കോടതിയുടെ പരാമര്‍ശത്തില്‍ ദുരൂഹതയുണ്ടോ എന്നു സംശയം; വി.എം. സുധീരന്‍

VM-Sudheeran-new1തിരുവനന്തപുരം: കെപിസിസി നല്‍കിയ സര്‍ക്കുലറുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഹൈക്കോടതി നടത്തിയ പരാമര്‍ശം അധികാരപരിധി ലംഘിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍. ജനനന്മയെയും പൊതുതാത്പര്യത്തെയും മുന്‍നിര്‍ത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. ഉത്തരവാദപ്പെട്ട ഒരു പ്രസ്ഥാനത്തിന്‍റെ അധ്യക്ഷസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ സമാനമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇനിയും നല്‍കാന്‍ മടിക്കില്ല. കോടതി പരാമര്‍ശത്തിനു പിന്നില്‍ ദുരൂഹതയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അക്കാര്യം പിന്നീടു പറയാമെന്നും കാര്യങ്ങള്‍ കൂടുതല്‍ പരിശോധിച്ചു വരികയാണെന്നും സുധീരന്‍റെ മറുപടി.

കെപിസിസിയുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കാതെ കോടതി നടത്തിയ പരാമര്‍ശം സ്വാഭാവിക നീതിയുടെ നിഷേധവും സാമാന്യനീതിക്കു നിരക്കാത്തതുമാണ്. കോടതി പരാമര്‍ശത്തിനെതിരേ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും. കെപിസിസി പ്രസിഡന്‍റ് ഭരണഘടനാബാഹ്യ ശക്തിയായി പ്രവര്‍ത്തിക്കുന്നുവെന്ന കോടതി പരാമര്‍ശത്തോടു ശക്തിയായി വിയോജിക്കുന്നു. ഗൗരവസ്വഭാവമുള്ള പരാമര്‍ശം നടത്തും മുന്‍പ് കെപിസിസിക്കോ കെപിസിസി പ്രസിഡന്‍റിനോ പറയാനുള്ളത് കോടതിയില്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കേണ്ടിയിരുന്നു.

പാര്‍ലമെന്‍ററി സമ്പ്രദായത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സുപ്രധാന പങ്കുണ്ട്. നയം രൂപീകരിക്കുന്നതിലും ആവിഷ്കരിക്കുന്നതിലും പാര്‍ട്ടിയുടെ പങ്ക് വലുതാണ്. ബന്ധപ്പെട്ട നിയമങ്ങളിലെല്ലാം അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തീരാജ് – മുനിസിപ്പാലിറ്റി നിയമത്തിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കു വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥികളായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവകാശം ഏതൊരു പാര്‍ട്ടിക്കുമുണ്ട്. താന്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയതു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കോ അതിന്‍റെ സെക്രട്ടറിമാര്‍ക്കോ അല്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ചു ജയിച്ചവര്‍ക്കാ ണു സര്‍ക്കുലര്‍ അയച്ചത്.

മദ്യവര്‍ജനവും മദ്യനിരോധവും സ്വാതന്ത്ര്യസമര കാലം മുതല്‍തന്നെ കോണ്‍ഗ്രസിന്‍റെ നയമാണ്. അതു യാഥാര്‍ഥ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടത്തുന്നത്. അതിന്‍റെ ഭാഗമായാണു സര്‍ക്കുലര്‍ അയച്ചത്. രാഷ്ട്രീയപാര്‍ട്ടികളുടെ അവകാശവും സ്വാതന്ത്ര്യവും എന്താണെന്ന ധാരണ തങ്ങള്‍ക്കുണ്ട്. അത് ആര്‍ക്കു മുന്‍പിലും അടിയറവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിഷയം ജനമധ്യത്തിലെത്തിയ സ്ഥിതിക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകണം. ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കിനെ സംബന്ധിച്ച് വിശാലമായ ചര്‍ച്ചകള്‍ നടക്കണമെന്നും സുധീരന്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment