സ്‌ത്രീ (കവിത) ജോര്‍ജ്‌ നടവയല്‍

sthree title

സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

നീലാകാശം മുഖമമര്‍ത്തും
തെളിനീര്‍ത്തടാകം;
അതില്‍:
കണ്ണന്റെ കണ്ണാം
മീനാക്ഷി കണ്ണില്‍പ്പകര്‍ത്തും
മീന്‍ ഇളക്കങ്ങള്‍;
ചാരേ:
പഞ്ചവര്‍ണ്ണ തത്തകള്‍
തത്തിമേവും പൊന്‍ കതിര്‍പ്പാടം;
തേന്‍പൂക്കളും വര്‍ണ്ണശലഭങ്ങളും
കിന്നാരം ചൊല്ലും മൃദുമര്‍മ്മരം;
ചെമ്പഴുക്കാക്കുല, തെങ്ങിന്‍പൂക്കുല
ഇളനീര്‍തേന്‍കുല, കദളിവാഴക്കുല
കരുതിപ്പോറ്റുന്ന തൊടിയിടങ്ങള്‍;
മാമ്പൂമണമായ്‌ ചുറ്റിനടക്കും
കോകിലവാണികള്‍;
ഇളം മഞ്ഞക്കസവു പുടവകള്‍
ഞൊറിയിട്ടുടുക്കും
പോക്കുവെയിലുകള്‍ കെട്ടിപ്പിടിക്കും
തുളസ്സിത്തറ;
മുറ്റത്തരികില്‍
മധുരം കിനിയുന്ന മാവില്‍
ആകെ പടരുന്ന
തൂവെള്ളമുല്ലകള്‍;
തൊടിയില്‍ തുമ്പികള്‍,
തുമ്പകള്‍, തുഷാരനാമ്പുകള്‍;
വീട്ടില്‍ തെളിയുന്ന
ഭദ്രദീപ ത്തിരി നാളങ്ങള്‍!!

ഇത്തരം
പൂവേത്‌, പൂമ്പാറ്റയേത് ?
സാഗരത്തിരയേത്‌,
ഗഗനനീലമേത് ?
സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

നിറവന ഹരിതമേത്‌?
കുളിര്‍പ്പുളിനപ്പുളകമേത് ?
പഞ്ചവര്‍ണ്ണക്കിളിക്കൊഞ്ചലേത്‌?
ശുദ്ധമാം പാല്‍പ്പൈയ്യേത്‌?
തേനേത്‌, തെളിനീരേത്‌ ?
സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

ഇണമാനേത്‌,
തുണമൈലേത്‌ ?
കണ്ണേത്‌, കരളേത് ?
കതിരേത്‌, കനലേത് ?
കുളിരേത്‌?
ഇളം ചൂടേത്‌?
സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

മഴവില്‍ നിറമേത്‌?
ചന്ദനത്തൈലമേത്‌?
താരകപ്പൊന്നേത്‌?
പ്രവാഹ പ്പെരുമഴയേത്‌?
നിലവിളക്കേത്‌, തിരിനാളമേത്‌?
സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

പാല്‍ച്ചിരിയേത്‌, സുന്ദരപരിഭവമേത്‌?
താരാട്ടേത്‌, മൃദുശാസനമേത്‌?
തരിവളച്ചിരിയേത്‌, കാല്‍ച്ചിലമ്പൊലിയേത്‌?
കൊഞ്ചല്‍ വാണിയേത്‌?
സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

ഓമനക്കുഞ്ഞേത്‌,
നിര്‍മ്മാല്യമാകും അമ്മയേത്‌?
ഗുരുവേത്‌, ദേവിയേത്‌?
സര്‍വ്വം സഹയേത്‌?
അമലോത്ഭവയേത്‌(1), രാധയേത്‌?

സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!

സ്‌ത്രീയേ;
നീയെന്നിയേ മറ്റാരുമെന്ത്‌? …

നേര്‍പൂരുഷര്‍ക്കും
സ്‌ത്രൈണകുലജാതകള്‍ക്കും
സൃഷ്ടിസ്ഥിതി ലയതാളങ്ങള്‍ക്കും
സ്‌ത്രീയേ;
നീയെന്നിയേ മറ്റാരുമെന്ത്‌?

ഇതിങ്ങനെയെങ്കിലും..;
ആസുരകിരാതം–
വലയൊരുക്കിക്കെണിയൊരുക്കി
ദംഷ്ട്ര മിനുക്കി,
നഖമാഴ്‌ത്തി
കോര്‍മ്പല്ലില്‍ കോര്‍ത്ത്‌
അമ്മാനമാടുന്നൂ
ദുശ്ശാസ്സന(2) പര്‍വ്വങ്ങളിവിടെ.

തൂവല്‍ സ്‌പര്‍ശയാം വേറോണിക്കേ(3),
അഗ്നിപുത്രിയാം ദ്രൌപതീ(4),
ഭൂകന്യയാം സീതേ,
കല്ലേറില്‍ വാടാത്ത മഗ്‌ദലനേ(5),
സ്‌മാര്‍ത്തം ചെറുത്തോരു കെട്ടിലമ്മേ,
മാറുപറിച്ചെറിഞ്ഞ കണ്ണകീ(6),
മുലചുരത്തി കൊത്തുകല്ലില്‍
മക്കളെ കാത്തിരിക്കും ദുഖപുത്രീ(7),
പിയാത്തയാകും അമ്മേ(8),
സാവിത്രീ(9)
കോര്‍മ്പല്ലില്‍ കോര്‍ത്തമ്മാനമാടുന്നൂ
ദുശ്ശാസ്സന പര്‍വ്വങ്ങളിവിടെ.

പൂദളങ്ങളെ കാര്‍ന്നു
ചീര്‍ക്കും പുഴുക്കുത്തുകള്‍;
മാടപ്രാപ്പിടിയന്‍ കഴുകിന്റെ
കൂര്‍മ്പന്‍ കൊക്കുകള്‍;
പേടമാനില്‍ ആഴ്‌ന്നുറയും
സിംഹപ്പല്ലുകള്‍;
സ്‌നിഗ്‌ദ്ധയാം പെണ്ണാടിന്‍
ഉടലുരിയും ചെന്നായ്‌ നഖങ്ങള്‍;
മുട്ടയിടും പക്ഷിയെ
കുരുക്കും കുറുക്കന്‍ കണ്ണുകള്‍;
അഗതിയാം കുമാരിയെ
പച്ചയ്ക്കു തിന്നും
തെരുവുകാമക്കുന്തമുനകള്‍;
ചെം തെരുവില്‍(10)
പെണ്മാംസം കെട്ടിയിട്ട
ഇരുമ്പുജനലഴികള്‍;
സ്‌ത്രീവിലാപ വായ്‌കളില്‍
സ്‌ഖലിത പച്ചയിറച്ചി തിരുകിയ
പകല്‍ മാന്യരുടെ
ഗേറ്റുകമ്പിക്കൊമ്പുകള്‍;
ഓടുന്ന ബസ്സില്‍
പെണ്‍കുരുന്നിന്റെ
തുടകള്‍, മാറുകള്‍, ജനനരന്ധ്രങ്ങള്‍
കീറിമുറിയ്ക്കും പേയുളിപ്പല്ലുകള്‍;
സിനിമയ്ക്കും സര്‍ക്കസ്സിനും
പേജന്റിനും ഫാഷന്‍പരേഡിനും
കൂട്ടിക്കൊടുക്കപ്പെടുന്ന
കോമളത്ത്വങ്ങള്‍;
ന്യൂജെന്‍ തരംഗങ്ങള്‍ക്കു
യോനീ പൂജയൊരുക്കും
കൊക്കൈന്‍ ധൂളികള്‍(11);
ബോഡീ ബില്‍ഡിങ്ങില്‍
മസ്സിലു മെനയും
ലിംഗ നെയ്യഭിഷേകങ്ങള്‍…
ഉരുവായ ജീവനെ,
ഭ്രൂണത്തെ, ഗര്‍ഭത്തെ
കരിക്കുന്ന കശാപ്പു
കത്തി ത്തീ ത്തിരികള്‍..!!

വെള്ളം വീഞ്ഞാക്കിയോന്‍
മൂവാണികളില്‍ പിടയുന്നൂ;
“സ്‌ത്രീയേ..
എനിക്കും നിനക്കുമെന്തെന്നു
നാവുപിഴ്‌ച്ചതു മാപ്പാക്കണമമ്മേ;
അമലോത്ഭവേ;…” (12)
സ്‌ത്രീയേ; കണ്ണകീ!!

സ്‌ത്രീയേ;
ശക്തീ, പ്രകൃതീ,
നീയാണൊക്കെയും!
സ്‌ത്രീയേ;
നീയെന്നിയേ മറ്റാരുമെന്ത്‌?

നേര്‍പൂരുഷര്‍ക്കും
സ്‌ത്രൈണകുലജാതകള്‍ക്കും
സൃഷ്ടിസ്ഥിതി ലയതാളങ്ങള്‍ക്കും
സ്‌ത്രീയേ;
നീയെന്നിയേ മറ്റാരുമെന്ത്‌?

(1) യേശുവിന്റെ അമ്മ, ജന്മപാപമില്ലത്തവള്‍ അമലോത്ഭവ
(2) പാഞ്ചാലീ വസ്‌ത്രാക്ഷേപത്തിനു ഒരുമ്പെട്ടത്‌ ദുശ്ശാസ്സനന്‍
(3) ക്രിസ്‌തുവിന്റെ പീഢാസഹനത്തില്‍ ആശ്വാസം പകര്‍ന്ന്‌ മുഖം തൂവാലയാല്‍ തുടച്ച സ്‌ത്രീ വേറോണിക്ക
(4) അഗ്നിയില്‍ നിന്നും രൂപം കൊണ്ടവള്‍ ദ്രൌപതി (പാഞ്ചാലി)
(5) വ്യഭിചാരക്കുറ്റത്തിന്‌ അസൂയാലുക്കള്‍ പിടിച്ച മഗ്‌ദലനാ മേരി എന്ന സ്‌ത്രീയെ യേശു രക്ഷിച്ചു; പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടേ എന്നാണ്‌ ക്രിസ്‌തു പറഞ്ഞത്‌.
(6)ഭര്‍ത്താവിനെ അന്യായമയി വധിച്ച രാജ നീതിക്കെതിരെ ധാര്‍മിക രോഷം കൊണ്ട്‌ വിജയം വരിച്ച ധീര നായിക കണ്ണകി , ചിലപ്പതികാരം കവിതയിലെ കഥ, തിരുവനതപുരം ആറ്റുകാല്‍ പൊങ്കാല ഇതുമായി ബന്ധപ്പെട്ടതാണ്‌
(7) ഓ എന്‍ വി യുടെ അമ്മ എന്ന കവിതയില്‍ 9 കല്പണിക്കാരില്‍ മൂത്ത സഹോദരന്റെ ഭാര്യയെ കല്പണി ഉറയ്ക്കാന്‍ ഭിത്തിയില്‍ ജീവനോടെ ചേര്‍ത്തു പണിതപ്പോള്‍ മാറു ചുരത്തി ആ അമ്മ മക്കള്‍ക്കായി നിലകൊണ്ടു എന്നത്‌
(8) യേശുവിന്റെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്ന കരളലിവിന്റെ മൈക്കലാഞ്ചലോ ശില്പം
(9) മഹാഭാരതത്തിലെ സാവിത്രി അവളുടെ ഭര്‍ത്താവിന്റെ ആയുസ്സ്‌ യമനില്‍ നിന്ന്‌ കൊടും ഉപവാസ്സതപസ്സിലൂടെ തിരിച്ചു വാങ്ങുന്ന കഥ
(10) ചുവന്ന തെരുവ്‌
(11) കേരളത്തില്‍ 2015 ല്‍ ന്യൂജനറേഷന്‍ സിനിമാക്കാരുമായി ബന്ധപ്പെട്ട്‌ എറണാകുളം കേന്ദ്രീകരിച്ച്‌ ഉയര്‍ന്ന മയക്കുമരുന്നു ഉപയോഗം
(12) കാനായിലെ കല്യാണത്തിന്‌ വീഞ്ഞു തീര്‍ന്ന്‌ അപമാനിതരാകുമായിരുന്ന കുടംബത്തെ സഹായിക്കണമെന്ന്‌ മാതാവ്‌ യേശുവിനോട്‌ ആവശ്യപ്പെട്ടപ്പോള്‍ യേശു പറഞ്ഞത്‌ “സ്‌ത്രീയേ, എനിക്കും നിനക്കും എന്ത്‌?”

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment