Flash News

ഡോ. ജോയ്‌ ടി കുഞ്ഞാപ്പുവിന്റെ “ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും” എന്ന പുസ്തകത്തിലെ രണ്ടു ലേഖനങ്ങളെക്കുറിച്ച് വിചാരവേദിയില്‍ അവതരിപ്പിച്ചത്‌

March 9, 2015 , സുധീര്‍ പണിക്കവീട്ടില്‍

banner

പ്രിയമുള്ളവരെ, മനുഷ്യ ജീവിതത്തിലെ രണ്ട്‌ സുപ്രധാന വികാരങ്ങളെ ആസ്‌പദമാക്കിപണ്ഡിതാഗ്രേസനായ ഡോക്‌ടര്‍ കുഞ്ഞാപ്പു സാര്‍ എഴുതിയ ലേഖനങ്ങളെ കുറിച്ച് എന്റെ അഭിപ്രായം അല്ലെങ്കില്‍ എന്റെ വിലയിരുത്തല്‍ അവതരിപ്പിക്കാനാണ് എന്നെ നിയോഗിച്ചിരിക്കുന്നത്‌. വിലയിരുത്തല്‍ എന്ന്‌ പറയുന്നത്‌ ശരിയാണോ എന്നറിയില്ല. കാരണം ഡോക്‌ടര്‍ കുഞ്ഞാപ്പു സാര്‍ അറിവിന്റെ ഒരു മഹാസമുദ്രമാണു്‌. ഞാന്‍ ആ സമുദ്രത്തിന്റെ കരയില്‍ കക്ക പെറുക്കിനടക്കുന്ന ഒരു പയ്യന്‍. എന്തായാലും എന്റെ അറിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ട്‌ ഞാന്‍ പറയുന്ന വാക്കുകള്‍ നിങ്ങള്‍ താരതമ്യമില്ലാതെ മനസ്സിലാക്കുക.

ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍, പരിപാടിയിലെ അവസാന ഇനം ഇതാണു ആ രണ്ടു ലേഖനങ്ങള്‍. അതില്‍ നന്ദി എന്ന വികാരത്തെ കുറിച്ച് ഞാന്‍ ആദ്യമായി പറയുകയാണു്‌. അത്‌ അവസാനത്തെ ഇനമാണെങ്കിലും. നന്ദി പറഞ്ഞുകൊണ്ടുതന്നെ എന്റെ ഈ ചെറിയ അവതരണത്തിനു നാന്ദി കുറിക്കാം. നന്ദി അവസാന ഇനമായത്‌ അത്‌ ഒരു പ്രവര്‍ത്തിയുടെ, വാക്കിന്റെ, നോട്ടത്തിന്റെ അനുബന്ധമായത്‌ കൊണ്ടാണ്‌. മുന്‍‌കൂര്‍ നന്ദികള്‍ നമ്മള്‍ കൊടുക്കാറൂണ്ടെങ്കിലും. പിന്നെ നന്ദി പറയുമ്പോള്‍ ആര്‍ക്ക്‌ ആദ്യം നന്ദി പറയണമെന്ന ഒരു ബുദ്ധിമുട്ടും അനുഭവപ്പെടാമെന്നാണു്‌.

വിചാരവേദിയുടെ ഈ വേദിയില്‍ നിന്ന്‌ നിങ്ങളോട്‌ സംസാരിക്കാന്‍ എന്നെ നിയോഗിച്ച അതിന്റെ പ്രസിഡന്റിനോട്‌ നന്ദി പറയണോ, അതോ ഇമെയില്‍ വഴി ഈ വിവരം അറിയിച്ച സാംസി കൊടുമണോട്‌ ആദ്യം നന്ദി പറയണോ, അതോ ഈ വിഷയത്തെക്കുറിച്ച് എന്നോട്‌ സംസാരിക്കാമോ എന്ന്‌ ആദ്യം അന്വേഷിച്ച ഡോക്‌ടര്‍ കുഞ്ഞാപ്പു സാറിനോട്‌ നന്ദി പറയണോ, അതോ എന്നെ കേള്‍ക്കാന്‍ ചെവികൂര്‍പ്പിച്ച് ചമഞ്ഞൊരുങ്ങി വന്ന നിങ്ങളോട്‌ നന്ദി പറയണോ സംഗതി അല്‍പ്പം പിശക്കാണു്‌. അതുകൊണ്ട്‌ നിങ്ങള്‍ക്കെല്ലാവര്‍ക്കും ആദ്യമായി എന്റെ നന്ദി.

