മിസ്സോറി: മൂന്നു മൈല്‍ ചുറ്റളവിലുള്ള 4 വീടുകളില്‍ നടത്തിയ വെടിവെപ്പില്‍ തോക്കുധാരി ഉള്‍പ്പെടെ 9 പേര് കൊല്ലപ്പെട്ട അതിദാരുണ സംഭവം മിസ്സോറി ടൗണിലുള്ള ജനങ്ങള്‍ വെള്ളിയാഴ്ച രാവിലെ നടുക്കത്തോടെയാണ് ശ്രവിച്ചത്.
ഫെബ്രുവരി 26 വ്യാഴാഴ്ച രാത്രിയോടെ എട്ട് മൃതദ്ദേഹങ്ങളും ഇന്നലെ വെള്ളിയാഴ്ച രാവിലെ പ്രതി എന്ന് സംശയിക്കുന്ന 36 വയസ്സുള്ള ജോസഫ് ജെസ്സി ആള്ഡ്രിജിന്റെ മൃതദ്ദേഹം ജി.എം.സി പിക്കപ്പിലുമാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടവരില്‍ 4 പേര് പ്രതിയുടെ കുടുംബാംഗങ്ങളില്‍ പെട്ടവരാണെന്ന് മിസ്സോറി സ്റ്റേറ്റ് ട്രൂപര്‍ ഇന്നലെ നടത്തിയ ന്യൂസ് കോണ്ഫ്രന്സില് വെളിപ്പെടുത്തി.
9 പേരില്‍ പ്രതിയുടെ മാതാവ് ആലീസിന്റെ (74) മരണം സ്വാഭാവികമാണെന്നാണ് പോലീസ് നിഗമനം. പ്രതി മാതാവിനോടൊപ്പമാണ് വളരെക്കാലമായി താമസിച്ചിരുന്നത്. വെടിവെക്കുന്നതിന് പ്രതിയെ പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അന്വേഷിച്ചു വരുകയാണ്.
കൊല്ലപ്പെട്ടവരുടെ പൂര്‍ണ്ണ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ലെങ്കിലും കൊല്ലപ്പെട്ടവരില്‍ രണ്ടു ദമ്പതിമാര്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. സമീപ വീടുകളില്‍ നടന്ന വെടിവെപ്പിനെ കുറിച്ച് ഒരു പെണ്‍കുട്ടിയാണ് വിവരം പുറംലോകത്തെ അറിയിച്ചത്.
ഭീകരമായ ഒരു ദുരന്തമാണെന്നാണ് മിസ്സോറി ഗവര്‍ണ്ണര്‍ ജൊനിക്സണ് പ്രതികരിച്ചത്. ദുരന്തത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഗവര്‍ണ്ണര്‍ അനുശോചനം അറിയിച്ചു. സമീപ പ്രദേശങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആവശ്യക്കാര്‍ക്ക് കൗണ്‍സിലര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.