സാമൂഹ്യ പ്രതിബദ്ധതയുടെ പര്യായം (വാസുദേവ് പുളിക്കല്‍ )

banner

(വിചാരവേദിയില്‍ മാര്‍ച്ച്‌ 8, 2015ന്‌ നടന്ന സാഹിത്യ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്‌)

ഡോ. ജോയ്‌ ടി. കുഞ്ഞാപ്പുവിന്റെ `വിദ്യാധരനും സാമൂഹ്യപാഠങ്ങളും’ എന്ന ലേഖന സമാഹാരമാണ്‌ ചര്‍ച്ചാ വിഷയം. ഒരു ശാസ്‌ത്രജ്ഞന്റെ നിരീക്ഷണ പാടവത്തോടും ഒരു സാഹിത്യകാരന്റെ സഹൃദയത്തോടും കൂടി സാഹിത്യം, സാമൂഹികത, സംഗീതം, കല, ശാസ്‌ത്രം മുതലായ വൈവിധ്യമാര്‍ന്ന വിഷയങ്ങളെ കുറിച്ച്‌ എഴുതിയ 21 ലേഖനങ്ങളുടെ സമാഹാരമാണ്‌ `വിദ്യാധരനും സാമൂഹ്യപാഠങ്ങളും’ എന്ന പുസ്‌തകം.

ആവിഷ്‌ക്കരണത്തിനായാലും നിരൂപണത്തിനായാലും ഒരു വിഷയത്തോടുള്ള എല്ലാവരുടേയും സമീപനം ഒരു പോലെ ആയിരിക്കണമെന്നില്ല. വ്യത്യസ്ഥമായ കാഴ്‌ചപ്പാടില്‍ അവര്‍ വിഷയത്തെ വിശകലനം ചെയ്‌ത്‌ അവതരിപ്പിക്കുന്നു. ഈ സമാഹാരത്തിലെ ലേഖനങ്ങളെല്ലാം സാമൂഹ്യ പ്രസക്തി എന്ന ചരടില്‍ വിവിധ വിഷയങ്ങള്‍ കോര്‍ത്തിണക്കിയതാണ്‌ എന്ന ഗ്രന്ഥകാരന്റെ പ്രസ്‌താവന ഇതിലെ ലേഖനങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു സാമൂഹ്യ പ്രതിബദ്ധതയുടെ പര്യായമായി നില കൊള്ളുന്നു എന്ന്‌ കാണാന്‍ കഴിയും.

ഗദ്യ സാഹിത്യത്തിന്‌ ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ എന്തൊക്കെയെന്ന്‌ മുഖവുരയില്‍ സൂചിപ്പിച്ചു കൊണ്ടാണ്‌ പുസ്‌തകം ആരംഭിക്കുന്നത്‌. ഗദ്യമെന്നു കരുതി പദപ്രയോഗങ്ങള്‍ നിയന്ത്രണാതീതമായാല്‍ ഗദ്യത്തിന്റെ സൗന്ദര്യവും ഗാംഭീര്യവും നഷ്ടപ്പെടുമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു തന്റെ ഗദ്യശൈലി വാര്‍ത്തെടുത്തിരിക്കുന്നത്‌. സാഹിത്യ ഭാഷയുടേയും ശാസ്‌ത്ര ഭാഷയുടേയും ഒരു സങ്കരമായി അനുഭവപ്പെടുന്ന അദ്ദേഹത്തിന്റെ ഗദ്യശൈലി വേറിട്ടു നില്‌ക്കുന്നു. `പദങ്ങളുടെ വിവേകപൂര്‍ണ്ണമായ തെരഞ്ഞെടുപ്പാകുന്നു മൂര്‍ച്ചയുള്ള ഗദ്യത്തിന്റെ കാതല്‍ എന്നും അവയുടെ സ്ഥാനവും വിന്യാസവും പ്രധാനം’ എന്നും അഭിപ്രയപ്പെടുന്ന ഗ്രന്ഥകാരന്‍ അനുയോജ്യവും പരിമിതവുമായ പദങ്ങള്‍ കൊണ്ട്‌ വിഷയത്തിന്റെ കേന്ദ്രബിന്ദുവിനെ പ്രകാശിപ്പിച്ച്‌ വിശാലമായ ആശയ പ്രപഞ്ചം സൃഷ്ടിക്കുന്നു.

എസ്സെയ്‌സ്‌ ഇന്‍ ഇങ്ക്‌ കെമിസ്ട്രി എന്ന പുസ്‌തകത്തിനു പുറമെ നിരവധി ശാസ്‌ത്ര ലേഖനങ്ങളും റഫറന്‍സ്‌ ഗ്രന്ഥവും ശാസ്‌ത്ര ലോകത്തിന്‌ ഡോ. ജോയ്‌ ടി. കുഞ്ഞാപ്പു സമ്മാനിച്ചിട്ടുണ്ട്‌. ഇവിടെ സാഹിത്യകാരന്‍ ശാസ്‌ത്രജ്ഞനും കൂടിയാണ്‌. ഐസ്റ്റിന്‍, ന്യൂട്ടന്‍, എഡിസന്‍ തുടങ്ങിയരെപ്പോലുള്ള ഒരു ശാസ്‌ത്രജ്ഞന്‍ എന്നല്ല അര്‍ത്ഥമാക്കുന്നത്‌. ശാസ്‌ത്രത്തില്‍ അവഗാഹം നേടി വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തി ഒരു ശാസ്‌ത്രജ്ഞന്റെ പദവിയിലേക്ക്‌ ഉയര്‍ന്ന പ്രതിഭയാണ്‌ ഡോ. കുഞ്ഞാപ്പു. ശാസ്‌ത്രജ്ഞന്‍ ശാസ്‌ത്രപരമായ വിഷയത്തിലേക്ക്‌ ഒതുങ്ങിപ്പോവുകേയുള്ളൂ എന്ന പൊതു ധാരണക്ക്‌ അപവാദമാണ്‌ ഡോ. കുഞ്ഞാപ്പു എന്ന്‌ അദ്ദേഹത്തിന്റെ സാഹിത്യകൃതികള്‍ തെളിയിക്കുന്നു. ആശയവാദവും ഭൗതികവാദവും പോലെ സമാന്തര രേഖകളല്ല സാഹിത്യവും ശാസ്‌ത്രവും എന്ന്‌ ഒരു സാഹിത്യകാരന്റെയും ശാസ്‌ത്രത്തിന്റെയും ചുമതലകള്‍ സാക്ഷാത്‌ക്കരിച്ചു കൊണ്ട്‌ തെളിയിക്കുകയാണദ്ദേഹം. ഒരു ശാസ്‌ത്രജ്ഞന്റെ ആകാംക്ഷയോടെ സമൂഹത്തെ നിരീക്ഷിക്കുന്ന ഡോ. കുഞ്ഞാപ്പുവിന്‌ മറ്റുള്ളവര്‍ കാണാത്തത്‌ പലതും കാണാന്‍ സാധിക്കുന്നു. താന്‍ ആര്‍ജ്ജിച്ച വിശാലമായ അറിവിന്റെ അടിസ്ഥാനത്തില്‍ അവയെ അപഗ്രഥിച്ച്‌ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഡോ. കുഞ്ഞാപ്പുവിന്റെ പല സാഹിത്യ രചകളിലും, പ്രത്യേകിച്ച്‌ കവിതകളില്‍ ശാസ്‌ത്രത്തിന്റെ പരിസ്‌ഫുരണമുണ്ട്‌.

‘സ്‌ത്രീവിമോചന വീരചരിതവും, വിശ്വസാഹിത്യം വിരചിച്ച നായികമാരും, വിശ്വസാഹിത്യത്തിലെ നായികമാരും’ ഈ സമാഹാരത്തിലെ ആദ്യത്തെ ലേഖനമാണ്‌. ഇതില്‍ പെണ്ണെഴുത്തുകാര്‍ എന്ന്‌ പച്ച മലയാളം! അതില്‍ പുച്ഛത്തിന്റെ അംശമുണ്ടോ എന്ന്‌ ലേഖകന്റെ ചോദ്യം. സ്‌ത്രീയില്ലാത്ത ജീവിതം പുരുഷന്‌ നിറം മങ്ങിയ ഒരു നിശബ്ദ നിശ്ചല ചിത്രമാണെന്ന ലേഖകന്റെ അഭിപ്രായം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്‌ പാര്‍വ്വതി പരമേശ്വന്മാരെയാണ്‌. ശക്തിസ്വരൂപിണിയായി പാര്‍വ്വതിയുടെ സാന്നിദ്ധ്യമില്ലെങ്കില്‍ ശിവന്‌ സ്‌പന്ദിക്കാന്‍ കൂടി കഴിയുകയില്ല. ഊടും പാവും പോലെ ഇഴപിരിയാത്ത പാരസ്‌പര്യമാണ്‌ ശിവനും പാര്‍വ്വതിയും തമ്മില്‍ ഉള്ളത്‌. ഓരോ മനുഷ്യരിലും സ്രൈണവും പൗരുഷവുമായ അംശമുണ്ട്‌. അതിനെ പ്രതീകാത്മകമായി അര്‍ദ്ധനാരീശ്വരന്‍ എന്നു പറയുന്നു.

പുരുഷനില്ലാതെ സ്‌ത്രിയും സ്‌ത്രിയില്ലാതെ പുരുഷനും പൂര്‍ണ്ണമാകുന്നില്ല. പെണ്ണെഴുത്ത്‌ എന്ന്‌ വേര്‍തിരിക്കുമ്പോള്‍ ഇത്തരം പ്രകൃതി നിയമങ്ങളെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഭാവന എഴുത്തുകാരന്റെ ആയാലും എഴുത്തുകാരിയുടെ ആയാലും പുരുഷത്വമുള്ളതാണെന്ന്‌ പ്ലേറ്റോയും മറ്റും പറഞ്ഞു വച്ചിട്ടുണ്ട്‌. എഴുത്ത്‌ ഒരു സര്‍ഗ്ഗ പ്രക്രിയയാണ്‌. അതില്‍ ലിംഗഭേദം കല്പിച്ച്‌ പെണ്ണെഴുത്ത്‌ എന്ന്‌ പുച്ഛിക്കുമ്പോള്‍ സ്‌ത്രീയെ അടിമത്വത്തിന്റെ ചങ്ങലയില്‍ തളച്ചിടാന്‍ ശ്രമിക്കുകയാണ്‌. വിശ്വസാഹിത്യത്തില്‍ മികവുറ്റ സ്‌ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്‌ പുരുഷന്മാരാണെന്ന്‌ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ലേഖകന്‍ സാഹിത്യത്തിലെ പുരുഷമേധാവിത്വം ഉറപ്പിക്കുന്നു. സാഹിത്യമുള്‍പ്പെടെ പുരുഷന്മാര്‍ ആധിപത്യം സ്ഥാപിക്കുന്ന വിവിധ മേഖലകളിലേക്കുള്ള സ്‌ത്രീകളുടെ കുതിച്ചു കയറ്റവും ലേഖകന്‍ രേഖപ്പെടുത്തിയിട്ടിണ്ട്‌. അവരുടെ ആത്മവിശ്വാസത്തോടൊപ്പം സ്‌ത്രീസമത്വവാദവും ഉയര്‍ന്നു വരുന്നു. എന്നാല്‍ സമൂഹം സ്‌ത്രീക്ക്‌ ചില പെരുമാറ്റച്ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലക്ഷ്‌മണരേഖ എവിടെ വരക്കണമെന്ന്‌ സ്വയം തീരുമാനിക്കാനുള്ള വിവേകം സ്‌ത്രീകള്‍ക്കുണ്ടാകുന്ന പക്ഷം സ്‌ത്രീപീഡനം മുതല്‍ പല അനിഷ്ട സംഭവങ്ങളും ഒഴിവാക്കാന്‍ സാധിക്കും.

ആരാണ്‌ വിദ്യാധരന്‍? വിദ്യയെ അഭ്യസിക്കുന്നോര്‍ അവിദ്യാമന്ത്രമോതുമോ? ഗ്രന്ഥകര്‍ത്താവിന്റെ ചോദ്യങ്ങളാണിവ. വേദാന്ത ശാസ്‌ത്രത്തില്‍ വിദ്യയേയും അവിദ്യയേയും പറ്റി പരാമര്‍ശിക്കുന്നുണ്ട്‌. അത്‌ ആത്മബോധവുമായി ബന്ധപ്പെട്ടതാണ്‌. ആത്മതത്വ വിഷയം അവിടെ നില്‍ക്കട്ടെ. രചനകള്‍ക്ക്‌ കമന്റുകള്‍ എഴുതുന്ന കള്ളപ്പേരുകാരും അവരുടെ കമന്റുകള്‍ വായനക്കാരില്‍ എത്തിക്കുന്ന പത്രാധിപന്മാരും തന്മൂലം സമൂഹത്തില്‍ ഉണ്ടാകുന്ന അരാജകത്വവുമാണ്‌ ‘ആരാണ്‌ വിദ്യാധരന്‍’ എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്ന വിഷയം. കമന്റുകള്‍ എഴുതുന്ന വിദ്യാധരനെ പരിചയമില്ലാത്തതിനാല്‍ വിദ്യാധരനും കള്ളപ്പേരുകാരനാണൊ എന്ന്‌ വായനക്കാര്‍ സങ്കല്പിച്ചേക്കാം. ആ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം ന്യൂയോര്‍ക്കിലെ ഒരു എഴുത്തുകാരനെ ഒരു സാഹിത്യകാരി ഫോണില്‍ നിങ്ങളല്ലെ വിദ്യാധരന്‍ എന്ന്‌ ചോദിച്ച്‌ അദ്ദേഹത്തിന്‌ വിഷമമുണ്ടാക്കിയത്‌. വിദ്യാധരന്‍ കള്ളപ്പേരുകാരനായാലും അല്ലെങ്കിലും വിദ്യയെ ധരിക്കുന്നവന്‍ വിദ്യാധരന്‍ എന്ന നിര്‍വ്വചനത്തോട്‌ യോജിക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാവുകയില്ല. വിദ്യാധരന്‍ ആര്‍ജ്ജിച്ച വിദ്യ തന്റെ മനോഗതമനുസരിച്ച്‌ ഉപയോഗിക്കുന്നു, നിരന്തരമായി ഒരേ പേരില്‍ അഭിപ്രായങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. അണുശക്തി ലോകത്തിന്റെ പുരോഗതിക്കും സര്‍വ്വനാശത്തിനും ഉപയോഗിക്കാവുന്നതു പോലെയാണ്‌ വിദ്യയെ ഉപയോഗിക്കുന്നതും. തിരിച്ചും മറിച്ചും ഉപയോഗിക്കാം.

അരിസ്റ്റോട്ടിലിന്റെ NICOMACHEAN ETHICS ഉണ്ട്‌. അതില്‍ END JUSTIFIES THE MEANS – ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു എന്നു പറയുന്നു. മഹാഭാരത യുദ്ധത്തില്‍ കൃഷ്‌ണന്റെ എത്തിക്‌സും ഇതു തന്നെ. കള്ളപ്പേരില്‍ എഴുതുന്നവര്‍ക്ക്‌ എന്തെങ്കിലും എത്തിക്‌സ്‌ ഉണ്ടോ? അത്‌ ഇതിനോടകം വായനക്കാര്‍ക്ക്‌ മനസ്സിലായിക്കാണും. നാരദന്‍, ശകുനി, മാക്രി, മറത മുതലായ പേരുകളില്‍ ഇരുട്ടിന്റെ മറയില്‍ ഇരുന്നെന്ന പോലെ എഴുത്തുകാരുടെ നേരെ കല്ലെറിഞ്ഞ്‌ രസിക്കുന്ന സാഡിസ്റ്റുകളെ കൊണ്ട്‌ സാഹിത്യത്തിന്‌ എന്താണ്‌ ഗുണം. വിശ്വസാഹിത്യകാരന്മാരുടെ ഇടയില്‍ തൂലികാനാമത്തില്‍ എഴുതുന്നവരുണ്ടായിരുന്നു. അവര്‍ എഴുതുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ അവര്‍ ഒഴിഞ്ഞു മാറിയിരുന്നില്ല. ഉറൂബ്‌, വിലാസിനി തുടങ്ങിയ തൂലിക നാമങ്ങള്‍ നമുക്ക്‌ പരിചയമുണ്ട്‌. ഊമപ്പേരില്‍ എഴുതുന്നവര്‍ വിശ്വസാഹിത്യത്തിലെ തൂലികാനാമത്തില്‍ എഴുതുന്നവരോട്‌ അവരെ സ്വയം താരതമ്യപ്പെടുത്തുകയാണ്‌. അത്‌ ദയനീയവും വിഢിത്തവുമാണ്‌. യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാതെ ഊമപ്പേരില്‍ അവര്‍ക്ക്‌ പറയാനുള്ളത്‌ പറഞ്ഞ്‌ എഴുത്തുകാരെ വേദനിപ്പിച്ചിട്ട്‌ അവര്‍ അപ്രത്യക്ഷ്യരാകുന്നു. പത്രാധിപന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണിത്‌.

ഉപനിഷത്തിനെ കുറിച്ച്‌ ഈയ്യിടെ ഒരെഴുത്തുകാരന്‍ എഴുതിയതിനെ വിമര്‍ശിച്ച്‌ മാക്രി എന്നോ മറത എന്നോ ഉള്ള ഊമപ്പേരില്‍ എഴുതിയ കമന്റ്‌ വായിച്ചത്‌ ഓര്‍ക്കുന്നു. താഴ്‌ന്ന ജാതിക്കാര്‍ ഉപനിഷത്തിനെ കുറിച്ച്‌ എന്നാണ്‌ അറിഞ്ഞത്‌, അവര്‍ക്ക്‌ അതേ കുറിച്ച്‌ എഴുതാന്‍ എന്താണ്‌ അവകാശം എന്ന്‌ ചോദിച്ച്‌ സ്വയം സവര്‍ണ്ണനായി നടിച്ചുകൊണ്ട്‌ പരിചയമുള്ള എഴുത്തുകാരനെ അദ്ദേഹത്തിന്റെ ജാതിയുടെ പേരില്‍ അപഹസിച്ചു. എത്രയോ ദയനീയമായ സ്ഥിതി വിശേഷമാണ്‌ നമ്മള്‍ കാണുന്നത്‌. ഈ മാക്രി/ മറത ഏതു ജാതിക്കാരനാണ്‌ അല്ലെങ്കില്‍ ഏതു ജാതിക്കാരനായിരുന്നു എന്നാര്‍ക്കറിയാം.

യാതൊരു ധാര്‍മ്മിക മൂല്യങ്ങളുമില്ലാതെ തറപറ്റിപ്പോയ സംസ്‌കാരത്തില്‍ നിന്നുയരുന്ന ഊമക്കത്തു പ്രവണതയെ ലേഖകന്‍ നിശിതമായ വിമര്‍ശിക്കുന്നു. ‘ഊമക്കത്ത്‌ ഒരു ആയോധന മാര്‍ഗ്ഗമാക്കല്‍ ഉള്‍ക്കരുത്തില്ലായ്‌മയുടെ പ്രത്യക്ഷീകരണമാകുന്നു. ഊമകള്‍ പോലും അനുവര്‍ത്തിക്കേണ്ട ചടങ്ങല്ല അത്‌’. ഈ വിഷയത്തെ കുറിച്ച്‌ പേരില്ലാത്തവരുടെ വിലാപങ്ങള്‍ എന്ന പേരില്‍ ഈയ്യിടെ സുധീര്‍ പണിക്കവീട്ടില്‍ എഴുതിയ ലേഖനവും പ്രസക്തമാണ്‌. അധികൃതരുടെ പച്ചക്കൊടി കള്ളക്കച്ചവടക്കാര്‍ക്ക്‌ പ്രോത്സാഹനമാകുന്നതു പോലെ തരം താഴ്‌ന്ന കമന്റുകള്‍ എഴുതാന്‍ ഊമക്കത്തുകാര്‍ക്ക്‌ പ്രചോദനം ലഭിക്കുന്നത്‌ ഊമക്കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ പത്രാധിപന്മാര്‍ തയ്യാറാകുന്നതുകൊണ്ടാണ്‌. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ രചനകള്‍ക്ക്‌ ആത്മാര്‍ത്ഥമായ നിരുപണമായിരിക്കേണ്ട കമന്റുകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനുള്ള കരുവായിത്തിരുന്നു. ഇങ്ങനെ കള്ളപ്പേരില്‍ വരുന്ന പ്രതികരണങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്‌ പത്രത്തിന്റെ നിലവാരം താഴ്‌ത്തിക്കളയുമെന്ന്‌ നിഷ്‌പക്ഷമതികള്‍ക്ക്‌ മനസ്സിലാക്കാന്‍ സാധിക്കും. ലേഖകന്റെ ഭാഷയില്‍ പറഞ്ഞാല്‍ അത്തരം എഴുത്തുകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളെ പൊതുവെ മഞ്ഞപ്പത്രങ്ങളുടെ കൂട്ടത്തില്‍ കൂട്ടുന്നു. പത്രപ്രവര്‍ത്തനം പിള്ളേരു കളിയല്ല, പത്രപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തോട്‌ ചില ഉത്തരവാദിത്വങ്ങളുണ്ട്‌ എന്ന്‌ മനസ്സിലാക്കുന്ന ലേഖകന്‍ എന്താണ്‌ പത്രാധിപധര്‍മ്മമെന്ന്‌ `ആരാണ്‌ വിദ്യാധരന്‍’ എന്ന ലേഖനത്തില്‍ അക്കമിട്ട്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ശ്രദ്ധേയമാണ്‌.

സംഘടനകള്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായിത്തീര്‍ന്നിരിക്കുന്ന കാലമാണിത്‌. ആശയ സാദൃശ്യമുള്ളവര്‍ ഒത്തു ചേര്‍ന്നാണ്‌ സംഘടന രൂപികരിക്കുന്നതെങ്കിലും സമൂഹത്തിലെ സമസ്യകളെ നേരിടുമ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. മനുഷ്യാവസ്ഥയുടെ കെടുതികള്‍ അവതരിപ്പിച്ച്‌ അവയുടെ പരിഹാരത്തിനായുള്ള പ്രയാണത്തിനിടയില്‍ സംഘടനകളുടെ പിളര്‍ച്ചയെ പറ്റി ചിന്തിക്കുകയാണ്‌ ലേഖകന്‍ ‘സംഘടനകള്‍ വിഘടിക്കുന്നതെന്തു കൊണ്ട്‌’ എന്ന ലേഖനത്തില്‍. സംഘടനകളെ ശിഥിലീകരണത്തിലേക്ക്‌ നയിക്കുന്ന നിരവധി കാരണങ്ങള്‍ നിരത്തി വെച്ചുകൊണ്ട്‌ മനുഷ്യര്‍ സമൂഹത്തോട്‌ കടപ്പാടുള്ളവരാകേണ്ടതിന്റെ ആവശ്യകതക്ക്‌ അടിവരയിടുന്നു. സംഘടനകളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അനുരജ്ഞനത്തില്‍ എത്തി ഐക്യം നിലനിര്‍ത്താന്‍ സാധിക്കാതെ പിളരുന്നത്‌ ചില വ്യക്തികള്‍ പറയുന്നത്‌ മാത്രം ശരിയെന്നും അത്‌ മറ്റുള്ളവര്‍ അംഗീകരിക്കണമെന്നും ശഠിക്കുമ്പോഴാണ്‌. അവിടെ ഉയര്‍ന്നു നില്‍ക്കുന്നത്‌ ആധിപത്യ പ്രവണതയാണ്‌. എല്ലാ സഘടനകളേയും ഭരിക്കാനുള്ള ലക്ഷ്യത്തോടെ ജന്മമെടുക്കുന്ന ഫെഡറേഷനുകള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും കടുകസംഘടനകളെ പിന്നില്‍ നിര്‍ത്തി പുതിയ ഫെഡറേഷനുകള്‍ക്ക്‌ രൂപം കൊടുക്കുന്നതും ആധിപത്യ പ്രവണത തന്നെ.

