Flash News

അരമനരഹസ്യം അങ്ങാടിപ്പാട്ട്… ‘ആ ക്യാപിറ്റല്‍ പണിഷ്‌മെന്റിനു പുറകില്‍…’

February 26, 2015 , സ്വന്തം ലേഖകന്‍

capital titleആലപ്പുഴ സമ്മേളനത്തോടെ സി.പി.എമ്മിന്‍െറ ചരിത്രത്തില്‍ വി.എസ് അച്യുതാനന്ദന്‍െറ കാലം കഴിഞ്ഞു. ‘കാലം കഴിച്ചു’ എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. എന്നും രാവിലെ ഉണര്‍ന്നെഴുന്നേറ്റ് കൃത്യമായി വ്യായാമം ചെയ്യുകയും കര്‍ശനമായ ചിട്ടകള്‍ പാലിക്കുകയും ജീവിതചര്യകള്‍ പിന്തുടരുകയും ചെയ്ത് മനസ്സിന്‍െറയും ശരീരത്തിന്‍െറയും വാര്‍ധക്യത്തെ വേലിക്കു പുറത്തുനിര്‍ത്തി ഒരു പോരാളിയുടെ വീര്യം കാത്തുസൂക്ഷിച്ച സഖാവിനെ വൃദ്ധന്മാരുടെ പട്ടികയിലാക്കി പുറന്തള്ളുകയായിരുന്നു പാര്‍ട്ടി. അതെന്തുമാകട്ടെ, സി.പി.എമ്മിലെ ഒൗദ്യോഗിക വിഭാഗം നടപ്പാക്കിയ ആ കാപ്പിറ്റല്‍ പണിഷ്മെന്‍റിനു പുറകില്‍ ഒരു വലിയ ഗൂഢാലോചനയുണ്ട്. സി.പി.എമ്മിന്‍െറ കേന്ദ്ര- കേരള നേതൃത്വങ്ങളും കേരളത്തിലെ സി.പി.എം വിരുദ്ധമുഖപത്രവും ചേര്‍ന്ന് നടത്തിയ ഒരു ഗൂഢാലോചന. വി.എസ് അച്യുതാനന്ദന്‍ പി.ബിക്ക് അയച്ച വിയോജനക്കുറിപ്പ് ഒരു ‘ബൂര്‍ഷ്വാ’പത്രം പ്രസിദ്ധീകരിച്ചതാണ് ഇത്തവണത്തെ സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍െറ അജണ്ട അട്ടിമറിച്ചത്. ആദ്യ ചോദ്യം: വി.എസ് പി.ബി കമീഷന് അയച്ച കത്ത് ആരാണ് പത്രത്തിന് ചോര്‍ത്തിക്കൊടുത്തത്? മലയാളിയായ ഒരു പി.ബി അംഗമാണ് ഈ കത്ത് അദ്ദേഹത്തിന് അടുപ്പമുള്ള ഈ പത്രത്തിലെ ഒരു ലേഖകന് ചോര്‍ത്തിക്കൊടുത്തത് എന്നാണ് വിവരം. പത്രത്തിലെ സി.പി.എം റിപ്പോര്‍ട്ടര്‍ കൂടിയാണ് ഈ ലേഖകന്‍. (ഉപകാരസ്മരണ എന്ന നിലക്ക് പിണറായി സെക്രട്ടറി സ്ഥാനമൊഴിയുന്ന ദിവസവും കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനമേല്‍ക്കുന്ന ദിവസവും ഒരു പേജ് പ്രകീര്‍ത്തന ലേഖനവും ഈ ലേഖകന്‍േറതായി വന്നു). വസ്തുതകളില്‍നിന്ന് എത്താവുന്ന ഒരു അനുമാനമാണിത്. ഈ അനുമാനത്തിന് ബലം പകരുന്ന വസ്തുതകള്‍ എന്തെല്ലാമാണ്? ഒന്ന്, പാര്‍ട്ടിക്കുള്ളില്‍നിന്ന് ഒൗദ്യോഗിക വിഭാഗത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ നീക്കം നടത്തുന്ന വി.എസ്, സംസ്ഥാന സമ്മേളനത്തിന്‍െറ സമയത്ത് ആ പോരാട്ടത്തെ അട്ടിമറിക്കാനിടയാക്കിക്കൊണ്ട് തന്‍െറ കത്ത് ഒരു പത്രത്തിന് നല്‍കില്ല. മാത്രമല്ല, ഈ പത്രം നിരന്തരം വി.എസിനെ എതിര്‍ക്കുകയും ഒൗദ്യോഗിക വിഭാഗത്തോട് ഒട്ടിനില്‍ക്കുന്ന പത്രവുമാണ്. പി.ബിക്ക് നല്‍കിയ കത്തിലെ വിഷയങ്ങള്‍ സംസ്ഥാന സമ്മേളന പ്രതിനിധിയായി പങ്കെടുത്ത് വീണ്ടും ഉന്നയിക്കുകയായിരുന്നു വി.എസിന്‍െറ ലക്ഷ്യം. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാനസമിതും ചര്‍ച്ച ചെയ്ത് തള്ളിയ ഈ കത്ത് പി.ബി വഴി സംസ്ഥാന സമ്മേളനത്തില്‍ വീണ്ടും ചര്‍ച്ചക്ക് കൊണ്ടുവരിക എന്നതുതന്നെയായിരുന്നു വി.എസിന്‍െറ ലക്ഷ്യം. ആ നിലക്ക് കത്ത് ചോര്‍ത്തിക്കൊണ്ട് അതിനുള്ള സാധ്യത വി.എസ് ഒരിക്കലും ഇല്ലാതാക്കില്ല. കത്ത് ചോര്‍ന്ന് പത്രത്തില്‍ വന്ന അന്നുരാവിലെ മുതല്‍ പിണറായി പക്ഷത്തുനിന്ന് ചില ദുരൂഹമായ നീക്കങ്ങളുണ്ടായി. ഏറ്റവും പ്രധാനം, ‘കത്ത് ചോര്‍ത്തിയ’ വി.എസിനെ അടിമുടി ആക്ഷേപിച്ച് അന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടുപേജ് വരുന്ന പ്രസ്താവന പുറത്തിറക്കി. ഇതിലാണ് വി.എസിനെ പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാള്‍ എന്ന് പിണറായി വിജയന്‍ ആക്ഷേപിച്ചത്. ഈ പ്രസ്താവന വായിച്ച യോഗത്തില്‍നിന്ന് വി.എസ് ഇറങ്ങിപ്പോകുകയും ചെയ്തു. സംസ്ഥാന സമ്മേളനം തുടങ്ങുന്ന ദിവസം പാര്‍ട്ടി സെക്രട്ടറിയേറ്റ് ഇത്തരമൊരു പ്രസ്താവന തയാറാക്കുന്നത് മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ് എന്നുമാത്രമല്ല, അത് സംസ്ഥാന സെക്രട്ടറി തന്നെ വന്ന് മാധ്യമങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കുന്നത് യഥാര്‍ഥത്തില്‍ സകല സംഘടനാമര്യാദകള്‍ക്കും എതിരുമാണ്. സംസ്ഥാനസമ്മേളനത്തിന്‍െറ പതാക ഉയര്‍ത്തുന്ന മുതിര്‍ന്ന നേതാവിനെയാണ് സംസ്ഥാന സെക്രട്ടറി ‘പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാള്‍’ എന്ന് പരസ്യമായി ആക്ഷേപിച്ചത് എന്ന് ശ്രദ്ധിക്കുക. പിണറായി വിജയന്‍ ആവര്‍ത്തിച്ചുപറയുന്ന സംഘടനാതത്വമനുസരിച്ച്, ‘കത്ത് ചോര്‍ത്തിയ’ വി.എസിനെതിരെ വിമര്‍ശനമുന്നയിക്കേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. പി.ബി അംഗങ്ങളടക്കമുള്ളവര്‍ ഈ സമയത്ത് ആലപ്പുഴയില്‍ ഉണ്ടായിരുന്നതാനും. അവരുടെ മുന്നില്‍ അവതരിപ്പിക്കേണ്ട വിഷയമാണ്, കത്ത് ചോര്‍ത്തി എന്നുപറയുന്നതിനേക്കാള്‍ ഗുരുതരമായ അച്ചടക്കലംഘനത്തിലൂടെ മാധ്യമങ്ങള്‍ക്കുമുന്നില്‍ സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ചത്. വി.എസ് കേന്ദ്രകമ്മിറ്റിക്ക് നല്‍കിയ കത്തിന്‍െറ പൂര്‍ണരൂപം പത്രത്തില്‍ വന്നയുടനെയാണ് സെക്രട്ടറിയേറ്റ് അടിയന്തരയോഗം ചേര്‍ന്നത്. വി.എസിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് യോഗം ഈ പ്രസ്താവനക്ക് അംഗീകാരം നല്‍കിയത്. പ്രസ്താവന വായിക്കുന്നത് കേട്ടിരുന്ന വി.എസ് പത്രത്തില്‍ വന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു. തനിക്കെതിരായ പ്രസ്താവന വായിച്ചുതീര്‍ന്ന ഉടന്‍ ‘പറയാനുള്ളത് ഞാന്‍ ജനങ്ങളോട് പറയാം’ എന്ന് പ്രതികരിച്ച് വി.എസ് യോഗ ഹാളില്‍നിന്ന് പുറത്തുവരുകയായിരുന്നു. ഇതിനുശേഷമാണ് ‘അയാളുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു’ എന്ന് വി.എസ് തുറന്നടിച്ചത്. ഈ പ്രസ്താവനയോടെ വി.എസിനെ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഒഴിവാക്കാം എന്നും അതുവഴി അച്ചടക്ക നടപടി എടുപ്പിക്കാം എന്നുമാണ് പിണറായി പക്ഷം കരുതിയത്. കാരണം, ഇത്രമേല്‍ ആക്ഷേപം സഹിച്ച് വി.