പരിപാടിയിലെ അവസാന ഇനം എന്ന പേരില്‍ ഡോക്‌ടര്‍ കുഞ്ഞാപ്പു എഴുതിയ ലേഖനം വായിക്കുമ്പോള്‍ നന്ദിയെ കുറിച്ച് ഇങ്ങനെയൊക്കെ ഒരാള്‍ക്ക്‌ ഉപന്യസിക്കാന്‍ കഴിയുമെന്ന വിസ്‌മയം നമ്മളില്‍ ജനിക്കുന്നു. കുഞ്ഞാപ്പു സാറിന്റെ ലേഖനങ്ങളും മറ്റ്‌ രചനകളും ഞാന്‍ ഗൗരവത്തോടെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്‌. ഒരു സാധാരണ വായനയുടെ പരിധിയില്‍ നിന്ന്‌ അവ പുറത്താണു്‌. പറയുന്ന വിഷയത്തെക്കുറിച്ച് അറിവിന്റെ ഒരു ലോകം കുഞ്ഞാപ്പു സാര്‍ വായനകാരുടെ മുന്നില്‍ നിവര്‍ത്തുന്നു. ആ വിശാലതയില്‍ പര്യടനം നടത്തി പാണ്ഡിത്യം കൈവരിച്ച കുഞ്ഞാപ്പു സാര്‍ നമുക്ക്‌ അറിവിന്റെ ഹോമിയോ ഗുളികകള്‍ തരുകയാണു്‌. ഹോമിയോ ഗുളികകളുടെ വലുപ്പം ഇവിടെ ഉദ്ദേശികുന്നില്ല. മറിച്ച് അതിന്റെ മധുരവും അതില്‍ നിന്നും ലഭിക്കുന്ന ഉന്മേഷവുമാണു്‌. ദീര്‍ഘകാലം കലാലയങ്ങളില്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ച ഈ അനുഗ്രഹീത അദ്ധ്യാപകന്‍ പറയുന്നതും എഴുതുന്നതും അത്‌ ശ്രദ്ധിക്കുന്ന മനസ്സിലേക്ക്‌ അത്‌ സ്വീകരിക്കുന്ന വിധത്തില്‍ അറിവുകള്‍ പകരുന്ന വിധത്തിലാണു്‌.. വായനകാരന്റെ മനസ്സില്‍ ഒരു ചോദ്യോത്തര പംക്തിതന്നെ സൃഷിടിക്കാന്‍ ഇദ്ദേഹത്തിന്റെ എഴുത്തിന്റെ രീതികള്‍ക്ക്‌ അസാമന്യമായ ഒരു ശക്തിയുണ്ട്‌.

രോഗം മാറുന്ന വ്യക്തി അദ്ദേഹത്തിന്റെ നന്ദി ഡോക്‌ടര്‍ക്കോ, നഴ്സിനോ അതോ തലച്ചോര്‍ കുടഞ്ഞ്‌ മരുന്നുകള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനോ കൊടുക്കണമെന്ന ഒരു തര്‍ക്ക വിഷയം വായനക്കാരനു ഇട്ട്‌ തരുന്നു കുഞ്ഞാപ്പു സാര്‍. അതേപോലെ എല്ലാവരും നിഷകാം കര്‍മ്മ ചെയ്യുമ്പോള്‍ പിന്നെ നന്ദിയുടെ ആവശ്യമുണ്ടൊ പിന്നെയും നമ്മുടെ മനസ്സിലേക്ക്‌ കുഞ്ഞാപ്പു സാര്‍ ഒരു ശങ്ക തൊടുത്തുവിടുന്നു. പ്രതിമ മുന്നില്‍ വെച്ച് അസ്ത്രവിദ്യ കരസ്ഥമാക്കിയതിനു നന്ദി സൂചകമായി പെരുവിരല്‍ കൊടുക്കേണ്ടി വന്ന ഏകലവ്യന്റെ കഥ. നമ്മള്‍ നന്ദിയുള്ളവരാകുമ്പോള്‍ അതിനെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുടെ ഇരയാകുന്ന വിവരവും അദ്ദേഹം വിവരിക്കുന്നു. കുഞ്ഞാപ്പു സാര്‍ ഒരു വിഷയത്തെക്കുറിച്ച് അപഗ്രഥിച്ചെഴുതുമ്പോള്‍ അത്‌ ചില്ലകളായി പടര്‍ന്ന്‌ പന്തലിക്കുന്ന്‌ ഒരു വൃക്ഷത്തെ പോലെയാണ്. അറിവ്‌ കൊടുത്ത്‌ അറിവ്‌ വലുതാക്കുക എന്ന ഉല്‍കൃഷ്‌ട കര്‍മ്മമാണ് നമ്മളുടെ പ്രിയപ്പെട്ട കുഞ്ഞാപ്പു സാര്‍ ഈ ലേഖനത്തിലൂടെ നിര്‍വഹിച്ചിരിക്കുന്നത്‌. സമയം പരിമിതി മൂലം ഇതെക്കുറിച്ചുള്ള എന്റെ ചിന്തകള്‍ ഇവിടെ അവസാനിപ്പിക്കുന്നു.

ആഹ്ലാദത്തിനു പുതിയ മാനങ്ങള്‍ എന്ന ലേഖനം ക്രിസ്തുമസ്സ്‌ ആഘോഷങ്ങളെ കുറിച്ച് പറയുന്നു. ക്രിസ്തുമസ്സിന്റെ ഒരു പ്രത്യേകത അത്‌ ആഗോളതലത്തില്‍ നല്ല മനുഷ്യരെല്ലാവരും ആഘോഷിക്കുന്നുവെന്നാണു്‌. അത്തരം ആഘോഷങ്ങള്‍ക്ക്‌ മതം ഒരു തടസ്സമാകുന്നില്ല. മാനവ രാശിയുടെ നന്മക്കും പുരോഗതിക്കും വേണ്ടി പുല്‍കൂട്ടില്‍ ജനിച്ച് കുരിശ്ശില്‍ ജീവിതം അവസാനിപ്പിച്ച് ദൈവപുത്രന്റെ തിരുനാള്‍ എല്ലാവര്‍ക്കും ആഹ്ലാദം പകരുന്ന ദിവസം തന്നെ. കുറേ കേക്കും, ക്രിസ്തുമസ്സ്‌ ടീയും, പുതുവസ്ത്രങ്ങളുമായി മനുഷ്യമനസ്സുകളെ ആഹ്ലാദിപ്പിച്ച് കടന്നുപോകുന്ന ഒരു സാധാരണ ദിവസമല്ല ക്രിസ്തുമസ്സ്‌. ആ ദിവസം എങ്ങനെ മനുഷ്യമനസ്സുകളെ അത്‌ സ്വാധീനിക്കുന്നു എന്നു ഡോക്‌ടര്‍ കുഞ്ഞാപ്പു സാര്‍ തന്റെ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ജീവിത കാലത്തെ ചില സംശയങ്ങള്‍ പില്‍ക്കാലത്ത്‌ മാറിയപ്പോള്‍ അവ ഉന്നത വിദ്യഭ്യാസനന്തരം പ്രായോഗികമാക്കേണ്ടി വന്നപ്പോള്‍ ഉളവായ അനുഭൂതി അദ്ദേഹം വിവരിക്കുന്നു.

ക്രിസ്തുമസ്സ്‌ ഒരു ആഘോഷ ദിവസമാക്കുമ്പോള്‍ തന്നെ മനുഷ്യര്‍ അറിയേണ്ട ചുരുക്കം ചില കാര്യങ്ങളുടെ ഒരു പട്ടിക അദ്ദേഹം ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്‌. ഒരു ശാസ്ത്രജ്ഞനും അദ്ധ്യാപകുമായ കുഞ്ഞാപ്പു സാറിന്റെ മനസ്സില്‍ ചിന്തകളുടെ ഒരു രാസപ്രക്രിയ അനുദിനം നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. ആ പരീക്ഷണങ്ങളില്‍ നിന്നും അദ്ദേഹം കണ്ടെത്തുന്ന സമവാക്യങ്ങള്‍ക്ക്‌ സാഹിത്യരൂപം നല്‍കി നമ്മുടെ മുന്നില്‍ വെക്കുമ്പോള്‍ നാമറിയാതെന മ്മുടെ ചിന്തകളും ഒരു നിമിഷം ചിന്തിക്കുന്നു. ഈ ലേഖനത്തില്‍ തോമസ്സ്‌ കെമ്പ്‌സിന്റേയും ചാള്‍സ്‌ ഡിക്കന്‍സിന്റേയും രണ്ട്‌പുസ്തകങ്ങളെ കുറിച്ച് പറയുന്നൂണ്ട്‌. രണ്ടും ലോക പ്രശസ്തി നേടിയവ.

ക്രിസ്തുമസ്സ്‌ വെറും അസംബന്ധം എന്നു പുച്ഛിച്ചിരുന്ന സ്‌കൂജിന്റെ ജീവിതം ഒരു ക്രിസ്തുമസ്സ്‌ രാത്രിയില്‍ മാറ്റിമറക്കപെട്ടു. ഭൗതികതയുടെ പുറകെ പരക്കം പാഞ്ഞ്‌ ആത്മാവ്‌ നഷ്‌ടപ്പെടുത്തുന്നവര്‍ക്ക്‌ ഈ പുസ്ത്‌കം ഒരു പാഠമാണു്‌. നാട്ടിലും അമേരിക്കയിലും ജീവിച്ച കുഞ്ഞാപ്പു സാര്‍ അമേരിക്കയില്‍ വെണ്‍നീരാളം പുതച്ച് നില്‍ക്കുന്ന ക്രിസ്തുമസ്സും, നാട്ടില്‍ ധനുമാസ് കുളിരണിഞ്ഞ ക്രിസ്തുമസ്സും താരതമ്യം ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ക്രിസ്തുമസ്സ്‌ എന്ന ദിനത്തിന്റെ ആഹ്ലാദം ഇരട്ടിയാകുന്നത്‌ അതിനാടനുബന്ധിച്ച യാഥാര്‍ഥ്യങ്ങളിലേക്ക്‌ നമ്മള്‍ തിരിയുമ്പോഴാണു്‌. ക്രിസ്തുമസ്സിനെ കുറിച്ച് ബൈബിള്‍ ആസ്‌പദ്‌മാക്കി നമ്മള്‍ പല ലേഖനങ്ങളും വായിച്ചിട്ടുണ്ടെങ്കിലും കുഞ്ഞാപ്പുസാറിന്റെ ലേഖനം ആഹ്ലാദത്തിന്റെ മാനങ്ങളിലേക്ക്‌ നമ്മേ കൊണ്ടുപോകുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top