ലോകമാനവികത ഉള്‍ഘോഷിച്ച ഒരു ദിവ്യാത്മാവിന്റെ പേരിലും ഫെഡറേഷന്‍ രൂപീകരിച്ച്‌ അംഗമല്ലാത്ത സംഘടനയെ പോലും അംഗത്വ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിക്കുന്നത്‌ ദാര്‍ഷ്ട്യത്തില്‍ നിന്നുണ്ടാകുന്ന വിവരക്കേടു മൂലമണ്‌. ഇതുപോലുള്ള അഹങ്കാരവും വിവരക്കേടും സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയേ ഉള്ളൂ. സെല്‍ വിഭജനം കൊണ്ട്‌ വളര്‍ച്ചയുണ്ടാകുന്നതു പോലെ സംഘടനകള്‍ പിളരുന്തോറും വളരുമെന്ന ചിന്തയുണ്ടാകുന്നത്‌ ഇവിടെ സാഹിത്യകാരന്‍ ഒരു ശാസ്‌ത്രജ്ഞനും കൂടിയായതു കൊണ്ടാകാം. എന്നാല്‍ ആധിപത്യ പ്രവണത ആദര്‍ശത്തെ കീഴടക്കുന്നിടത്തോളം കാലം സംഘടനകള്‍ ജനിക്കുകയും പിളരുകയും ചെയ്‌തു കൊണ്ടിരിക്കും. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നും അന്യമല്ല, പ്രകൃതിയുടെ ഭാഗമാണ്‌ എന്ന അദ്വൈത ചിന്തയെ ആസ്‌പദമാക്കിയുള്ള വീക്ഷണത്തിലൂടെ മാത്രമെ ആധിപത്യ പ്രവണതയില്‍ നിന്ന്‌ മനുഷ്യര്‍ വിമുക്തരാവുകയും സംഘടനകളൂടെ ശിഥിലീകരണത്തിന്‌ അന്ത്യം വരികയും ചെയ്യുകയുള്ളൂ.

സ്വാതന്ത്ര്യസമത്വസാഹോദര്യം നിറഞ്ഞു നില്‍ക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ ആരാണ്‌ ആഗ്രഹിക്കാത്തത്‌. സമൂഹം അങ്ങനെയായിരുന്നു എന്ന്‌ എല്ലാരും ഒന്നു പോലെ എന്ന്‌ പാടിപ്പുകഴ്‌ത്തുന്ന ഇതിഹാസത്തിലെ ചക്രവര്‍ത്തി മഹാബലിയുടെ കാലത്തെ പറ്റി കേട്ടിട്ടുണ്ട്‌. ഇന്നത്തെ ബ്രാഹ്മണ–ക്ഷത്രിയ വൈശ്യ–ശൂദ്ര വിവേചനത്തില്‍ ഈ സ്വാതന്ത്യസമത്വസാഹോദര്യത്തിന്റെ ലാഞ്ചനയെങ്കിലുമുണ്ടൊ?. ഏകത്വം ഉല്‍ഘോഷിക്കുന്ന ഈ മതത്തിലെ സമത്വസാഹോദര്യ സങ്കല്പം സ്‌ത്രീസമത്വവാദം പോലെ ഉടോപ്യന്‍ ചിന്തയുടെ ഉല്‍ഘോഷണമാണ്‌. `ദാനധര്‍മ്മാദികള്‍ ഒന്നാം ശീലമാക്കിയിട്ടും അവഗണനയുടെ ആഴത്തില്‍ ചവുട്ടി തഴ്‌ത്തപ്പെട്ട കര്‍ണ്ണന്റെ ഗതി പങ്കിട്ട മഹാബലിയുടെ വിധിവൈപരീത്യം അനുഭവിക്കാന്‍ വരും തലമുറയെ നാം അനുവദിക്കുമോ?’ ഗ്രന്ഥകാരന്റെ മറ്റൊരു ചോദ്യം. കര്‍ണ്ണനും മഹാബലിയും അനുഭവിച്ചത്‌ അവരുടെ കര്‍മ്മഫലമാണ്‌. മഹാബലിയുടെ നന്മയിലും ആത്മസമര്‍പ്പണത്തിലും സന്തുഷ്ടനായ മഹാവിഷ്‌ണു മഹാബലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുകയല്ല ചെയ്‌തത്‌, അനുഗ്രഹിച്ച്‌ മോക്ഷപദത്തിലേക്ക്‌ ഉയര്‍ത്തുകയാണ്‌ ചെയ്‌തത്‌ എന്ന്‌ സ്‌ക്രിപ്‌ച്ചേഴ്സ്‌ പറയുന്നു. എന്നാല്‍ മനസ്സില്‍ പതിഞ്ഞുപോയ വിശ്വാസങ്ങള്‍ക്ക്‌ മാറ്റം വരുത്താന്‍ അത്ര എളുപ്പമല്ല എന്നതിന്‌ ഉദാഹരണമാണ്‌ മഹാബലിക്കഥ. അച്യുത, ദുഷ്ടബുദ്ധിയായ ദുര്യോധനന്റെ പ്രീതിക്കു വേണ്ടി യുദ്ധം ചെയ്യാന്‍ ഇച്ഛയോടുകൂടി യുദ്ധക്കളത്തില്‍ വന്നിരിക്കുന്നവരെ ഞാന്‍ നല്ലവണ്ണം നോക്കിക്കണ്ടറിയുന്നതുവരെ രണ്ടു സൈന്യങ്ങളുടേയും ഇടക്ക്‌ രഥം നിര്‍ത്തിയാലും എന്ന്‌ അര്‍ജ്ജുനന്‍ പറയുന്നു. ദുഷ്‌ടബുദ്ധികളായ ആ ധാര്‍ത്തരാഷ്ട്രന്മാരുടെ മുന്‍ നിരയില്‍ കര്‍ണ്ണനുമുണ്ടായിരുന്നു. കര്‍ണ്ണന്റെ വിധിയുടെ ന്യായീകരണം കൃഷ്‌ണന്റെ എത്തിക്‌സിലുണ്ട്‌. മരണശേഷം ഉടോപ്യയ സ്വപ്‌നം കാണുന്ന മതസങ്കല്പവും മറ്റും ചൂണ്ടിക്കാണിക്കുകയാണ്‌ ഉടോപ്യയയുടെ ഊടു വഴികള്‍ എന്ന ലേഖനത്തില്‍. ഉടോപ്യന്‍ ചിന്തകളെ താലോലിച്ച്‌ സ്വപ്‌നലോകത്തില്‍ വിഹരിക്കുന്നവര്‍ അവശ്യം വായിച്ചിരിക്കേണ്ട ലേഖനം.

