണുത പൂര്‍ണമായിട്ടില്ല. എല്ലാ മതവിഭാഗങ്ങളും പരസ്പരം സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലര്‍ത്തണമെന്നും പുരാതന ഇന്ത്യയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.
വിശ്വാസം മനുഷ്യാവകാശമായി പ്രഖ്യാപിച്ച് 2008ല്‍ ഹേഗില്‍ നടന്ന സര്‍വമത ഉച്ചകോടിയിലെ തീരുമാനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അനുസരിക്കും. ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കും. ഐക്യവും സമാധാനവും നിലനിന്നാല്‍ മാത്രമേ സബ് കാ സാഥ്, സബ് കാ വികാസ് എന്ന തന്റെ ലക്ഷ്യം സാധിക്കൂ എന്നും മോദി പറഞ്ഞു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചരേി അധ്യക്ഷത വഹിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, ന്യൂനപക്ഷ ക്ഷേമ മന്ത്രി നജ്മ ഹെപ്ത്തുള്ള, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്, ഡല്‍ഹി ആര്‍ച്ച് ബിഷപ് ഡോ. അനില്‍ കൂട്ടോ എന്നിവര്‍ പങ്കെടുത്തു. ഭരണകൂടം മതവിശ്വാസങ്ങളില്‍ നിന്നു വിട്ടുനില്ക്കുമ്പോള് പോലും ആചാരനുഷ്ഠാനങ്ങള്‍ പിന്തുടരാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നുണ്ടെന്നു ജയ്റ്റ്ലി പറഞ്ഞു. കേരളത്തിലെ ഹിന്ദു രാജാക്കന്മാരാണ് ക്രൈസ്തവര്‍ക്കു പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയതെന്നു പി.ജെ. കുര്യന് ചൂണ്ടിക്കാട്ടി.
സമീപകാലത്ത് ഇന്ത്യയില്‍ നടന്ന മത സംഘര്‍ഷങ്ങള്‍ മഹാത്മാഗാന്ധിയെയും വേദനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടിരുന്നു. വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതു ശരിയല്ലെന്നു പിന്നീടു യുഎസിലെ പ്രമുഖ പത്രം ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗമെഴുതി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply