Flash News

ഗുരുവായൂരില്‍ ബുധനാഴ്ച ആറാട്ട്

March 11, 2015 , സ്വന്തം ലേഖകന്‍

guruvayur ulsavam

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ബുധനാഴ്ച ആറാട്ടോടെ പത്ത് ദിവസമായി നടക്കുന്ന ഉത്സവത്തിന് കൊടിയിറങ്ങും. ബുധനാഴ്ച നിര്‍മാല്യ ദര്‍ശനവും വാകച്ചാര്‍ത്തും ഉണ്ടാവില്ല. രാവിലെ എട്ടോടെയാണ് ശ്രീലകത്തേക്ക് എഴുന്നള്ളിക്കുക. ഭക്തരെ അതിനു ശേഷമേ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ.

വൈകീട്ട് 4.30ഓടെ തന്ത്രി പഞ്ചലോഹ വിഗ്രഹം കൊടിമരത്തിന് സമീപം പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വെക്കും. ദീപാരാധനക്ക് ശേഷം സ്വര്‍ണക്കോലം എഴുന്നള്ളിച്ചുള്ള ഗ്രാമപ്രദക്ഷിണം. എഴുന്നള്ളിപ്പിന് ആദ്യം അകമ്പടിയാകുന്ന പഞ്ചവാദ്യം ക്ഷേത്രക്കുളത്തിന്‍െറ വടക്കു ഭാഗത്ത് അവസാനിക്കും. പ്രദക്ഷിണം കഴിഞ്ഞ് വിഗ്രഹവുമായി ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലത്തെും. പുണ്യാഹത്തിനു ശേഷം വിഗ്രഹത്തില്‍ മഞ്ഞള്‍പ്പൊടി കൊണ്ടും തുടര്‍ന്ന് വലിയ കുട്ടകത്തില്‍ തയാറാക്കിയ ഇളനീര്‍ കൊണ്ടും അഭിഷേകം നടത്തും. തുടര്‍ന്ന് തന്ത്രി വിഗ്രഹവുമായി തീര്‍ഥക്കുളത്തില്‍ സ്നാനം ചെയ്യും. ഇതിനു ശേഷം ആറാട്ട് കടവില്‍ ചുവന്ന വെളിച്ചം അണച്ച് പച്ച വെളിച്ചം തെളിയുമ്പോള്‍ ഭക്തര്‍ കുളത്തിലിറങ്ങി ആറാട്ട് സ്നാനം നടത്തും. തുടര്‍ന്ന് ക്ഷേത്രത്തിലെ ഇടത്തരികത്തു കാവിലെ വാതില്‍മാടത്തില്‍ ഉച്ചപ്പൂജക്കു ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് കയറി പതിനൊന്ന് ഓട്ടപ്രദിക്ഷണം. അതിനുശേഷം തന്ത്രി കൊടിയിറക്കുന്നതോടെ പത്തുനാള്‍ നീണ്ട ഉത്സവത്തിന് സമാപനമാകും.

ഉല്‍സവത്തിന്‍െറ ഒമ്പതാം നാളായ ചൊവ്വാഴ്ച പള്ളിവേട്ട നടന്നു. പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞോടുന്ന ഭക്തര്‍ക്ക് പിറകില്‍ പിടിയാന നന്ദിനിയുടെ പുറത്ത് ഭഗവദ് തിടമ്പുമായായിരുന്നു പള്ളിവേട്ട. പുതിയേടത്ത് പിഷാരടി ‘പന്നിമാനുഷങ്ങളുണ്ടോ’ എന്ന് മൂന്നുവട്ടം ചോദിച്ചതോടെയാണ് പളളിവേട്ട ആരംഭിച്ചത്. പള്ളിവേട്ടയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ഭക്തര്‍ പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞ് എത്തിയിരുന്നു. വേട്ടക്കിറങ്ങിയ ഭഗവാന് ഒറ്റച്ചെണ്ട, ശംഖ്, ചേങ്ങില എന്നിവ അകമ്പടിയായി. ഒമ്പത് ചുറ്റ് പ്രദക്ഷിണം പൂര്‍ത്തിയാക്കി പന്നിയെ വേട്ടയാടി എന്ന സങ്കല്‍പത്തോടെയാണ് നായാട്ട് പൂര്‍ണമായത്. പിന്നെ പള്ളിയുറക്കമായി. നമസ്കാര മണ്ഡപത്തിലൊരുക്കിയ വെള്ളിക്കട്ടിലിലെ പട്ടുമത്തെയിലായിരുന്നു പള്ളിയുറക്കം.

ഉത്സവത്തോടനുബന്ധിച്ച് ഗ്രാമപ്രദക്ഷിണം നടന്നു. നാണയം, അരി, നെല്ല്, അവില്‍, മലര്, വിവിധപുഷ്പങ്ങള്‍, തുളസി, പഴം എന്നിവ കൊണ്ടൊരുക്കിയ നിറപറയുമായി ഭക്തര്‍ എഴുന്നള്ളിപ്പിനെ എതിരേറ്റു. നൂറോളം വാദ്യകലാകാരന്മാരും വാളും പരിചയും വേഷഭൂഷാദികളുമണിഞ്ഞ കൃഷ്ണനാട്ടം കലാകാരന്മാരും കൊടി, തഴ, സൂര്യമറ, മുത്തുക്കുട, കുത്തുവിളക്കുകള്‍, വെഞ്ചാമരം, ആലവട്ടം എന്നിവയും എഴുന്നള്ളിപ്പില്‍ അണിനിരന്നു. എഴുന്നള്ളിപ്പിന് മുന്നിലായി നാഗസ്വരം, ഭജന എന്നിവ നീങ്ങി.

വലിയ കേശവന്‍ കോലമേറ്റി. നന്ദന്‍, ഗോപീകൃഷ്ണന്‍, വിഷ്ണു, ജൂനിയര്‍ വിഷ്ണു എന്നീ ആനകള്‍ പറ്റാനകളായി. പെരുവനം കുട്ടന്‍ മാരാര്‍, തിരുവല്ല രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഗ്രാമപ്രദക്ഷിണം കിഴക്കേ ഗോപുരത്തില്‍ക്കൂടി അകത്ത് പ്രവേശിച്ച് പ്രദക്ഷിണമായി വടക്കേ നടപ്പുരയില്‍ സമാപിച്ചു.

guruvayur ulsavam2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top