പച്ചാളത്ത് കുടിയൊഴിപ്പിക്കല്‍; പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

PACHALAM-3COLOUR-copyകൊച്ചി: പച്ചാളം റെയ്ല്‍ മേല്‍പ്പാലം പൈലിങ്ങിനും സര്‍വീസ് റോഡിനുമായി റെയ്ല്‍വേ ഗേറ്റിന് തെക്കുവശം 200 മീറ്റര്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കംകുറിച്ച് ഇന്നലെ പുലര്‍ച്ചെ കുടിയൊഴിപ്പിക്കല്‍ നടന്നു. വീടുകളും കടകളും ഉള്‍പ്പെടെ 32ഓളം കെട്ടിടങ്ങള്‍ അധികൃതര്‍ പൊളിച്ചുനീക്കി. ജെസിബി ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചത്.
പച്ചാളത്ത് ഭൂമി ഏറ്റെടുക്കാന്‍ വന്ന ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ സമരസമിതി രംഗത്തെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മതിയായ പുനരധിവാസം ഒരുക്കാതെയാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നതെന്ന് ആരോപിച്ച് പച്ചാളം ജനകീയ സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇരുപതോളം പേര്‍ രേഖകള്‍ കലക്റ്ററേറ്റില്‍ ഹാജരാക്കി പൊന്നുംവില നടപടിപ്രകാരം നഷ്ടപരിഹാര തുകയായി സെന്‍റിന് 15 ലക്ഷം വച്ച് വാങ്ങുന്നതിന് എഴുതിനല്‍കിയതായി ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമ്മതപത്രം നല്‍കാത്ത സ്ഥലം ഉടമകള്‍ക്ക് കുടിയിറങ്ങാന്‍ വെള്ളിയാഴ്ച നോട്ടിസ് നല്‍കിയിരുന്നു.

നോട്ടിസ് നല്‍കിയതോടെ സമരസമിതിക്കാര്‍ ക്യാംപ് ഓഫിസിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. സെന്‍ട്രല്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഇവര്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് ജാമ്യത്തിലിറങ്ങാനായത്. രേഖകള്‍ ഹാജരാക്കി നഷ്ടപരിഹാര തുക കൈപ്പറ്റാത്തവര്‍ക്ക് പുനരധിവാസ പാക്കെജ് ലഭിക്കുകയില്ലെന്നും നോട്ടിസില്‍ അറിയിച്ചിട്ടുണ്ട്.

തലേദിവസം രാത്രി മുഴുവന്‍ സ്റ്റേഷനിലായിരുന്നതിന്‍റെ അവശതയോടെ വീടുകളിലെത്തിയ ഇവരില്‍ പലരുടേയും വീടുകളുടെ ഒരു ഭാഗം ഇതിനിടെ പൊളിച്ചുനീക്കിയിരുന്നു. ഇതേ ത്തുടര്‍ന്ന് വീണ്ടും അവര്‍ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. പൊലീസെത്തി വീണ്ടും അറസ്റ്റ് ചെയ്ത് നീക്കുമെന്നായതോടെ ഇവന്‍ പിന്‍വാങ്ങി. പച്ചാളം ജംക്ഷന്‍ ഭാഗത്തുള്ള ഫെഡറല്‍ ബാങ്ക് കെട്ടിടം പൊളിക്കാത്തതിനെതിരേയും നാട്ടുകാര്‍ ശബ്ദമുയര്‍ത്തി. തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുന്‍ഭാഗം പൊളിച്ചതോടെ ബാങ്ക് ഇടപാടുകാര്‍ക്ക് അകത്തേക്ക് കയറാന്‍ കഴിയാതായി.
പൊളിച്ചുനീക്കല്‍ നടപടികള്‍ ആരംഭിച്ചതോടെ ഞായറാഴ്ച രാത്രി മുതല്‍ പച്ചാളത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്. ഇതുമൂലം പരീക്ഷയെഴുതുന്ന കുട്ടികളുള്ള വീടുകളിലെ മാതാപിതാക്കളും പ്രതിഷേധത്തില്‍ സമരസമിതിക്കാര്‍ക്കൊപ്പം ചേര്‍ന്നു.

എട്ടോളം വീടുകളുടെ റോഡരികിലുള്ള ഭിത്തി പൊളിച്ചു. ഇതുമൂലം ഈ വീടുകള്‍ക്ക് മതിയായ സുരക്ഷയില്ലാതായി. കൂടാതെ ചില വീടുകളോടുചേര്‍ന്ന കക്കൂസുകളും പൊളിച്ചതോടെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും വീട്ടുകാര്‍ക്ക് മറ്റു വീടുകളെ ആശ്രയിക്കേണ്ടിവന്നു. മതിയായ പുനരധിവാസം ഉറപ്പാക്കാതെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ ചിറ്റൂര്‍ പ്രദേശത്ത് ഹര്‍ത്താല്‍ നടന്നു. ബസ് സര്‍വീസുകള്‍ മടുങ്ങിയത് യാത്രക്കാരെ വലച്ചു.

റവന്യൂ വകുപ്പിന്‍റെ വിശദീകരണം
48 മണിക്കൂറിനുള്ളില്‍ ഭൂമി വിട്ടൊഴിയണമെന്ന് കാണിച്ച് കഴിഞ്ഞ ആറിന് നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. കലക്റ്റര്‍ നല്‍കിയ നോട്ടിസിനെതിരേ ഭൂ ഉടമകള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസില്‍ പൊന്നുംവില നടപടിയുമായി മുന്നോട്ട് പോകാന്‍ ഹൈക്കോടതി ഉത്തരവുള്ള പശ്ചാത്തലത്തിലാണ് ഭൂമിയേറ്റെടുത്തത്.
80 ശതമാനം നഷ്ടപരിഹാര തുക ഈ കക്ഷികള്‍ക്ക് അനുവദിച്ച് കൊടുത്തുകൊണ്ടിരിക്കുകയാണ്. ശേഷിക്കുന്ന 10 ഭൂഉടമകളാണ് സമ്മതപത്രം നല്‍കാതിരുന്നത്.

ഡിഎല്‍പിസി പ്രകാരം നിശ്ചയിച്ചിട്ടുള്ള സ്ഥലവിലയുടേയും കെട്ടിട വിലയുടേയും 80 ശതമാനം തുകയും ആര്‍ആര്‍ പാക്കെജ് പ്രകാരമുള്ള ആനുകൂല്യങ്ങളും നല്‍കുന്നതാണെന്ന് അറിയിക്കുകയും ഇതുസംബന്ധിച്ച് പല പ്രാവശ്യം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടും ഭൂഉടമകള്‍ സ്ഥലം വിട്ടു നല്‍കാത്ത സാഹചര്യത്തിലായിരുന്നു 48 മണിക്കൂറിനുള്ളില്‍ ഭൂമി വിട്ടു നല്‍കണമെന്നും അല്ലാത്തപക്ഷം ബലമായി ഏറ്റെടുക്കുമെന്നും അറിയിച്ച് കക്ഷികള്‍ക്ക് നോട്ടിസ് നല്‍കിയത്.

PACHALAM-COLOUR-copy

Print Friendly, PDF & Email

Leave a Comment