കശ്‌മീരില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല; സയീദ് മുഫ്തിയുടെ പ്രസ്താവനയെച്ചൊല്ലി പാര്‍ലമെന്റ് സ്തംഭിച്ചു

mufti-mohammed-syed-pti1ന്യൂഡല്‍ഹി: പാക്കിസ്ഥാനോടും ഭീകരരോടും നന്ദി പറഞ്ഞതു വിവാദമായതിനു പിന്നാലെ പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതി അഫ്സല്‍ ഗുരുവിന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ വിട്ടുനല്‍കണമെന്നു കൂടി പിഡിപി ആവശ്യപ്പെട്ടതോടെ ഞായറാഴ്ച അധികാരമേറ്റ കശ്മീര്‍ ഭരണസഖ്യത്തില്‍ ഭിന്നത കൂടുതല്‍ പ്രകടം. ഇന്നലെ പിഡിപി എംഎല്‍എമാരാണ് പുതിയ ആവശ്യമുന്നയിച്ചു രംഗത്തെത്തിയത്. അതിനിടെ, പാക്കിസ്ഥാനു നന്ദി പറഞ്ഞ സയീദിന്‍റെ പ്രസ്താവന കേന്ദ്ര സര്‍ക്കാര്‍ തള്ളിയെങ്കിലും കശ്മീര്‍ മുഖ്യമന്ത്രിയും മകള്‍ മെഹബൂബയും നിലപാട് ആവര്‍ത്തിച്ചതു പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന വ്യക്തമായ സൂചനയും നല്‍കി. സയീദിന്‍റെ പ്രസ്താവനയെച്ചൊല്ലി പാര്‍ലമെന്‍റ് സ്തംഭിച്ചു.

എട്ടു പിഡിപി എംഎല്‍എമാരാണ് തിഹാര്‍ ജയിലിലെ അജ്ഞാത സ്ഥലത്തു കബറടക്കിയ അഫ്സല്‍ ഗുരുവിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പിഡിപി ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും എംഎല്‍എമാര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. പിഡിപി ഇത്തരം തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണു ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മയുടെ മറുപടി. ഭീകരതയ്ക്ക് മതമോ ജാതിയോ ഇല്ല. ഭീകരത മാനവികതയുടെ ശത്രുവാണ്. ഇത്തരം രാഷ്ട്രീയത്തെ ബിജെപി എക്കാലവും എതിര്‍ത്തിട്ടുണ്ട്. ഇനിയും അതു തുടരുമെന്നും ശര്‍മ വ്യക്തമാക്കി.

കശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താനായതു അതിര്‍ത്തിക്കിരുപുറത്തുമുള്ളവരുടെ സഹായത്തോടെയാണെന്ന മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരേ പാര്‍ലമെന്‍റില്‍ പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനോടു പ്രതികരിക്കണമെന്നു ലോക്സഭയില്‍ വിഷയമുന്നയിച്ച കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പു കാലത്ത് ഭീകരര്‍ സൈനിക ക്യാംപുകള്‍ ആക്രമിക്കുകയും ഗ്രാമത്തലവനടക്കം ആറു പേരെ കൊലപ്പെടുത്തുകയും ചെയ്തതു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്താന്‍ സഹായിച്ചതു ഹുറിയത്തും പാക്കിസ്ഥാനും ഭീകരരുമാണോ എന്നു പ്രധാനമന്ത്രി വ്യക്തമാക്കണമെന്നു കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടു. സയീദിന്‍റെ പ്രസ്താവന രാജ്യവിരുദ്ധമാണെന്ന് രാജ്യസഭയില്‍ ശാന്താറാം നായിക്ക് ചൂണ്ടിക്കാട്ടി. കശ്മീരിലെ 24 മന്ത്രിമാരില്‍ ഒരാള്‍ മുന്‍ വിഘടനവാദിയാണ്. ഇയാളുടെ ഭാര്യ പാക്കിസ്ഥാനിയും- നായിക്ക് പറഞ്ഞു.

ലോക്സഭയില്‍ പ്രതിപക്ഷം ഒന്നടങ്കം രംഗത്തിറങ്ങിയതോടെ സയീദിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ലെന്നു മറുപടി നല്‍കി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. തെരഞ്ഞെടുപ്പ് നടത്തിയത് തെരഞ്ഞെടുപ്പു കമ്മിഷനാണ്. സമാധാനപരമായി ജനാധിപത്യപ്രക്രിയ പൂര്‍ത്തിയാക്കിയത് കമ്മിഷനും സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും ചേര്‍ന്നാണെന്നും രാജ്നാഥ് പറഞ്ഞു. കമ്മിഷനും രക്ഷാ സേനയും ജനങ്ങളുമാണ് അഭിനന്ദനം അര്‍ഹിക്കുന്നതെന്നു രാജ്യസഭയില്‍ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി മറുപടി നല്‍കി. സഖ്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയ ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവും സയീദിന്‍റെ വാദം തള്ളി.

ഇതിനുശേഷമാണ് മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മുഫ്തിയും മെഹബൂബയും ആവര്‍ത്തിച്ചത്. എന്നാല്‍, വോട്ടര്‍മാര്‍ക്കു സ്ലിപ് നല്‍കിയത് ഇന്ത്യയാണെന്നും അവര്‍ക്ക് ഇന്ത്യയിലാണു വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്ത് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തി മുഫ്തി. ആശയങ്ങളില്‍ ഭിന്നധ്രുവത്തിലായ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ സ്വാഭാവികമെന്നാണു മെഹബൂബയുടെ പ്രതികരണം.

എന്നാല്‍, പ്രതീക്ഷ നല്‍കുന്നതല്ല സര്‍ക്കാരിന്‍റെ തുടക്കത്തിലെ പ്രശ്നങ്ങളെന്ന് പിഡിപി മുതിര്‍ന്ന എംപി മുസഫര്‍ ഹുസൈന്‍ ബെയ്ഗ് പറഞ്ഞു. സഖ്യം തകര്‍ക്കാനാണോ സയീദ് ശ്രമിക്കുന്നതെന്ന് മുന്‍ മന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

Print Friendly, PDF & Email

Leave a Comment