നൂപുര ധ്വനികള്‍ ….! (കഥ): വര്‍ഷിണി വിനോദിനി

 

“മുരളിയൊന്നൂതു വേണുഗോപാലാ
കരുണയാലെന്‍ മന പ്രേമമൂര്‍ത്തേ
വൃന്ദാവനമാമീ പാരില്‍ പൊങ്ങും
പ്രേമ സന്ദേശമാം വേണുഗാനം കൃഷ്ണാ..
അനുദിനമുണ്ണുവാന്‍ കൊതി തിങ്ങീടും
മാനസ താപത്തെ മാറ്റിയാലും കൃഷ്ണാ..
മാനസ താപത്തെ മാറ്റിയാലും…”

ഉള്ളതില്‍ വെച്ച് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടു പുടവയും പൂത്താലി മാലയും പാലയ്ക്ക കമ്മലുകളും മോതിരവുമണിഞ്ഞ് തലമുടി കോതി മിനുക്കി നീട്ടി മുടഞ്ഞ് കുഞ്ചലം ചേർത്ത് കെട്ടി വെച്ചു.. മുല്ലപ്പൂ മാല ചൂടി ചുണ്ടുകളില്‍ ഇളം ചുവപ്പ് ചായം തേച്ച് വാസനകള്‍ പുരട്ടി കാത്തിരിയ്ക്കുകയാണ്.. ആദ്യമായി ഉടുത്ത ചേല ഒരിയ്ക്കല്‍ കൂടി ചുറ്റാന്‍ കിട്ടിയ ചാരിതാര്‍ത്ഥ്യം.

നീണ്ട കൈവിരലുകള്‍ ചുവന്ന ചേലയിലെ ചുളിവുകള്‍ ഉഴിഞ്ഞ് താഴോട്ടിറക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ പിറുപിറുത്തു.., “കാത്തിരിയ്ക്കുകയാണ് ഞാന്‍.. നിന്റെ അക്ഷര കുഞ്ഞുങ്ങളെ പ്രസവിച്ച് മാറോടണയ്ക്കവാന്‍.. രൂപവും ഭാവവും പ്രായവും ഇല്ലാത്ത നിന്റെ മുന്നില്‍ ഞാന്‍ കാഴ്ച്ചവെയ്ക്കുന്നത് ആല്‍ത്ത പുരട്ടി ചുവപ്പിച്ച കൈ വിരലുകളും കാലടികളും ശൃംഗാര ചേഷ്ഠകളുമായിരിയ്ക്കുകയില്ല.. ലജ്ജാപ്രകടനങ്ങളാല്‍ തീര്‍ത്ത മുദ്രാ വിക്രിയകളും ആയിരിയ്ക്കുകയില്ല.. പ്രണയം സമ്മാനിച്ച പുഞ്ചിരിയും ആത്മവിശ്വാസം നല്‍കിയ തിളങ്ങുന്ന തൊലിയും.. നൃത്ത കലയോടുള്ള അഭിനിവേശം കാഴ്ച്ച വെയ്ക്കുന്ന ലാസ്യ ഭാവങ്ങള്‍ മാത്രം ആയിരിയ്ക്കും…”

നിലവിളക്കിന്‍ തിരി കൊളുത്തി അന്ധകാരത്തെ മയക്കിയപ്പോള്‍ ഉള്ളിലെ തീ നാളങ്ങള്‍ ആളി കത്തും പോലെ.. കണ്ണുകള്‍ ഉയര്‍ത്തി കറുപ്പിനെ അനുഭവിയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ കാല്‍കീഴില്‍ പൊട്ടി ചിതറി വീണത് ഇപ്പോള്‍ ജനിച്ചു വീണ താരക പൈതങ്ങള്‍… “ഇല്ല..എന്റെ നൂപുരങ്ങള്‍ നിങ്ങള്‍ക്കും ദൃശ്യമാക്കുകയില്ല ഞാന്‍..” അവയെ ശകാരിച്ച് പുടവ ഒന്നു കൂടി താഴ്ത്തി കെട്ടി..

ജനക് ജനക് ജങ്കാര്‍….

താരക കുഞ്ഞുങ്ങള്‍ നൂപുര മണികളില്‍ സ്ഥാനം പിടിച്ചതറിഞ്ഞില്ല.. അവ തിളങ്ങുന്നൂ..കിലുങ്ങി കിലുങ്ങി കളിയാക്കി ചിരിയ്ക്കുന്നു.. ഞെരിയാണികളിലൂടെ കാല്‍ പാദങ്ങളില്‍ വലിഞ്ഞു മുറുകി ഇക്കിളിയാക്കും തിളങ്ങും വെട്ടങ്ങളുടെ തണുത്ത സ്പര്‍ശം…കണ്ണുകളിലും മനകണ്ണിലും കേറി പറ്റിയ ഇരമ്പുന്ന സ്വസ്ഥ മൗനം… പൊള്ളുന്ന ഭാവങ്ങള്‍… വിസ്മയിപ്പിയ്ക്കുന്ന രസങ്ങള്‍… ചടുല ചലനങ്ങള്‍… നെറുകില്‍ പൊടിഞ്ഞ് ഒലിച്ചിറങ്ങും കുങ്കുമ ചാര്‍ത്തുകള്‍… നട്ടെല്ലിലൂടെ ഒലിച്ചിറങ്ങും ഉപ്പാം വിയര്‍പ്പിന്‍ ചാലുകള്‍.. വലിഞ്ഞു മുറുകുന്ന തുടയിലെ പേശികള്‍… ഹൊ…അനുഭവിച്ചറിയേണ്ട വേദനയുണര്‍ത്തുന്ന സുഖങ്ങള്‍ ..!

ജനക് ജനക് ജങ്കാര്‍….

പൂജാ വിളക്കിന്റെ തിരി നാളത്തില്‍ സംഗീത മാധുര്യ സന്ധ്യയില്‍ ദൂരെ കാണുമാ നക്ഷത്ര പൊന്‍ വെട്ടങ്ങളില്‍ ഉന്മത്തനായ പാല്‍ത്തുള്ളികള്‍ വിളമ്പും തിങ്കളിനായി ഈ നൂപുരങ്ങള്‍ ചലിച്ചു.. മുറ്റത്ത് നിലാവ് വിരിയും ഓരോ രാവിലും എന്ന പോലെ ഇന്നും നെഞ്ചിടിപ്പോടെ ഓതി… “ഇല്ല … നീ സംശയിയ്ക്കും പോലെ ഈ താരക പൈതങ്ങള്‍ക്ക് ജന്മം നല്കിയവള്‍ ഞാനല്ല.. നീ എന്നെ എത്രമേല്‍ കുറ്റം ചുമത്തുന്നുവോ അത്രമേല്‍ ഞാന്‍ ശഠിയ്ക്കും.. എന്റെ നൂപുരങ്ങള്‍ കിലുങ്ങിയത് നിന്റെ സദസ്സുകളില്‍ മാത്രം …എന്റെ നൂപുരങ്ങള്‍ അന്യ കരലാളനകള്‍ ഏറ്റു വാങ്ങിയിട്ടില്ല…. നിന്റെ കാതുകള്‍ എന്റെ ചുണ്ടുകളെ വിശ്വസിയ്ക്ക.. നിന്റെ കണ്ണുകള്‍ എന്റെ ചുണ്ടുകളെ സമ്മതിയ്ക്കു..” എങ്കിലേ എനിയ്ക്ക് ഈ ചുവര്‍ തടവില്‍ നിന്ന് മോചനം അനുവദനീയമുള്ളു.. നാളുകള്‍ ഇച്ചിരി ആയി …. മടുപ്പ് അലസോലപ്പെടുത്തുന്നു. ജനല്‍ ഇരുമ്പഴികളിലൂടെയുള്ള എത്തി നോട്ടങ്ങളും, അനുകമ്പ മിഴികളും മൊഴികളും എന്നിലെ ക്രോധം ഇരട്ടിപ്പിയ്ക്കുന്നു.. തടുത്തു നിര്‍ത്താനാവാത്ത അണപ്പൊട്ടും രൌദ്ര ഭാവങ്ങള്‍ ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ പാഞ്ഞ് എതിരാളികളെ തൊടാന്‍ ആയുമ്പോള്‍… ഈ ചങ്ങല മാലകള്‍ എന്നെ തളയ്ക്കുന്നു..

ഈശ്വരാ…അപ്പോള്‍ കിലുങ്ങി ചിരിയ്ക്കുന്ന എന്റെ നൂപുരങ്ങളെവിടെ..? തിളങ്ങുന്ന നൂപുര മണികളിലെ നക്ഷത്ര കൂട്ടങ്ങള്‍ എവിടെ..? നോക്കൂ … എന്റെ മുടിപ്പൂക്കള്‍ കൊഴിഞ്ഞു വീഴുന്നു.. പച്ചയും ചുവപ്പും കലര്‍ന്ന ആടയാഭരണങ്ങള്‍ പൊട്ടിച്ചിതറുന്നതും, മുഖപുട്ടികളും ചാര്‍ത്തുകളും ഒലിച്ച് മാഞ്ഞു പോകുന്നതും…വീണ കമ്പികളുടെ ശ്രുതി നിലയ്ക്കുന്നതും.. മൃദംഗ ധ്വനികള്‍ അപതാളം ഉയര്‍ത്തുന്നതും കേള്‍ക്കുന്നില്ലേ …? സഹിയ്ക്കാനാവുന്നില്ലാ … മാര്‍ത്തടം പൊട്ടും നിലവിളികള്‍ ഉയര്‍ത്തി ജ്വാലാമുഖിയായി പൊട്ടിച്ചിരികള്‍ മുഴക്കി സദസ്യരെ കൂട്ടി അരങ്ങുകള്‍ ഒരുക്കി വിളംബരം നടത്തി. താണ്ഡവ നടനം അരങ്ങേറി..

….ഹോ…..ആട്ടക്കലാശം തീര്‍ന്നു….!

ഇനി തുടുത്ത മുഖം തുടച്ച് നാദം വിതുമ്പും പ്രണയ സന്ധ്യയെ തൊഴുത് കുങ്കുമം ചാര്‍ത്തി നൂപുരങ്ങള്‍ എടുത്തണിഞ്ഞ് സൌപര്‍ണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്.. നിന്റെ അക്ഷരകുഞ്ഞുങ്ങളെ പ്രസവിയ്ക്കുവാന്‍…

Print Friendly, PDF & Email

Related News

Leave a Comment