ആദ്യകാലത്ത്‌ ചലച്ചിത്ര രംഗത്ത്‌ വന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ ജീവിതം തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിച്ച്‌ അധഃപതനത്തിന്റെ വക്കില്‍ എത്തിയ ഒരു നടനെ അവതരിപ്പിച്ചു കൊണ്ട്‌ കാലത്തിനൊപ്പം മാറിയില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെ പറ്റി ഓര്‍മ്മപ്പെടുത്തുകയാണ്‌ ലേഖകന്‍ സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക്‌ വെളിച്ചം വീശുന്ന ഹ്യൂഗോയും, ദി ആര്‍ട്ടിസ്റ്റും: സിനിമാചരിത്രം പ്രതിഫലിക്കുന്ന രണ്ടു ചലച്ചിച്ചിത്രങ്ങള്‍ എന്ന ലേഖനത്തില്‍. രവിശങ്കറിന്റെ സിത്താറിന്റെ മധുരനാദത്തിന്റെ ആന്ദോളനത്തില്‍ നിര്‍ഗ്ഗളിക്കുന്ന ആഭോഗി രാഗവും ഇരയിമ്മന്‍ തമ്പിയുടെ ഓമനത്തിങ്കള്‍ കിടാവും ബോംബെ ജയശ്രീയുടെ സംഗീത കച്ചേരിയും കേള്‍ക്കുന്ന പ്രതീതി ജനിപ്പിക്കുന്ന ഹിന്ദുസ്ഥാനി–കര്‍ണ്ണാടിക്‌ സംഗീതത്തിന്റെ ഉമ്മറത്തേക്ക്‌ വായനക്കരെ കൂട്ടി കൊണ്ടുപോകുന്ന ലേഖനങ്ങള്‍ ഈ സമാഹാരത്തിന്റെ സവിശേഷതയാണ്‌. ലളിതവും ആസ്വാദ്യകരവുമായ ശൈലിയിലൂടെ വായനക്കാരെ ആകര്‍ഷിക്കുന്ന മുട്ടത്തു വര്‍ക്കിയും മധുരോദരമായ ഭാവഗീതങ്ങളിലുടെ സഹൃദയരുടെ മനം കുളിര്‍പ്പിക്കുന്ന ചങ്ങമ്പുഴയും പ്രഭാഷണത്തിന്‌ പുതിയ മാനം നല്‍കിയ സുകുമാര്‍ അഴിക്കോടും ഇവിടെ വിരാജിക്കുന്നുണ്ട്‌.

വിജ്ഞാനപ്രദവും ചിന്തോദ്ദീപകവുമായ ലേഖനങ്ങളുടെ ഈ സമാഹാരം മലയാള സാഹിത്യത്തിന്‌ സമ്മാനിച്ച ലേഖകന്‌ അഭിനന്ദനങ്ങള്‍.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment