Flash News

സൈബര്‍ ഇടങ്ങളെ സ്ത്രീകള്‍ സൂക്ഷിക്കണം

February 18, 2015 , എച്മുക്കുട്ടി

cyber idangal titleഇന്‍റര്‍നെറ്റിനെ, ഓര്‍ക്കുട്ടിനെ, ബ്ലോഗിനെ, ഗൂഗിള്‍ ബസിനെ, പ്ലസിനെ, ഫേസ് ബുക്കിനെ, മൊബൈല്‍ ഫോണിനെ… എല്ലാറ്റിനേയും നമ്മള്‍ പെണ്ണുങ്ങള്‍ സൂക്ഷിക്കണം. ഇതിനോടെല്ലാം അങ്ങേയറ്റം കരുതലോടെ മാത്രമേ ഇടപെടാവൂ. ഫോട്ടൊ ഇടരുത്.. സംസാരിക്കരുത്.. സൂക്ഷിക്കണം… ഒന്നും ആരോടും പങ്കു വെക്കരുത്… തുറന്നു പറയരുത്.. ആരേയും വിശ്വസിക്കരുത്… സൂക്ഷിക്കണം… നമ്മള്‍ പെണ്ണുങ്ങള്‍ക്കുള്ള ചതിക്കുഴികള്‍ പലയിടങ്ങളില്‍ പലരീതികളില്‍ കുഴിച്ചു വെയ്ക്കപ്പെട്ടിരിക്കുന്നു. അത് തിരിച്ചറിയാതെ അവയില്‍ അബദ്ധത്തില്‍ മുഖമടിച്ച് വീണാല്‍ പിന്നെ നമുക്ക് മാനമില്ല… അപമാനം മാത്രമേയുള്ളൂ.. നമ്മുടെ മാനം നമ്മെ ചതിക്കുന്നവരും അത് ഒരു രസമായി നോക്കിനില്‍ക്കുന്നവരും മാത്രം തീരുമാനിക്കുന്നതാണ്. ചതിക്കുന്നവരാണ്, അവര്‍ക്ക് പല രീതിയില്‍ ഒത്താശ ചെയ്യുന്നവരാണ് മിടുക്കര്‍. ഒടുവില്‍ നിരന്തരമായ അപമാനത്തിനും നിന്ദിക്കലിനും വേട്ടയാടലിനും ഇരയാകേണ്ടി വരുമെന്ന് ഭയന്ന് നമുക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നു.

ഏതു പുതുമക്കു മുന്നിലും നമുക്കെന്നും ഈ താക്കീതുണ്ടായിരുന്നു.. സൂക്ഷിക്കണം. വസ്ത്രധാരണത്തില്‍, വീട്ടിനു പുറത്തിറങ്ങുന്നതില്‍, വിദ്യാഭ്യാസത്തില്‍, ജോലിക്കു പോകുന്നതില്‍, വിദേശത്ത് പോകുന്നതില്‍, കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍.. നമ്മള്‍ പെണ്ണുങ്ങള്‍ സൂക്ഷിക്കണം.. നമ്മെക്കാത്ത് പ്രപഞ്ചത്തിന്‍റെ സമസ്ത മേഖലകളിലും നമ്മുടെ ചാരിത്ര്യം കളഞ്ഞു പോകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ പതിയിരിക്കുന്നു…. നമ്മുടെ ശരീരം.. മലിനമാകാന്‍ എല്ലാ വഴിയും ഉണ്ട്. ഉള്ളില്‍.. അടങ്ങി.. ഒതുങ്ങി.. സ്വന്തം ദേഹത്തിലേക്ക് മാത്രം ശ്രദ്ധിച്ചുകൊണ്ട് … ഈ ലോകത്തെ ഒരു തരത്തിലും പരിചയപ്പെടാതെ.. പകച്ച കണ്ണുകളോടെ… ഒന്നുമൊന്നുമറിയാതെ ഇങ്ങനെ സ്നേഹമയിയും ത്യാഗവതിയും വീട്ടുമൂര്‍ത്തിയുമായ അമ്മയായി ഇരിക്കുന്നതാണ് നമുക്കേറ്റവും സുരക്ഷിതം. അമ്മയോ പെങ്ങളോ മകളോ ഭാര്യയോ ആയിട്ടല്ലാതെ ഞാന്‍… എന്ന് പറഞ്ഞ് നമുക്ക് ജീവിതമേ ഇല്ല.

എന്തുകൊണ്ടാണ് നമ്മള്‍ സൂക്ഷിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് എല്ലാവരും സുഭിക്ഷമായി നമുക്ക് ഉപദേശങ്ങള്‍ തരുന്നത് ? അരുതുകളുടെ വേലികള്‍ നമുക്കായി മാത്രം മല്‍സരിച്ചുയര്‍ത്തുന്നതെന്തിനാണ് ? കുറ്റം ചെയ്യുന്നവരെ വേലികെട്ടിത്തിരിച്ച് താക്കീതു ചെയ്യാന്‍, ഒറ്റപ്പെടുത്താന്‍ നിയമവും, ഭരണവും സംസ്ക്കാരവും ചൂണ്ടിക്കാണിച്ച് ആരും പുറപ്പെടാത്തതെന്താണ്?

സ്ത്രീയെ മാനഭംഗപ്പെടുത്തിയാല്‍, സ്ത്രീയെ ചൂഷണം ചെയ്താല്‍ പിന്നെ ആ കുറ്റവാളിക്ക് മാനമില്ല, അപമാനം മാത്രമേയുള്ളൂവെന്നും അയാള്‍ കൃത്യമായി പിടിക്കപ്പെടുകയും അതിനു ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്നും എഴുതാന്‍ … പോട്ടെ, എഴുതേണ്ട, ചുമ്മാ മോഹിക്കാന്‍ പോലും എല്ലാവരും മടിക്കുന്നു. തന്നെയുമല്ല , ഇങ്ങനെ ആലോചിക്കുന്ന ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാണു കുഴപ്പമെന്നും അവര്‍ കാര്യങ്ങള്‍ വേണ്ടവിധത്തില്‍ മനസ്സിലാക്കുന്നില്ലെന്നും കൂടി എഴുതിയും വാദിച്ചും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

കുറ്റവാളി എല്ലായ്പ്പോഴും മിടുക്കനാകുന്ന, കുറ്റവാളിയെ ഭൂരിഭാഗം സമൂഹവും പിന്തുണക്കുന്ന, ഒരു വിചിത്ര രീതിയാണ് സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ കുറ്റകൃത്യങ്ങളിലും ഉള്ളത്. കാമുകന്‍ പറ്റിച്ചാല്‍, അവനെ വിശ്വസിക്കാന്‍ പോയ പെണ്ണിന്‍റെയല്ലേ കുറ്റം ? പൊതുവിടങ്ങളില്‍ അപകടപ്പെട്ടാല്‍, ആ സമയത്ത്, ആ ഉടുപ്പിട്ട്, ആ ശരീര ഭാഷയില്‍, ആ സ്ഥലത്ത് പ്രത്യക്ഷപ്പെട്ട പെണ്ണിന്‍റെയല്ലേ കുറ്റം ? ഭര്‍ത്താവിന്‍റെ ഉപദ്രവമാണെങ്കില്‍ അയാളെ സ്നേഹപൂര്‍വം പാട്ടിലാക്കാത്ത ഭാര്യയുടെയല്ലേ കുറ്റം? പിഞ്ചു ബാലികയെ അച്ഛന്‍ ദ്രോഹിക്കുന്നതാണെങ്കില്‍ അത് തടയാന്‍ നോക്കാത്ത അമ്മയുടെ അല്ലേ കുറ്റം?

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി മൂടിമറച്ച് വിനയത്തില്‍ താഴോട്ട് നോക്കി , മുതിര്‍ന്നവരുടെ താല്‍പര്യപ്രകാരം അങ്ങ് ജീവിച്ചാല്‍ മതി… അധികം ആലോചിക്കേണ്ട, വായിക്കണ്ട, ഈ പ്രപഞ്ചത്തിലെ ഉള്ളതോ കണ്ടുപിടിക്കപ്പെട്ടതോ ആയ ഒരു പുതുമയേയും പരിചയപ്പെടുകയോ അറിയുകയോ വേണ്ട.. കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തുകയും കുടുംബം നോക്കുകയും ചാരിത്ര്യം പവിത്രമായി സംരക്ഷിക്കുകയും ചെയ്ത് അങ്ങ് മരിച്ചു പോയാല്‍ മതി. സ്ത്രീകള്‍ എഴുത്തുകാരാവുന്നതിലും നല്ലത് ഒരു ടോള്‍സ്റ്റോയിയെ പ്രസവിക്കുന്നതാണെന്ന് ഒരു മഹദ് വചനം മാതിരി എല്ലാവരും സാധിക്കുമ്പോഴൊക്കെ ഉദ്ധരിക്കുന്നത് ഈ വിചാരത്തിന്‍റെ ബാക്കി തന്നെ. പ്രസവവും മുലയൂട്ടലും ഒഴിച്ച് ഈ പ്രപഞ്ചത്തിലെ സകലമാന കാര്യങ്ങളും നോക്കി നടത്താന്‍, ചാരിത്ര്യസംരക്ഷണ ബാധ്യത അങ്ങനെ എത്ര കഷ്ടപ്പെട്ടും ചെയ്യണമെന്ന് സമൂഹം നിര്‍ബന്ധിച്ചിട്ടില്ലാത്ത ആള്‍ക്കാര്‍ ഉണ്ട്. അവര്‍ക്ക് വഴിയില്‍ ചളി കണ്ടാല്‍ ചവിട്ടാം.. വെള്ളം കണ്ടാല്‍ കഴുകുകയും ആവാം..വഴിയില്‍ കണ്ട ചെളിക്കാണ് കുറ്റമെന്ന് ആര്‍ത്തു വിളിച്ചു പറയാന്‍ സമൂഹം റെഡിയായിട്ടുണ്ട്. മഴ പെയ്തുണ്ടായ ചളിയാണോ, വയലിലെ ചളിയാണോ, മാലിന്യം വലിച്ചെറിഞ്ഞുണ്ടായ ചളിയാണോ… എന്നൊന്നും അന്വേഷിക്കാനില്ല. ചവിട്ടാന്‍ പാകത്തില്‍ അവിടെ കണ്ട ചളിക്ക് തന്നെയാണ് കുറ്റം.

കുറ്റം ചെയ്താല്‍ കുറ്റവാളിക്കാണ് ശിക്ഷ കിട്ടുകയെന്ന ശിക്ഷാ നിയമത്തിലെ പ്രാഥമിക നിയമം സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റങ്ങളില്‍ നടപ്പിലാകുമെന്ന് ഉറപ്പ് വരുന്നതുവരെ ഈ ചീഞ്ഞളിഞ്ഞ ന്യായങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. കുറ്റത്തിനിരയായവര്‍ക്ക് പരിഗണനയും പിന്തുണയും നല്‍കുകയും കുറ്റവാളിക്കെതിരെ പരാതിപ്പെടുന്നവര്‍ക്ക് ആവശ്യമായ സാമൂഹിക പരിരക്ഷ നല്‍കുകയും ചെയ്യാന്‍ തയാറുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചാല്‍ മാത്രമേ സ്ത്രീകള്‍ക്ക് നീതി കിട്ടാന്‍ സാധ്യതയുണ്ടോ എന്ന് ആലോചിച്ചു നോക്കാന്‍ പോലും സാധിക്കു.

അരുതുകളുടെ മുള്ളുവേലികളില്‍ കുടുക്കിയിടുന്നതിനു കൂട്ടു നില്‍ക്കുന്നതിനു പകരം ധൈര്യമായി പുറത്തു വരൂ, പഠിക്കൂ, പുതുമയെ അനുഭവിക്കൂ, അനീതികളോട് പ്രതികരിക്കൂ നമുക്കൊന്നിച്ചു നില്‍ക്കാം ഒരുമിച്ചു പൊരുതാം എന്ന് പറയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ധീരമായ സൌഹൃദങ്ങളും, ആണും പെണ്ണുമടങ്ങുന്ന സമൂഹത്തിന്‍റെ കരുത്താര്‍ന്ന പിന്തുണയും തേടിവരാത്ത നീതിയെപ്പോലെ നമ്മള്‍ സ്ത്രീകളുടെ ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കുകയാണ്..

അപ്പോള്‍ പറഞ്ഞുവന്നതെന്താണെന്ന് വെച്ചാല്‍ ഇത് പെണ്ണുങ്ങളുടെ ചാരിത്ര്യത്തിനും അതു വഴി മാനത്തിനും ഒരിക്കലും നേരേയാക്കാനാവാത്ത അപകടം പറ്റാവുന്ന ലോകമാണ്.. ഇതിനെ നന്നാക്കാനും ശരിയാക്കാനും ഒന്നും നമ്മുടെ ഒപ്പം നില്‍ക്കാന്‍ ആരുമില്ല… അതുകൊണ്ട് .. നമ്മള്‍, ഈ ലോകം ഇങ്ങനെ പോരാ എന്നു കരുതുന്ന പെണ്ണുങ്ങള്‍ തളരാതെ ധൈര്യസമേതം സമരം ചെയ്യണം..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top