ആലുവ ശിവരാത്രി മണപ്പുറം ഭക്തിസാന്ദ്രമായി; ആയിരങ്ങള്‍ പിതൃപുണ്യം തേടി പെരിയാര്‍ തീരത്ത്

KUTTYആലുവ: പിതൃഓര്‍മകളുടെ കണ്ണീര്‍നനവില്‍ പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ഉരുവിട്ട് ജനസഹസ്രങ്ങള്‍ ആലുവ ശിവരാത്രി മണപ്പുറത്തെത്തി. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ആലുവ ശിവരാത്രി മണപ്പുറത്ത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ബലിതര്‍പ്പണം നടത്തി. രാത്രി പന്ത്രണ്ട് മണിയോടെ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കിന് ശേഷമാണ് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കമായത്. പത്തു ലക്ഷത്തോളം പേര്‍ ക്ഷേത്രത്തോടു ചേര്‍ന്നുള്ള സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടത്തിയെന്ന് അധികൃതര്‍.

തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്ര ചടങ്ങുകള്‍. കറുത്ത വാവായതിനാല്‍ ബലിതര്‍പ്പണത്തിന് ഇന്നും വിശ്വാസികള്‍ മണപ്പുറത്തെത്തും.

ഇരുന്നൂറിലധികം ബലിത്തറകള്‍ ഒരുക്കിയിട്ടുണ്ട്. 30 രൂപയാണ് ഈടാക്കുക. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്ഷേത്രത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് അപകടങ്ങളുണ്ടാകാതിരിക്കാനായി കല്‍പ്പടവുകളോടു ചേര്‍ന്ന് മണല്‍ നിറച്ച ചാക്കുകള്‍ നിരത്തിയിട്ടുണ്ട്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. സുരക്ഷയ്ക്കായി 1500 പൊലീസുകാരെയാണ് മണപ്പുറത്ത് വിന്യസിച്ചിട്ടുള്ളത്.

വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ആലുവ കൊട്ടാരക്കടവില്‍ നിന്ന് മണപ്പുറത്തേയ്ക്കു വരാനായി താത്കാലിക ഇരുമ്പുപാലം നിര്‍മിച്ചിട്ടുണ്ട്. ഇത്തവണ പാലത്തിലൂടെ പ്രവേശനം സൗജന്യമാണ്.

Print Friendly, PDF & Email

Leave a Comment