എസിനെപ്പോലൊരാള്‍ സമ്മേളനപ്രതിനിധിയായി തുടരില്ല എന്നുറപ്പായിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍നിന്നുതന്നെ തന്‍െറ പോരാട്ടം തുടരാന്‍ തീരുമാനിച്ച വി.എസ് അന്നു വൈകീട്ട് പൊതുസമ്മേളന നഗരിയില്‍ കൊടിമര-പതാക ജാഥകളെ സ്വീകരിക്കാന്‍ എത്തുകയും സമ്മേളനപതാക ഉയര്‍ത്തുകയും ചെയ്തു. വി.എസിനെ പുകച്ചു പുറത്തുചാടിക്കാനുള്ള ആദ്യനീക്കം പാളിയപ്പോള്‍ പിണറായി വിജയന്‍, അവസാന തുരുപ്പുചീട്ട് പുറത്തെടുത്തു; പ്രവര്‍ത്തന റിപ്പോര്‍ട്ട്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അവതരണമായിരുന്നില്ല അത്. മറിച്ച്, വി.എസിന്‍െറ വിഭാഗീയ ക്രൂരതക്കിരയായ ഒരാളുടെ കരച്ചിലായിരുന്നു. ആദരിക്കപ്പെടുന്ന വ്യക്തി രാഷ്ട്രീയ എതിരാളികളെക്കാള്‍ ക്രൂരമായി കുത്തി നോവിച്ചു, തണല്‍ കിട്ടേണ്ടിടം ചങ്കുപിടക്കുന്ന വേതാളകഥയെപ്പോലെയായി എന്നൊക്കെയായിരുന്നു പിണറായിയുടെ കരച്ചില്‍. ആക്ഷേപങ്ങളുടെ മൂര്‍ച്ച കൂട്ടാന്‍ കഴിഞ്ഞ സമ്മേളന റിപ്പോര്‍ട്ടില്‍ വി.എസിനെതിരെ പറഞ്ഞ കാര്യങ്ങള്‍ കൂടി ഈ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിനുപുറകേ, ടി.പി വധക്കേസ് പ്രതികളായ സമ്മേളന പ്രതിനിധികളുടെ വധം കൂടിയായപ്പോള്‍ വി.എസ് അച്യുതാനന്ദന് സമ്മേളനത്തില്‍ തുടരാനാകാതെ വന്നു. പിണറായി പക്ഷം പ്രതീക്ഷിച്ചപോലെ വി.എസ് ഇറങ്ങിപ്പോരുകയും ചെയ്തു. വി.എസ് ഉന്നയിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന കേന്ദ്ര നേതൃത്വത്തിന്‍െറ സന്നദ്ധതക്ക് തുരങ്കം വച്ചതും കാരാട്ട്- വി.എസ് കൂടിക്കാഴ്ച അട്ടിമറിച്ചതും പിണറായി പക്ഷനേതാക്കളാണ്. ‘വി.എസ് പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക്’ എന്ന് ചാനലുകള്‍ ബ്രേക്ക് നല്‍കുന്നതിനിടയിലും കണ്ടോണ്‍മെന്‍റ് ഹൗസില്‍ അനുരഞ്ജനശ്രമവും കാത്തിരിക്കുകയായിരുന്നു വി.എസ്. എന്നാല്‍, അനുരഞ്ജനം അന്ത്യശാസനമായതോടെ വി.എസും സ്വരം കനപ്പിച്ചു. എങ്കിലും പാര്‍ട്ടിയില്‍നിന്ന് പുറത്തുപോകാതെ തന്നെ വി.എസ് തന്‍െറ നിലപാട് ഉറപ്പിക്കുകയും ചെയ്തു. വി.എസിനെ പ്രതിപക്ഷനേതൃസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നതാണ് ഒൗദ്യോഗിക വിഭാഗത്തിന്‍െറ ഉന്നം. എന്നാല്‍, വി.എസ് സ്വയം ഒഴിയാത്തിടത്തോളം അതിന് സാധ്യതയില്ല. വി.എസ് ഉന്നയിക്കുന്ന അടിസ്ഥാനപ്രശ്നങ്ങള്‍ അവഗണിച്ച് വെറും സംഘടനാസാങ്കേതികയുടെ പേരില്‍ ആ വിമര്‍ശനത്തെ നിര്‍വീര്യമാക്കുകയാണ് പിണറായി വിജയന്‍െറ ലക്ഷ്യം. പാര്‍ട്ടിയിലെ വലതുപക്ഷവല്‍ക്കരണം, വിപണിവല്‍ക്കരണം, ജനവിരുദ്ധത, പ്രത്യയശാസ്ത്രപിഴവുകള്‍, സ്വേച്ഛാധിപത്യപ്രവണത, വ്യക്തി ഉന്മൂലനം തുടങ്ങി ഒരു ജനാധിപത്യസമൂഹത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ടാകാന്‍ പാടില്ലാത്ത പ്രവണതകളെയാണ് വി.എസ് എതിര്‍ക്കുന്നത്. വി.എസ് എഴുതിയ കത്തല്ല, വി.എസ് ഉന്നയിക്കുന്ന വിഷയങ്ങളാണ് പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top